Connect with us

Gulf

റാക് ഖലീഫ ആശുപത്രിയുടെ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്തു

Published

|

Last Updated

റാസല്‍ ഖൈമ: ഖലീഫ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ രണ്ടാം ഘട്ടം പ്രവര്‍ത്തനമാരംഭിച്ചു. യു എ ഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ പേരില്‍ സ്ഥാപിതമായ ആശുപത്രി എമിറേറ്റിലെ ഏറ്റവും വലിയ ആശുപത്രികളിലൊന്നാണ്.
ഏറ്റവും ആധുനികമായ സര്‍ജറി സൗകര്യങ്ങളും ചികിത്സാ സംവിധാനങ്ങള്‍ക്കും പുറമെ ആശുപത്രി മാനേജ്‌മെന്റില്‍ സ്വദേശികള്‍ക്ക് പ്രത്യേക പരിശീലനവും ഇവിടെ നല്‍കിവരുന്നുണ്ട്. നോര്‍തേണ്‍ എമിറേറ്റുകളിലുള്ള രോഗികള്‍ക്ക് മാത്രമല്ല രാജ്യത്തിന്റെ മുഴുവന്‍ ഭാഗങ്ങളില്‍ നിന്നുമുള്ള രോഗികളെ ഖലീഫ ആശുപത്രിയില്‍ പരിചരിക്കുന്നുണ്ടെന്ന് ആശുപത്രി എക്‌സിക്യട്ടീവ് ഡയറക്ടര്‍ ഡോ. മ്യൂംഗ് ഹൂന്‍ സോംഗ് വ്യക്തമാക്കി.
പുതിയതായി പ്രവര്‍ത്തനമാരംഭിച്ച ആശുപത്രിയുടെ രണ്ടാം ഘട്ടത്തില്‍ 248 കട്ടിലുകളുണ്ടാകും. മേജര്‍ സര്‍ജറികള്‍ക്കുള്ള 10 ഓപ്പറേഷന്‍ തിയറ്ററുകളും ഇതിലുണ്ടാകും. ക്യാന്‍സര്‍ രോഗികളെ ചികിത്സിക്കാനുള്ള പ്രത്യേക വിഭാഗവും ഹൃദയ ശസ്ത്രക്രിയക്കുള്ള വിപുലമായ സൗകര്യങ്ങളും പുതിയതായി പ്രവര്‍ത്തനമാരംഭിച്ച രണ്ടാം ഘട്ടത്തിലുണ്ട്. തലച്ചോറിന്റെ ശസ്ത്രക്രിയകള്‍ക്കുള്ള പ്രത്യേകം തിയറ്ററും ആശുപത്രിയില്‍ പ്രവര്‍ത്തന സജ്ജമാണ്. 640 കാറുകള്‍ പാര്‍ക്ക് ചെയ്യാവുന്ന വിശാലമായ സൗകര്യത്തിന് പുറമെ അത്യാഹിത സാഹചര്യങ്ങളില്‍ വ്യോമമാര്‍ഗം രോഗികളെ എത്തിക്കുന്നതിന് ഹെലിപ്പാഡ് സൗകര്യവും ഇവിടെയുണ്ട്.
എമിറേറ്റ്‌സ് റോഡില്‍ റാസല്‍ ഖൈമ നഗരത്തിനോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന ആശുപത്രിയുടെ നടത്തിപ്പ് സൗത് കൊറിയയിലെ സിയോള്‍ നാഷനല്‍ യൂണിവേഴ്‌സിറ്റിക്കാണ്.

---- facebook comment plugin here -----