Connect with us

Malappuram

മാറ്റങ്ങളില്‍ പാര്‍ട്ടിക്ക് പിടിച്ചു നില്‍ക്കാന്‍ ജനങ്ങള്‍ വേണം: എം എ ബേബി

Published

|

Last Updated

പൊന്നാനി: ഏതു മാറ്റങ്ങളിലും പാര്‍ട്ടിക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയണമെങ്കില്‍ ജനങ്ങള്‍ ഒപ്പമുണ്ടാകണമെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. സി പി എം ജില്ലാ സമ്മേളനം പൊന്നാനിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബംഗാളില്‍ സംഭവിച്ചത് ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ അട്ടിമറിയല്ല. ജനങ്ങള്‍ക്കിടയില്‍ നിന്നുള്ള സ്വാധീന ചോര്‍ച്ചയാണ് പാര്‍ട്ടിയുടെ ഇപ്പോഴത്തെ അവസ്ഥക്ക് കാരണമായതെന്നും അദ്ദേഹം പറഞ്ഞു.
മുതിര്‍ന്ന പാര്‍ട്ടി അംഗം വി വി ഗോപിനാഥ് പ്രതിനിധി സമ്മേളന വേദിയായ ഉമ്മര്‍ മാസ്റ്റര്‍ നഗറില്‍ പതാക ഉയര്‍ത്തിയതോടെയാണ് മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനത്തിന് തുടക്കം കുറിച്ചത്. പാര്‍ട്ടി പൊതുജനങ്ങളില്‍ നിന്നും നേരിടുന്ന സ്വാധീന ചോര്‍ച്ച പരിഹരിക്കാന്‍ ക്രിയാത്മകമായ ശൈലീ മാറ്റങ്ങള്‍ക്ക് തയ്യാറാകണമെന്ന് എം എ ബേബി പറഞ്ഞു. ബംഗാളില്‍ പാര്‍ട്ടിക്ക് നേരിട്ട തകര്‍ച്ച ഉദാഹരിച്ചുകൊണ്ടാണ് ജനങ്ങളിലേക്ക് തിരിച്ചുവരേണ്ടതിന്റെ അനിവാര്യത അദ്ദേഹം വിവരിച്ചത്. തൊഴിലാളികള്‍, യുവാക്കള്‍, സ്ത്രീകള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ നേരിടുന്ന പ്രശ്‌നങ്ങളെ സമീപിക്കേണ്ട രൂപത്തില്‍ സമീപിക്കുകയും ഒപ്പം നിന്ന് പ്രശ്‌നങ്ങള്‍ പഠിക്കുകയും ചെയ്ത് പുതിയ പ്രവര്‍ത്തന ശൈലിയും സമര രീതിയും പ്രാവര്‍ത്തികമാക്കിയാല്‍ ഇടതുപക്ഷത്തിന് തിരിച്ചുവരാന്‍ കഴിയും. രാഷ്ട്രീയത്തില്‍ മാറ്റങ്ങളുണ്ടാകുന്നത് ഓരോരുത്തരും കരുതുന്ന പോലെയാകണമെന്നില്ല.
പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പാലൊളി മുഹമ്മദ്കുട്ടി, എ വിജയരാഘവന്‍, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി എം തോമസ് ഐസക്ക്, പി കരുണാകരന്‍, എം വി ഗോവിന്ദന്‍ മാസ്റ്റര്‍, വി ദക്ഷിണാമൂര്‍ത്തി, ജോസഫൈന്‍, ശൈലജ ടീച്ചര്‍ എന്നിവരാണ് സമ്മേളന നടപടികള്‍ക്ക് നേതൃത്വം നല്‍കുന്ന പ്രമുഖര്‍. കാലത്ത് നടന്ന ഉദ്ഘാടന സമ്മേളനത്തിനു ശേഷം ജില്ലാ സെക്രട്ടറി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് ഗ്രൂപ്പ് തിരിഞ്ഞുള്ള ചര്‍ച്ചയും ശേഷം പൊതു ചര്‍ച്ചയും ആരംഭിച്ചു. എട്ട് ഏരിയാ പ്രതിനിധികള്‍ ഇന്നലെ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.

---- facebook comment plugin here -----

Latest