Connect with us

Eranakulam

ഹാള്‍ ടിക്കറ്റില്‍ പരീക്ഷാ കേന്ദ്രം തെറ്റി; വീണ്ടും പരീക്ഷ വേണമെന്ന്

Published

|

Last Updated

കൊച്ചി: ഹാള്‍ ടിക്കറ്റില്‍ പരീക്ഷാ കേന്ദ്രത്തിന്റെ പേര് ശരിയായി രേഖപ്പെടുത്താതിരുന്നതിനെത്തുടര്‍ന്ന് സംസ്ഥാനതല നാഷനല്‍ ടാലന്റ് സെര്‍ച്ച് പരീക്ഷ എഴുതാന്‍ കഴിയാതെപോയ വിദ്യാര്‍ഥിക്കായി വീണ്ടും പരീക്ഷ നടത്താന്‍ എസ് സി ഇ ആര്‍ ടി ഡയറക്റ്റര്‍ക്ക് സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ നിര്‍ദേശം നല്‍കി. 15 ദിവസത്തിനുളളില്‍ വീണ്ടും പരീക്ഷ നടത്താനാണ് കമ്മീഷന്‍ ആക്റ്റിംഗ് ചെയര്‍മാന്‍ നസീര്‍ ചാലിയം, അംഗം ശ്രീമതി മീന സി യു എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
എറണാകുളം ജില്ലയിലെ അങ്കമാലി സ്വദേശി ധര്‍വീഷ് രാജാണ് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. ഹാള്‍ ടിക്കറ്റില്‍ പരീക്ഷാകേന്ദ്രമായി നല്‍കിയിരുന്നത് ഗവണ്‍മെന്റ് ജി എച്ച് എസ്, കളമശ്ശേരി എന്നായിരുന്നു. പരാതിക്കാരന്‍ പരീക്ഷാദിവസം കളമശ്ശേരിയിലെത്തി സ്‌കൂള്‍ അന്വേഷിച്ചെങ്കിലും ആ പേരില്‍ ഒരു സ്‌കൂള്‍ കണ്ടെത്താനായില്ല. ഒടുവില്‍ പരീക്ഷാകേന്ദ്രമായ കളമശ്ശേരി ജി വി എച്ച് എസ്സ് എസ്സില്‍ എത്തിയപ്പോള്‍ വൈകിയതിനാല്‍ പരീക്ഷയെഴുതാനും കഴിഞ്ഞില്ലെന്നായിരുന്നു പരാതി. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടി 20 ദിവസത്തിനുളളില്‍ അറിയിക്കാനും കമ്മീഷന്‍ എസ് സി ഇ ആര്‍ റ്റി ഡയറക്റ്ററോട് ആവശ്യപ്പെട്ടിട്ടുണ്ട്.