Connect with us

Kerala

ഭൂമി കൈയേറ്റം പരിശോധിക്കാമെന്ന നിര്‍ദേശം കര്‍ണാടക അട്ടിമറിച്ചു

Published

|

Last Updated

ഇരിട്ടി: കേരളത്തിന്റെ ഭൂമി പിടിച്ചെടുക്കാന്‍ കര്‍ണാടക ശ്രമിച്ചുവെന്ന പരാതിയെ തുടര്‍ന്ന് പ്രശ്‌നം പരിഹരിക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടു. കൈയേറ്റത്തില്‍ സംയുക്ത പരിശോധനയാകാമെന്ന നിര്‍ദേശമാണ് കര്‍ണാടക അട്ടിമറിച്ചത്. അതിര്‍ത്തി നിര്‍ണയിച്ച രേഖകളുമായി കേരള റവന്യൂ സംഘം തിങ്കളാഴ്ച രാവിലെ തന്നെ പരിശോധനക്ക് എത്തിയെങ്കിലും കര്‍ണാടകയുടെ ഭാഗത്തു നിന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ ആരും എത്തിയില്ല. ബാരാപോള്‍ പുഴയുടെ പകുതി വരെ തങ്ങളുടെതാണെന്നും നിയമവിരുദ്ധമായി ഭൂമി കൈയേറിയവര്‍ക്ക് കേരളം കൂട്ടുനില്‍ക്കുന്നുവെന്നും ആരോപിച്ച് റവന്യൂ ഉദ്യോഗസ്ഥരുമായി കര്‍ണാടക വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തട്ടിക്കയറി.

1902ലെ കൂര്‍ഗ് കമ്മീഷണറുടെ ഉത്തരവ് പ്രകാരമുള്ള രേഖകളുമായാണ് കര്‍ണാടക വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയത്. ഇത് ആധികാരിക രേഖകളല്ലെന്ന് ചൂണ്ടിക്കാട്ടിയ കേരള സംഘം, സംസ്ഥാന പുനഃസംഘടനാ സമയത്ത് ഇരു സംസ്ഥാനങ്ങളും അതിര്‍ത്തി നിര്‍ണയിച്ച രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചെങ്കിലും കര്‍ണാടക സംഘം പ്രതികരിച്ചില്ല.
ആധികാരിക രേഖകളുടെ അടിസ്ഥാനത്തിലാണ് ബാരാപോള്‍ പുഴയോരം വരെയുള്ള ഭാഗം തങ്ങളുടേതാണെന്ന് സ്ഥാപിക്കുന്നതെന്ന് കൂര്‍ഗ് റെയിഞ്ച് ഫോറസ്റ്റര്‍ പോള്‍ ആന്റണി പറഞ്ഞു. ഇരിട്ടി തഹസില്‍ദാര്‍ കെ ആര്‍ രവീന്ദ്രന്റെ നേതൃത്വത്തില്‍ റവന്യൂ സംഘം മൂന്ന് കിലോമീറ്റര്‍ നടത്തിയ പരിശോധനയില്‍ ചില ഭാഗങ്ങളില്‍ കേരളത്തിന്റെ റവന്യൂ ഭൂമി രണ്ട് മീറ്റര്‍ മുതല്‍ ഏഴ് മീറ്റര്‍ വരെ കൈയേറിയതായി കണ്ടെത്തി. ഇരു സംസ്ഥാനങ്ങളും സംയുക്ത പരിശോധനയിലൂടെ നേരത്തെ സ്ഥാപിച്ച സര്‍വേ കല്ലുകളില്‍ ചിലത് കര്‍ണാടക പിഴുതു മാറ്റിയതായും കണ്ടെത്തി. അയ്യന്‍കുന്ന് പഞ്ചായത്തിലെ പാലത്തിന്‍ കടവ്, കച്ചേരിക്കടവ് വാര്‍ഡുകളില്‍ പെട്ട ബാരാപോള്‍ പുഴയോരത്ത് വന്‍മരങ്ങള്‍ തിങ്ങിനിറഞ്ഞ റവന്യൂ ഭൂമിയിലും മുടിക്കയത്തെ മാക്കണ്ടി ഭാഗത്തെ പതിച്ചുനല്‍കിയ ഭൂമിയിലുമാണ് കര്‍ണാടക തങ്ങളുടെ അധീശത്വം സ്ഥാപിക്കാനുള്ള ശ്രമം നടത്തിയത്. നിലവിലുള്ള അതിര്‍വരമ്പുകള്‍ ലംഘിച്ച് മൂന്ന് കിലോമീറ്റര്‍ നീളത്തില്‍ കിടങ്ങ് സ്ഥാപിക്കുന്നതിനിടെയാണ് കൈയേറ്റം കേരളത്തിന്റെ ശ്രദ്ധയില്‍ പെട്ടത്. ഉടന്‍ തന്നെ റവന്യൂ വിഭാഗം ഇടപെട്ട് കൈയേറ്റം നിര്‍ത്തിവെപ്പിച്ചു. ഇരു സംസ്ഥാനങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയാണ് തിങ്കളാഴ്ച സംയുക്ത സര്‍വേക്ക് തീരുമാനിച്ചത്. കേരള സംഘം എല്ലാ രേഖകളുമായി രാവിലെ തന്നെ എത്തിയെങ്കിലും കര്‍ണാടകയുടെ ഭാഗത്തു നിന്ന് വനപാലകരല്ലാതെ മറ്റാരും എത്തിയില്ല.
തഹസില്‍ദാരുടെ നേതൃത്വത്തില്‍ വീരാജ്‌പേട്ട വനം വകുപ്പ് ഓഫീസില്‍ എത്തി കര്‍ണാടക വനം വകുപ്പ് ജീവനക്കാരെ കൂട്ടിവരികയായിരുന്നു. റവന്യൂ സംഘം അതിര്‍ത്തി അളന്ന് സര്‍വേ കല്ലുകള്‍ തിരയുമ്പോള്‍ കര്‍ണാടക സംഘം കാഴ്ചക്കാരായി നോക്കിനില്‍ക്കുകയായിരുന്നു. അല്‍പ്പസമയത്തിനു ശേഷം അവര്‍ പ്രദേശത്തു നിന്ന് മടങ്ങുകയും ചെയ്തു. കര്‍ണാടക സംഘം ഇല്ലാത്ത പരിശോധന കൊണ്ട് കാര്യമില്ലെന്ന് മനസ്സിലാക്കിയ കേരള ഉദ്യോഗസ്ഥര്‍ മാക്കൂട്ടം ഫോറസ്റ്റ് ഓഫീസിലെത്തിയപ്പോഴാണ് കര്‍ണാടക വനപാലക സംഘം വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്. കൈയേറ്റം ബോധ്യമായതായി കാണിച്ച് ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് തഹസില്‍ദാര്‍ കെ ആര്‍ രവീന്ദ്രന്‍ പറഞ്ഞു. ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍, ജില്ലാ സര്‍വേ സൂപ്രണ്ട് എന്നിവരും കേരളാ സംഘത്തില്‍ ഉണ്ടായിരുന്നു.

Latest