Connect with us

Palakkad

പബ്ലിക് എന്‍ട്രന്‍സ് പരീക്ഷ: കോച്ചിംഗ് സ്‌കീമിന് തുടക്കമായി

Published

|

Last Updated

പാലക്കാട്: എന്‍ട്രന്‍സ് പരീക്ഷകള്‍ക്ക് തയാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കായി സൗജന്യ പരിശീലന പദ്ധതി പീക്‌സിനു (പബഌക് എന്‍ട്രന്‍സ് എക്‌സാം കോച്ചിങ് സ്‌കീം) ജില്ലയില്‍ മികച്ച തുടക്കം. 12 നിയോജക മണ്ഡലങ്ങളിലെ ഓരോ കേന്ദ്രങ്ങള്‍ക്ക് പുറമെ പട്ടാമ്പിയിലും അട്ടപ്പാടിയിലുമായി തുടങ്ങിയ 14 കേന്ദ്രങ്ങളില്‍ ഓണ്‍ലൈന്‍ വഴി റജിസ്റ്റര്‍ ചെയ്ത 295 വിദ്യാര്‍ഥികളാണ് ഇന്നലെ എത്തിയത്.
സ്‌കൂളുകളിലെ സ്മാര്‍ട്ട് മുറികളില്‍ വിക്‌ടേഴ്‌സ് ചാനല്‍ വഴി രാവിലെ 9.30നു തന്നെ തിരുവനന്തപുരത്തു നിന്നു ലൈവായി വിദഗ്ധരുടെ ക്ലാസ് തുടങ്ങി. 11 മണിക്കു ശേഷം പീക്‌സിന്റെ സൈറ്റില്‍ വിഷയാധിഷ്ഠിത ചോദ്യങ്ങളുടെ വിശകലന ക്ലാസുകളുമുണ്ടായി. വിദഗ്ധരായ അധ്യാപകരുടെ നേതൃത്വത്തില്‍ 12 വരെ ക്ലാസുകളുണ്ടായി. തുടര്‍ന്ന് രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ചോദ്യങ്ങളുടെ ഒരു മണിക്കൂര്‍ ഓണ്‍ലൈന്‍ പരീക്ഷയും നടന്നു. 30 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ക്ക് ഒ എം ആര്‍ ഷീറ്റില്‍ ഉത്തരം നല്‍കി കഴിയുന്നതോടെ സൈറ്റില്‍ ഉത്തര സൂചിക പ്രത്യക്ഷപ്പെടും. യൂസര്‍നൈമും പാസ് വേഡും ഉപയോഗിച്ച് പരിശീലന കേന്ദ്രത്തിനു തുറക്കാവുന്ന പീക്‌സിന്റെ സൈറ്റില്‍ ഹാജരും സ്‌കോറും അപ്‌ലോഡ് ചെയ്യും. ഇവിടെ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടിയ വിദ്യാര്‍ഥിയുടെയും ജില്ലയിലെ മികച്ച സ്‌കോറുകാരുടെയും വിവരവുമറിയാം. സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നില്‍ക്കുന്നവര്‍ ഉള്‍പ്പെടെ മല്‍സര പരീക്ഷകള്‍ക്ക് തയാറെടുക്കുന്നവര്‍ക്കാണ്
സര്‍ക്കാരിന്റെ സൗജന്യ പരിശീലന ക്ലാസ്. ഏപ്രിലില്‍ നടക്കുന്ന എന്‍ട്രന്‍സ് പരീക്ഷ വരെ അവധി ദിവസങ്ങളില്‍ സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലെ കേന്ദ്രങ്ങളില്‍ ക്ലാസ് നടക്കും. ഒരു കേന്ദ്രത്തില്‍ 40 വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനം. ജില്ലയിലെ ചില കേന്ദ്രങ്ങളില്‍ സീറ്റൊഴിവുള്ളതായി ഐടി അറ്റ് സ്‌കൂള്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍ : 0491 2520085.