Connect with us

Kozhikode

മരിച്ചതായി കാണിച്ച് സത്യവാങ്ങ്മൂലം നല്‍കി: 'പരേതന്‍' ജീവിച്ചിരിപ്പുണ്ടെന്ന് പോലീസ് കണ്ടെത്തി

Published

|

Last Updated

താമരശ്ശേരി: വ്യാജ സീലുകള്‍ ഉപയോഗിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ച കേസില്‍ റിമാന്‍ഡിലായ പ്രതി മരിച്ചതായി കാണിച്ച് ഭാര്യ കോടതിയില്‍ സത്യവാങ്ങ്മൂലം നല്‍കി. കോടതിയുടെ നിര്‍ദേശപ്രകാരം പോലീസ് നടത്തിയ അന്വേഷണത്തില്‍ “പരേതന്‍” ജീവിച്ചിരിപ്പുണ്ടെന്നും കണ്ടെത്തി. പുതുപ്പാടി ഈങ്ങാപ്പുഴ ഏലോക്കര മുക്കട വീട്ടില്‍ റശീദ്(56) മരിച്ചതായി കാണിച്ച് ഭാര്യ ജമീല(36)യാണ് താമരശ്ശേരി കോടതിയില്‍ മരണ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിരുന്നത്.
ആറ് വ്യാജസീലുകളുമായി കഴിഞ്ഞ ഫെബ്രുവരി പന്ത്രണ്ടിനാണ് റശീദിനെ താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. വ്യാജ സീലുകള്‍ ഉപയോഗിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ച് നല്‍കുന്നതായും റേഷന്‍ കാര്‍ഡില്‍ വ്യാജ ബി പി എല്‍ സീല്‍ പതിക്കുന്നതായുമുള്ള വിവരത്തെ തുടര്‍ന്ന് റഷീദിന്റെ വീട്ടില്‍ പോലീസ് പരിശോധന നടത്തുകയായിരുന്നു.
താലൂക്ക് സപ്ലൈ ഓഫീസറുടെ ഉള്‍പ്പെടെയുള്ള സീലുകളാണ് അന്ന് പിടിച്ചെടുത്തത്. ഒരു വര്‍ഷത്തിലേറെയായി റേഷന്‍ കാര്‍ഡ് ആവശ്യമുള്ളവര്‍ക്ക് വ്യാജ ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച് നല്‍കാറുണ്ടെന്ന് റശീദ് മൊഴി നല്‍കിയിരുന്നു. നിരവധി എ പി എല്‍ റേഷന്‍ കാര്‍ഡുകളില്‍ ഇയാള്‍ വ്യാജ ബി പി എല്‍ സീലും പതിച്ച് നല്‍കിയിരുന്നു. റിമാന്‍ഡിലായ റഷീദ് പിന്നീട് ജാമ്യത്തില്‍ ഇറങ്ങി. ഇതിനിടെ കേസില്‍നിന്നും ഒഴിവാക്കാനായി റശീദ് മരിച്ചതായി കാണിച്ച് ഭാര്യ ജമീല താമരശ്ശേരി കോടതിയില്‍ സത്യവാങ്ങ്മൂലം സമര്‍പ്പിക്കുകയായിരുന്നു. ഇതിന്നായി താമരശ്ശേരി ഗ്രാമപഞ്ചായത്തില്‍ നിന്നുള്ള മരണ സര്‍ട്ടിഫിക്കറ്റും ഹാജരാക്കി. സംശയം തോന്നിയ കോടതി സംഭവം അന്വേഷിക്കാന്‍ താമരശ്ശേരി പോലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു. കോടതിയില്‍ ഹാജറാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.