Connect with us

Wayanad

നഞ്ചന്‍ഗോഡ് - വയനാട് - നിലമ്പൂര്‍ റയില്‍പാത: ശ്രീധരന്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Published

|

Last Updated

കല്‍പ്പറ്റ: നഞ്ചന്‍ഗോഡ് – വയനാട് – നിലമ്പൂര്‍ റയില്‍പാത സംബന്ധിച്ച് ഡല്‍ഹി മെട്രോ റയില്‍ കോര്‍പ്പറേഷന്‍ മുഖ്യ ഉപദേഷ്ടാവും ഇന്ത്യന്‍ റയില്‍വേ ഏകാംഗ കമ്മീഷനുമായ ഡോ:ഇ ശ്രീധരന്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
നഞ്ചന്‍ഗോഡ് – വയനാട് – നിലമ്പൂര്‍ റയില്‍പാതക്കായി 2002 ലും 2009 ലും 2013 ലും റയില്‍വേ നടത്തിയ സര്‍വ്വേയില്‍ ഗുരുതരമായ തെറ്റുകള്‍ വരുത്തിയതായി ഇ.ശ്രീധരന്‍ ചൂണ്ടിക്കാട്ടി. 4266.87 കോടി രൂപ ചെലവും 236 കി.മീ ദൂരവുമുള്ള പാതയാണ് റയില്‍വേ നിശ്ചയിച്ചത്. പാത പര്‍വ്വതമേഖലകളിലൂടെ കടന്നുപോകുന്നതിനാല്‍ 100 മീറ്ററിന് ഒരു മീറ്റര്‍ എന്ന തോതിലായിരുന്നു ഉയരം കൂട്ടിയിരുന്നത്. എന്നാല്‍ നിലവിലെ ഷൊര്‍ണ്ണൂര്‍ – നിലമ്പൂര്‍ പാതയും നഞ്ചന്‍ഗോഡ് – മൈസൂര്‍ പാതയും 80 ന് ഒരു മീറ്റര്‍ ഉയരം എന്ന തോതിലാണ് നിര്‍മ്മിച്ചിട്ടുള്ളത്. അതിനാല്‍ നിലവിലെ സര്‍വ്വേ റിപ്പോര്‍ട്ടുമായി മുന്നോട്ട് പോകാനാകില്ല.50 മീറ്ററില്‍ ഒരു മീറ്റര്‍ വീതം പാത ഉയര്‍ത്താവുന്നതാണ്. മാംഗ്ലൂര്‍ – ഹാസ്സന്‍ റയില്‍പാത പര്‍വ്വതപ്രദേശത്ത് അമ്പതിന് ഒരു മീറ്റര്‍ വെച്ചാണ് ഉയര്‍ത്തിക്കൊണ്ടുവരുന്നത്. അതിനാല്‍ കൂടുതല്‍ കയറ്റമുള്ള സ്ഥലങ്ങളില്‍ അമ്പതിന് ഒന്നും സമതലങ്ങളില്‍ എണ്‍പതിന് ഒന്നും എന്ന നിലയില്‍ പുതിയ സര്‍വ്വേ നടത്തിയാല്‍ ചെലവും ദൂരവും കുറഞ്ഞ അലൈന്‍മെന്റ് നിശ്ചയിക്കാനാവും. കയറ്റമുള്ള സ്ഥലങ്ങളില്‍ ഒരു എഞ്ചിന്‍ കൂടി ഘടിപ്പിച്ചാല്‍ മതി. ഇതിനുള്ള ചെലവ് അലൈന്‍മെന്റ് മാറ്റം വഴി ലാഭിക്കാവുന്ന തുകയുമായി തട്ടിച്ചുനോക്കിയാല്‍ ഒന്നുമല്ല. നിലവില്‍ റയില്‍വേ അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധികളും, അനുവദിച്ച പാതകള്‍തന്നെ വരുമാനം നോക്കി, പുന:പരിശോധിച്ച് ഒഴിവാക്കുന്ന സാഹചരവും പരിഗണിച്ച്, പൊതു സ്വകാര്യ പങ്കാളിത്തത്തോടെയെ നഞ്ചന്‍ഗോഡ് – നിലമ്പൂര്‍ റയില്‍പാത യാഥാര്‍ഥ്യമാക്കാനാവൂ.അടിയന്തിരമായി നടപ്പാക്കേണ്ട കാര്യങ്ങളും ഇ.ശ്രീധരന്‍ റിപ്പോര്‍ട്ടില്‍ വിവരിക്കുന്നു.
പ്രധാന നിര്‍ദ്ദേശങ്ങള്‍ ഇവയാണ്.സംസ്ഥാന സര്‍ക്കാര്‍ സതേണ്‍ റയില്‍വേ കണ്‍സ്ട്രക്ഷന്‍ ഓര്‍ഗനൈസേഷനോട് പര്‍വ്വതമേഖലയില്‍ 50 മീറ്ററിന് ഒരു മീറ്റര്‍ കയറ്റം എന്ന നിലയിലും സമതലത്തില്‍ എണ്‍പത് മീറ്ററിന് ഒരു മീറ്റര്‍ എന്ന നിലയിലും പുതുക്കി സര്‍വ്വേ നടത്താന്‍ ആവശ്യപ്പെടണം. സര്‍വ്വേ പൂര്‍ത്തിയാക്കാന്‍ ഒരു മാസത്തെ സമയമേ ആവശ്യമുള്ളൂ. ഇതിന് വരുന്ന ചെലവ് ഏകദേശം 4 ലക്ഷം രൂപയാണ്. ഈ തുക സംസ്ഥാന സര്‍ക്കാര്‍ റയില്‍വേക്ക് നല്‍കാമെന്ന് സതേണ്‍ റയില്‍വേ ജനറല്‍ മാനേജരെ അറിയിക്കണം. പ്രാഥമിക സര്‍വ്വേ റിപ്പോട്ടിന്റെ അടിസ്ഥാനത്തില്‍ സതേണ്‍ റയില്‍വേ നിര്‍മ്മാണവിഭഗത്തെക്കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ വിശദമായ റിപ്പോര്‍ട്ട് സയ്യാറാക്കിക്കണം. ഇതിന് 12 മുതല്‍ 14 കോടി രൂപ ചെലവു വരും. ഈ ചെലവും സംസ്ഥാനസര്‍ക്കാര്‍ വഹിക്കണം.
വിശദമായ പ്രോജക്ട് റിപ്പോര്‍ക്ക് ലഭിച്ചാല്‍ പൊതു സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കാം. പദ്ധതിക്കാവശ്യമായ എല്ലാ അനുമതികളും സംസ്ഥാന സര്‍ക്കാര്‍ നേടിയെടുക്കുകയും, ചുരുങ്ങിയ സമയത്തിനുള്ളില്‍ ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കുകയും ചെയ്താല്‍ സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കുന്നത് സാധ്യമാണ്. റയില്‍പാതക്ക് പരിസ്ഥിതി അനുമതി ആവശ്യമില്ല. വനസംരക്ഷണ നിയമപ്രകാരമുള്ള അനുമതിയേ ആവശ്യമുള്ളൂ.
കൊങ്കണ്‍ റയില്‍വേയില്‍ ചെയ്തതുപോലെ കേരളാ, കര്‍ണ്ണാടക, തമിഴ്‌നാട് സര്‍ക്കാറുകള്‍ സംയുക്ത സംരഭമായി, പൊതു സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കണം. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഡോ:ഇ.ശ്രീധരന്‍ കേരളത്തില്‍ റയില്‍വേയുടെ ചാര്‍ജ്ജ് വഹിക്കുന്ന മന്ത്രി ആര്യാടന്‍ മുഹമ്മദിനും നീലഗിരി – വയനാട് എന്‍.എച്ച് & റയില്‍വേ ആക്ഷന്‍ കമ്മറ്റിക്കും അയച്ചിട്ടുണ്ട്.നഞ്ചന്‍ഗോഡ് – നിലമ്പൂര്‍ പാതയും, ദൂരവും ചെലവും കുറക്കുന്ന അലൈന്‍മെന്റ് നിര്‍ണ്ണയിക്കണമെന്ന് ആക്ഷന്‍ കമ്മറ്റി ദീര്‍ഘകാലമായി ആവശ്യപ്പെട്ടുവരികയായിരുന്നു. അതിനെത്തുടര്‍ന്ന് ഡിസംബര്‍ 16 ന് മുഖ്യമന്ത്രി ആക്ഷന്‍ കമ്മറ്റി ഭാരവാഹികളും പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ്, ഐ.സി.ബാലകൃഷ്ണന്‍, എം.എല്‍.എ എന്നിവരോടുമൊപ്പം ഇ.ശ്രീധരനുമായി ചര്‍ച്ച നടത്തിയിരുന്നു. പാത സംബന്ധിച്ച പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി ഇ.ശ്രീധരനോട് അഭ്യര്‍ത്ഥിച്ചിരുന്നു. തുടര്‍ന്ന് ഇ.ശ്രീധരന്‍ ഡിചംബര്‍ 21 നു സതേണ്‍ റയില്‍വേ ചീഫ് എഞ്ചിനീയര്‍ അനില്‍കുമാര്‍ ഖണ്‍ഡേല്‍വാള്‍, ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ മുഹമ്മദ് സാലിയ എന്നിവരുമായും നീലഗിരി – വയനാട് എന്‍.എച്ച് & റയില്‍വേ ആക്ഷന്‍ കമ്മറ്റി ഭാരവാഹികളായ അഡ്വ:ടി.എം.റഷീദ്, വിനയകുമാര്‍ അഴിപ്പുറത്ത്, അഡ്വ:പി.വേണുഗോപാല്‍, എ.കുഞ്ഞിരാമന്‍ എന്നവരുമായി ഡിചംബര്‍ 27 നും ഡി.എം.ആര്‍.സി ക്യാമ്പ് ഓഫീസില്‍ വെച്ച് വിശദമായ ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

---- facebook comment plugin here -----

Latest