Connect with us

National

ഭൂമിയേറ്റെടുക്കല്‍ ഓര്‍ഡിനന്‍സിനെതിരെ എ എ പി രാജ്യവ്യാപക പ്രക്ഷോഭത്തിന്‌

Published

|

Last Updated

ന്യൂഡല്‍ഹി: അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്മി പാര്‍ട്ടി രാജ്യവ്യാപകമായി പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഭൂമിയേറ്റെടുക്കല്‍ നിയമത്തിലെ പുനരധിവാസം, നഷ്ടപരിഹാരം, സുതാര്യത തുടങ്ങിയവ ഭേദഗതി ചെയ്ത് കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയതില്‍ പ്രതിഷേധിച്ചാണ് പ്രക്ഷോഭത്തിനിറങ്ങുന്നത്. ഓര്‍ഡിനന്‍സിനെ എതിര്‍ത്തു രാജ്യത്തെ 200 ജില്ലകളില്‍ നിന്ന് ശേഖരിച്ച നിവേദനം പാര്‍ട്ടിയുടെ ദേശീയ നേതൃത്വം ജില്ലാ കലക്ടര്‍മാര്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം കെജ്‌രിവാള്‍ ഡല്‍ഹിയിലെ ചത്തര്‍പൂറില്‍ “വില്ലേജ് ഡയലോഗ്” എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചരുന്നു. പുതിയ ഓര്‍ഡിനന്‍സ് ഡല്‍ഹിയിലെ ഗ്രാമങ്ങളില്‍ താമസിക്കുന്ന 20 മുതല്‍ 25 ലക്ഷം വരെ ആളുകളെ ബാധിക്കുമെന്നും കെജ്‌രിവാള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പിറ്റേന്ന് എ എ പിയുടെ നേതൃത്വത്തില്‍ ഹരിയാന, രാജസ്ഥാന്‍, ഗോവ, ഗുജറാത്ത്, തമിഴ്‌നാട്, കേരളം, തെലങ്കാന, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ സമാന പരിപാടികള്‍ നടന്നു. ജനുപരി ഏഴിന് പഞ്ചാബിലും പിന്നീട് ആന്ധ്രാ പ്രദേശിലും ഓര്‍ഡിനന്‍സിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പാര്‍ട്ടി നേതാവ് കെജ്‌രിവാള്‍ അറിയിച്ചു.
“ബി ജെ പി കര്‍ഷകരെ വഞ്ചിച്ചിരിക്കുകയാണ്. ഈ നടപടിയിലൂടെ സ്വകാര്യ സ്‌കൂളുകള്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ ഉയര്‍ന്ന് വരും. ഏഴോളം ജില്ലാ കലക്ടര്‍മാര്‍ക്ക് നിവേദനം നല്‍കി. കര്‍ഷകരോടൊത്ത് ഓര്‍ഡിനന്‍സ് ചര്‍ച്ച ചെയ്യാന്‍ ഗ്രാമങ്ങളില്‍ പ്രത്യേക സംഘത്തെ രൂപവത്കരിച്ചിട്ടുണ്ട്. ഹരിയാനയിലെ എ എ പി സെക്രട്ടറി പരംജീത്ത് പറഞ്ഞു.
മധ്യപ്രദേശിലെ 51 ജില്ലകളില്‍ മുപ്പത്തിയഞ്ചിലും ആം ആദ്മി പാര്‍ട്ടി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു. ക്വാന ജില്ലയില്‍ നൂറോളം പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലീസ് കസ്റ്റഡിയിലാണെന്നും മധ്യപ്രദേശിലെ പാര്‍ട്ടി കണ്‍വീനര്‍ അലോഗ് അഗര്‍വാള്‍ പറഞ്ഞു.
ഏറ്റെടുത്ത ഭൂമിക്ക് പകരമായി നഷ്ട പരിഹാരം നല്‍കിയില്ലെങ്കിലോ അഞ്ച് വര്‍ഷത്തിന് ശേഷവും ഭൂമിയേറ്റെടുക്കല്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കിലോ ഭൂമി ഭൂവുടമക്കുതന്നെ തിരിച്ചു നല്‍കണമെന്നും എ എ പി സ്റ്റേറ്റ് കമ്മിറ്റി അംഗം കിരണ്‍ വിസ്സ പറഞ്ഞു. 2007 മുതല്‍ ആന്ധ്രയിലെ 200 പ്രത്യേക സാമ്പത്തിക മേഖലകളില്‍ സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തിട്ടും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല. പുതിയ സംസ്ഥാന നിര്‍മാണത്തിനായി ആന്ധ്ര സര്‍ക്കാര്‍ 7000 ചതുരശ്ര കിലോമീറ്റര്‍ ഭൂമി ഏറ്റെടുത്തിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാറിന്റെ പുതിയ ഓര്‍ഡിന്‍സോടെ ആന്ധ്രയിലെ ജനങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നും കിരണ്‍ വിസ്സ കൂട്ടിച്ചേര്‍ത്തു. ജനവിരുദ്ധമായ ഈ നിയമത്തെ എതിര്‍ത്ത് തോല്‍പ്പിക്കാന്‍ ജനാധിപത്യ സ്‌നേഹികളും കര്‍ഷകരെ സംരക്ഷിക്കുന്നവരും രംഗത്തുവരമമെനന് പാര്‍ട്ടി നേതാവ് യോഗേന്ദ്ര യാദവ് ആവശ്യപ്പെട്ടു. എന്നാല്‍ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും അവരുടെ താത്പര്യങ്ങള്‍ സംരകഷിക്കുമെന്നും ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പ്രസ്താവനയില്‍ പറഞ്ഞു. ലോക്‌സഭയില്‍ ബില്‍ കൊണ്ടുവരാന്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്.

---- facebook comment plugin here -----

Latest