Connect with us

Malappuram

താളമായ്... മേളമായ്...

Published

|

Last Updated

കോട്ടക്കല്‍: അറബന മുട്ടിന്റെ താളം… ബൈത്തുകളുടെ ഈണം… മാപ്പിളപ്പാട്ടിന്‍ സ്വരമാധുരി… മേളപ്പെരുക്കവുമായി കഥകളി സംഗീതവും… കൗമാരകലാവിരുന്നിന്റെ രണ്ടാം നാള്‍ താളമേളങ്ങളാല്‍ സമ്പന്നം. മുഖ്യവേദിയില്‍ കഥകളി സംഗീതത്തിന്റെ ഈണം നിറഞ്ഞപ്പോള്‍, നീട്ടിചൊല്ലുന്ന മദ്ഹ് ബൈത്തിന്റെ ലയത്തില്‍ അഞ്ചാം വേദി അറബനയില്‍ താളമിട്ടു.
മത്സരം മുറുകിയതോടെ സഹപാഠികളെ ആവോളം ആവേശത്തിലാക്കി സദസും പങ്കാളികളായി. മേള മൂന്നാം ദിനത്തിലേക്ക് കടക്കുമ്പോള്‍ എച്ച് എസ് എസ്, യു പി വിഭാഗങ്ങളില്‍ വേങ്ങര ഉപജില്ലയാണ് മുന്നില്‍. എച്ച് എസ് എസ് വിഭാഗത്തില്‍ 77 പോയിന്റും യു പി വിഭാഗം മത്സരങ്ങളില്‍ 52 പോയിന്റും വേങ്ങര ഉപജില്ല നേടിയിട്ടുണ്ട്.
സംസ്‌കൃതോത്സവത്തില്‍ യു പി വിഭാഗത്തില്‍ പെരിന്തല്‍മണ്ണ, മങ്കട, മേലാറ്റൂര്‍ ഉപജില്ലകള്‍ 25 പോയിന്റുകള്‍ വീതം നേടി ഒപ്പത്തിനൊപ്പമാണ്. ഹൈസ്‌കൂള്‍ വിഭാഗം അറബി കലോത്സവത്തില്‍ മങ്കട, നിലമ്പൂര്‍, വേങ്ങര, കുറ്റിപ്പുറം ഉപജില്ലകള്‍ 25 പോയിന്റുകള്‍ വീതം നേടിയിട്ടുണ്ട്. പലവേദികളിലെയും ആസ്വാദക കുറവ് ഇന്നലെ മേളയുടെ നിറം കെടുത്തയെങ്കിലും വരും ദിനങ്ങളില്‍ ആസ്വാദകരുടെ ഒഴുക്ക് കൂടുമെന്ന് പ്രതീക്ഷയിലായിരുന്നു ഇന്നലെ മേള നഗരി.
കുട്ടികളും കൂട്ടിനെത്തിയ ചുരുക്കം അധ്യാപകരും മാത്രമാണ് ഇന്നലെ പലവേദികള്‍ക്ക് മുമ്പിലുമുണ്ടായത്. പലരും തങ്ങളുടെ ടീമുകളുടെ മത്സരം തീര്‍ന്നതോടെ വേദിവിട്ടു. പ്രധാനവേദിയില്‍ ആസ്വാദകര്‍ തീരെ ഇല്ലന്നെതും മേളയുടെ അഴക് കെടുത്തി.

---- facebook comment plugin here -----