Connect with us

National

ലാഹോര്‍- ഡല്‍ഹി ബസിന് ഭീകരാക്രമണ ഭീഷണി

Published

|

Last Updated

ന്യൂഡല്‍ഹി: ലാഹോര്‍- ഡല്‍ഹി “ദോസ്തി” ബസിന് ഭീകരാക്രമണ ഭീഷണിയെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍. ഇക്കാര്യം പാക്കിസ്ഥാനുമായി പങ്ക് വെച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് വാഗ അതിര്‍ത്തി വരെ മാത്രമാണ് ബസ് സര്‍വീസ് നടത്തുകയെന്ന് പാക്കിസ്ഥാന്‍ ടൂറിസം ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ അറിയിച്ചു.
ബസിന് നേരെ പാക്കിസ്ഥാനില്‍ വെച്ച് ചാവേര്‍ ആക്രമണം നടത്താനാണ് ഭീകരവാദ സംഘടനകളുടെ ലക്ഷ്യമെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നു. വാഗയിലെ സബ് ഓഫീസിന് കീഴിലുള്ള എല്ലാ ബസ് സര്‍വീസുകളും പി ടി ഡി സി മാറ്റിയിട്ടുണ്ട്. വാഗയില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്കും പഞ്ചാബിലേക്കുമുള്ള യാത്രക്കാര്‍ വാഗയില്‍ നിന്ന് വേറെ ബസില്‍ കയറണം. തുടര്‍ച്ചയായി ഉണ്ടാകുന്ന ഭീകരാക്രമണ ഭീഷണികളെ തുടര്‍ന്നാണ് നടപടിയെന്നും പി ടി ഡി സി വൃത്തങ്ങള്‍ അറിയിച്ചു.
വാഗയില്‍ നിന്ന് ലാഹോറിലെ ഗല്‍ബര്‍ഗിലേക്കും നങ്കാന സാഹിബിലേക്കുമുള്ള ബസുകള്‍ക്ക് നേരത്തെ പതിവായി പോലീസ് സുരക്ഷ നല്‍കാറുണ്ടായിരുന്നു. ഇരു സ്ഥലങ്ങളില്‍ നിന്ന് വാഗയിലേക്കുള്ള ദോസ്തി ബസിനും പോലീസ് സംരക്ഷണം ഉണ്ടായിരുന്നു. ബസ് സര്‍വീസ് അതിര്‍ത്തി വരെയാക്കിയത് യാത്രക്കാരെ ബുദ്ധിമുട്ടിക്കുമെങ്കിലും സുരക്ഷയേര്‍പ്പെടുത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പാക് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ക്രമസമാധാന നില പുനരവലോകനം ചെയ്ത് ഗുല്‍ബര്‍ഗ്, നങ്കാന സാഹിബ് ബസ് ടെര്‍മിനലുകള്‍ പുനഃസംഘടിപ്പിക്കുന്നത് സര്‍ക്കാര്‍ പരിഗണനയിലുണ്ട്. ഇരുരാഷ്ട്രങ്ങളിലെയും ജനങ്ങള്‍ പരസ്പരം അടുത്ത ബന്ധമുണ്ടാകുന്നതിന് ലക്ഷ്യമിട്ട് 1999 മാര്‍ച്ച് 16നാണ് ഇരുരാഷ്ട്രങ്ങള്‍ക്കുമിടയില്‍ ദോസ്തി ബസ് സര്‍വീസ് ആരംഭിച്ചത്. കഴിഞ്ഞ മാസം 16ന് പെഷവാറിലെ സ്‌കൂളിലുണ്ടായ ഭീക്രരാക്രമണത്തില്‍ നൂറുകണക്കിന് കുട്ടികള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് പാക് സര്‍ക്കാര്‍ സുരക്ഷ ശക്തമാക്കുകയും തീവ്രവാദ സംഘടനകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. തങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിനാല്‍ പ്രതികാരദാഹത്തിലാണ് പാക്കിസ്ഥാനിലെ ഭീകര സംഘടനകള്‍. അതിനാല്‍ തന്നെ പാക്കിസ്ഥാന്‍ ഭീകരാക്രമണ ഭീഷണിയിലുമാണ്.