Connect with us

Kozhikode

യുവാക്കളുടെ കൂട്ടായ്മയില്‍ ഫുട്‌ബോള്‍ മൈതാനമൊരുങ്ങുന്നു

Published

|

Last Updated

കൊടുവള്ളി: സെവന്‍സ് ഫുട്‌ബോള്‍ മേളക്ക് കേളികേട്ട മടവൂര്‍ പഞ്ചായത്തിലെ ആരാമ്പ്രത്ത് യുവാക്കളുടെ കൂട്ടായ്മയില്‍ ഫുട്‌ബോള്‍ മൈതാനമൊരുങ്ങുന്നു. എന്‍ എച്ച് 212 ന് സമീപം പടനിലം പാലത്തിന് തൊട്ടുതാഴെ 75 മീറ്റര്‍ നീളത്തിലും 35 മീറ്റര്‍ വീതിയിലുമാണ് പുഴയോരത്ത് 60 സെന്റിലധികം വരുന്ന പുറമ്പോക്ക് ഭൂമിയിലാണ് മൈതാനം ഒരുക്കുന്നത്. സമീപത്തെ സ്ഥല ഉടമകളായ എം കെ അബുഹാജി, പി പി ഇസ്മാഈല്‍, വി അബ്ദുല്ലത്വീഫ് തുടങ്ങിയവര്‍ ആവശ്യമായ ഭൂമി വിട്ടുനല്‍കിയിട്ടുണ്ട്. വാഹന ഗതാഗതസൗകര്യമുള്ള സ്ഥലത്തേക്ക് ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ കീഴില്‍ റിവര്‍ മാനേജ്‌മെന്റ് ഫണ്ട് ലഭിക്കുന്ന പക്ഷം ഗ്യാലറിയോടുകൂടിയ മനോഹരമായ സ്റ്റേഡിയം പണിയാന്‍ സഹായകമാകും. പ്രാരംഭപ്രവര്‍ത്തനത്തിനുള്ള അര ലക്ഷത്തോളം രൂപ യുവാക്കളുടെ കൂട്ടായ്മ നാട്ടുകാരില്‍ നിന്നും സ്വരൂപിച്ചതാണ്.
പഴയകാലത്ത് വിളവെടുത്ത വയലുകളിലും പൂനൂര്‍ പുഴയോരത്തെ മണല്‍ തിട്ടകളിലുമായിരുന്ന ഫുട്‌ബോള്‍ മേളകള്‍ സംഘടിപ്പിച്ചിരുന്നത്. വയലുകള്‍ നികത്തി കെട്ടിടങ്ങള്‍ ഉയര്‍ന്നതിനാലും മണല്‍വാരല്‍ കാരണം പ്രകൃതിരമണീയമായ മണല്‍ത്തിട്ടകള്‍ നശിച്ച് പുഴകള്‍ വികൃതമായതിനാലും ഫുട്‌ബോള്‍ കളിക്കുള്ള അവസരങ്ങള്‍ നഷ്ടപ്പെടുകയായിരുന്നു.
മലബാറിലെ പേരുകേട്ട സെവന്‍സ് ഫുട്‌ബോള്‍ ടീമുകളിലൊന്നായി അറിയപ്പെട്ടിരുന്ന “ടോര്‍പ്പഡോസ് ആരാമ്പ്രം” പരിശീലനത്തിനാവശ്യമായ ഗ്രൗണ്ടില്ലാത്തതിനാല്‍ പിന്‍മുറക്കാരില്ലാത്ത അവസ്ഥയിലാണ്.

Latest