Connect with us

International

നേപ്പാളില്‍ സ്ത്രീകള്‍ക്കായി പ്രത്യേക ബസുകള്‍

Published

|

Last Updated

കാഠ്മണ്ഡു: ലൈംഗിക അത്രിക്രമങ്ങളില്‍ നിന്ന് സ്ത്രീകളെ സംരക്ഷിക്കാന്‍ ലക്ഷ്യം വെച്ച് നേപ്പാളില്‍ വിമന്‍ ഓണ്‍ലി മിനി ബസുകള്‍ നിരത്തിലിറക്കി. വിമന്‍ ഓണ്‍ലി എന്ന വലിയ ബോര്‍ഡുകള്‍ സ്ഥാപിച്ച 17 സീറ്റുകളുള്ള നാല് ബസുകളാണ് ഇപ്പോള്‍ സര്‍ക്കാര്‍ നിരത്തിലിറക്കിയിരിക്കുന്നത്. വളരെയേറെ തിരക്കുള്ള രാവിലെയും വൈകുന്നേരവും ആണ് ഈ ബസുകള്‍ സര്‍വീസ് നടത്തുകയെന്ന് ബസ് സര്‍വീസ് ആരംഭിച്ച ബാഗ്മതി ഫെഡറേഷന്‍ ട്രാന്‍സ്‌പോര്‍ട്ട് യൂനിയന്‍ പ്രസിഡന്റ് ഭാരത് നേപ്പാള്‍ പറഞ്ഞു.
ബസുകളില്‍ സ്ത്രീകള്‍ നേരിടുന്ന ലൈംഗിക അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്. പ്രത്യേകിച്ചും വളരെയേറെ തിരക്കുള്ള സമയങ്ങളില്‍ ഇത് സാധാരണമായിരിക്കുന്നു. സ്ത്രീ യാത്രികരുടെ യാത്ര സുരക്ഷിതമാക്കാനുള്ള ചെറിയൊരു ശ്രമമാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇപ്പോള്‍ ഒരു ബസില്‍ മാത്രമേ വനിതാ കണ്ടക്ടര്‍ ഉള്ളൂവെന്നും ഭാവിയില്‍ മുഴുവന്‍ ജോലിക്കാരും സ്ത്രീകളായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേപ്പാളിലെ പൊതുവാഹനങ്ങളില്‍ 19നും 35നും ഇടയിലുള്ള സ്ത്രീ യാത്രക്കാരില്‍ 26 ശതമാനവും പീഡനങ്ങള്‍ക്ക് ഇരയാകുന്നതായി വേള്‍ഡ് ബേങ്ക് സര്‍വേ കണ്ടെത്തിയിരുന്നു.