Connect with us

Gulf

നാടെങ്ങും നബിദിനാഘോഷം

Published

|

Last Updated

ഷാര്‍ജ: നാടെങ്ങും ആഹ്ലാദപൂര്‍വം നബിദിനം ആഘോഷിച്ചു. കലാവിരുന്നുകളും, മൗലിദ് പാരായണവും, അന്നദാനവും ആഘോഷങ്ങള്‍ക്കു മാറ്റുകൂട്ടി. അതിരാവിലെ മുതല്‍ തന്നെ പലടിയങ്ങളിലും ആഘോഷ പരിപാടികള്‍ ആരംഭിച്ചിരുന്നു. ആഹ്ലാദവും സന്തോഷവും നിറഞ്ഞ അന്തരീക്ഷത്തിലായിരുന്നു ആഘോഷം. തലേന്ന് രാത്രി മുതല്‍ പലയിടങ്ങളില്‍ പാരിപാടികള്‍ക്ക് ഒരുക്കങ്ങള്‍ ആരംഭിച്ചിരുന്നു.
മൗലിദ് പാരായണങ്ങളും പ്രഭാഷണങ്ങളും ബുര്‍ദ മജ്‌ലിസും പരിപാടികള്‍ക്ക് മികവേകി. നാട്ടിലെന്ന പോലെ പ്രവാസി സമൂഹവും അത്യാഹ്ലാദത്തോടെയാണ് നബിദിനത്തെ വരവേറ്റത്. തിരുദൂതരോട് വിശ്വാസികള്‍ക്കുള്ള സ്‌നേഹം പ്രകടമാക്കുന്നതായിരുന്നു പരിപാടികളെല്ലാം. റബീഉല്‍ അവ്വല്‍ ഒന്നു മുതല്‍ തന്നെ മൗലിദ് പാരായണവും മറ്റും വിശ്വാസികള്‍ ആരംഭിച്ചിരുന്നു. സാമൂഹിക സേവന കേന്ദ്രങ്ങളിലും സ്ഥാപനങ്ങളിലും ഭവനങ്ങളിലുമായിരുന്നു മൗലീദുകളും മറ്റും നടന്നത്.
രാജ്യത്തെ പ്രമുഖ പ്രവാസി സംഘടനകളായ ഐ സി എഫ്, ആര്‍ എസ് സി എന്നിവയുടെ നേതൃത്വത്തില്‍ വിപുലമായാണ് രാജ്യത്തെങ്ങും നബിദിനം ആഘോഷിച്ചത്. തിരുനബി (സ) ശ്രേഷ്ഠ മാതൃക എന്ന പ്രമേയത്തിലാണ് ഈ വര്‍ഷത്തെ ആഘോഷ പരിപാടികള്‍ സംഘടപ്പിക്കുന്നത്. ഗള്‍ഫിലുടനീളം നടക്കുന്ന മീലാദ് കാമ്പയിന്‍ ഈ മാസാവസാനം വരെ നീണ്ടുനില്‍ക്കും.
യു എ ഇയിലെ മതകാര്യ മന്ത്രാലയവും ഔഖാഫും വിവിധ പരിപാടികളോടെ മീലാദാഘോഷ പരിപാടികളില്‍ പങ്കെടുത്തു. അറബ് മാധ്യമങ്ങള്‍ രാജ്യത്തെ മീലാദാഘോഷ പരിപാടികള്‍ വന്‍ പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തത്.
പ്രവാചക സ്‌നേഹത്തിന്റെ പ്രാധാന്യവും വിശ്വാസ പൂര്‍ത്തീകരണത്തിന് അത് അനിവാര്യമാണെന്നും വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയവര്‍ നല്‍കിയ സന്ദേശത്തില്‍ അറിയിച്ചു. തിരുനബി (സ) സ്‌നേഹത്തിന്റെ പ്രതീകമാണ്. സഹജീവി സ്‌നേഹം അതില്‍ പ്രധാനമാണ്. മറ്റുള്ളവര്‍ക്ക് ജീവഹാനിയോ സാമ്പത്തിക നാശമോ ഉണ്ടാകുന്ന ഏതു പ്രവര്‍ത്തനവും പ്രവാചക മാതൃകക്ക് വിരുദ്ധമാണെന്നും അത്തരം പ്രവര്‍ത്തനങ്ങളില്‍ യുവാക്കള്‍ അകപ്പെട്ടുപോകരുതെന്നും വിവിധ സ്ഥലങ്ങളില്‍ നടന്ന മീലാദ് സംഗമങ്ങളില്‍ പ്രഭാഷണം നടത്തിയവര്‍ ഉദ്‌ബോധിപ്പിച്ചു.

 

Latest