Connect with us

National

ബിയാന്ത് സിംഗ് വധക്കേസ് പ്രതി പത്ത് വര്‍ഷത്തിനു ശേഷം പിടിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി: പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ബിയാന്ത് സിംഗിന്റെ ഘാതകന്‍ ജഗ്താര്‍ സിംഗ് “താര”യെ പത്ത് വര്‍ഷത്തിനു ശേഷം തായ്‌ലാന്‍ഡില്‍ നിന്ന് അറസ്റ്റ് ചെയ്തു. താരയുടെ നീക്കങ്ങള്‍ സംബന്ധിച്ച് പഞ്ചാബ് പോലീസ് നല്‍കിയ വിവരങ്ങള്‍ അനുസരിച്ച് തിങ്കളാഴ്ച തായ് അധികൃതരാണ് അറസ്റ്റ് ചെയ്തത്. പാക് ചാരസംഘടനയായ ഐ എസ് ഐയുടെ നിര്‍ദേശമനുസരിച്ച് താരക്ക് രഹസ്യതാവളമൊരുക്കിയ ആളുടെ വസതിയില്‍ നിന്നാണ് സിഖ് തീവ്രവാദിയായ താരയെ പിടികൂടിയത്.
മുഖ്യമന്ത്രിയായിരിക്കെ ബിയാന്ത് സിംഗിനെ 1995 ആഗസ്റ്റ് 31നാണ് പഞ്ചാബ് സെക്രട്ടേറിയറ്റിന് മുന്നില്‍ വെച്ച് മനുഷ്യബോംബ് ഉപയോഗിച്ച് വധിച്ചത്. ഈ കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരനാണ് ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സിന്റെ “കമാന്‍ഡര്‍” എന്ന് സ്വയം വിശേഷിപ്പിക്കുന്ന താര.
കേസില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ ചണ്ഡീഗഢിലെ അതീവ സുരക്ഷാ സംവിധാനങ്ങളുള്ള ബുറൈല്‍ ജയിലില്‍ നിന്നാണ് താരയും മറ്റ് മൂന്ന് പ്രതികളും നൂറ് അടി നീളത്തില്‍ തുരങ്കമുണ്ടാക്കി രക്ഷപ്പെട്ടത്. ജയില്‍ ചാടിയ പ്രതികളായ പരംജീത് സിംഗ് ബെഹ്‌റ, ജഗ്താര്‍ സിംഗ് ഹവാര എന്നിവരെ പിന്നീട് നേപ്പാളില്‍ നിന്ന് പിടികൂടി. പാക്കിസ്ഥാനി പാസ്‌പോര്‍ട്ട് സംഘടിപ്പിച്ച് തായ്‌ലാന്‍ഡ് കേന്ദ്രമാക്കി പ്രവര്‍ത്തിച്ച് വരുന്നതിനിടെയാണ് താര പിടിയിലാകുന്നത്.