Connect with us

Wayanad

പൂക്കോട് തടാകത്തിന് ഭീഷണിയായി പായലും ചളിയും അടിഞ്ഞ് കൂടുന്നു

Published

|

Last Updated

വൈത്തിരി: ജില്ലയുടെ ടൂറിസം ഭൂപടത്തില്‍ ശ്രദ്ധേയ സ്ഥാനമുള്ള പൂക്കോട് തടാകത്തിന്റെ ആഴം കുറയുന്നു. പായലും ചളിയും അടിഞ്ഞ് കൂടിയാണ് തടാകത്തിന് ഭീഷണിയാവുന്നത്.
നേരത്തെ, പോണ്ടിച്ചേരിയിലെ ഫ്രഞ്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നുള്ള സംഘം നടത്തിയ പഠനത്തില്‍ തടാകത്തിന്റെ ആഴം കുറയുന്നതായി കണ്ടെത്തിയിരുന്നു. വടക്കുഭാഗത്ത് ഏകദേശം 60 ശതമാനത്തോളമാണ് ആഴം കുറഞ്ഞിരിക്കുന്നത്. 10 മീറ്റര്‍ ആഴമുണ്ടായിരുന്ന തടാകമിപ്പോള്‍ നാലു മീറ്ററായി കുറഞ്ഞു. ജലാശയത്തിലേക്കുള്ള മണ്ണൊലിപ്പ് തടയാനും അധികൃതര്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല.
ജില്ലയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് നിരാശ നല്‍കുകയാണ് പൂക്കോട് തടാകം. തടാകം ചുറ്റിക്കാണുന്നതിനായി ആവശ്യത്തിന് ബോട്ടുകളോ അടിസ്ഥാന സൗകര്യങ്ങളോ ഇവിടെയില്ല. ബോട്ടുകള്‍ പകുതിയും കട്ടപ്പുറത്തായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. ഒന്നരലക്ഷം രൂപയാണ് ക്രിസ്മസ് ദിനത്തില്‍ ഇവിടെ നിന്നു ഡി.ടി.പി.സിക്ക് വരുമാനം ലഭിച്ചത്.
സന്ദര്‍ശകരുടെ തിരക്കേറിയിട്ടും ബോട്ടുകളുടെ കേടുപാടുകള്‍ തീര്‍ക്കാനും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനും അധികൃതര്‍ തയ്യാറാവുന്നുമില്ല. അഞ്ചു ത്രോബോട്ടുകളും ഏഴു പെഡല്‍ബോട്ടുകളും രണ്ടു റാഫ്റ്റ് ബോട്ടുകളും ഒരുവര്‍ഷമായി കട്ടപ്പുറത്താണ്. തടാകത്തില്‍ പായല്‍ മൂടികിടക്കുന്നതിനാല്‍ പെഡല്‍ ബോട്ടുകള്‍ തുഴയാന്‍ കഴിയുന്നില്ല. വളരെ പ്രയാസപ്പെട്ടാണ് സഞ്ചാരികള്‍ ബോട്ട് ഉപയോഗിക്കുന്നത്. ഇതിനാല്‍ അനുവദിച്ച സമയത്തിനുള്ളില്‍ തടാകം ചുറ്റിക്കാണാന്‍ കഴിയാത്ത അവസ്ഥയാണ്. ആവശ്യത്തിന് ബോട്ടുകള്‍ ഇല്ലാത്തതിനാല്‍ സന്ദര്‍ശകര്‍ നിരാശരായി മടങ്ങുകയാണ്. ബോട്ട് യാത്രയ്ക്ക് ഉപയോഗിക്കാനായി അടുത്തകാലത്ത് കൊണ്ടുവന്ന 250 ജാക്കറ്റുകളില്‍ പലതും കേടുപാടുകള്‍ സംഭവിച്ചതാണ്. ഇതില്‍ പകുതിയും കരയില്‍ കൂട്ടിയിട്ടിരിക്കുകയാണ്. 350 രൂപ വിലയുള്ള ലൈഫ് ജാക്കറ്റ് 2,600 രൂപ നല്‍കിയാണ് കുറുവാദ്വീപിലേക്കും പൂക്കോട് തടാകത്തിലേക്കുമായി കൊണ്ടുവന്നത്. മതിയായ ടോയ്‌ലറ്റ് സൗകര്യം ഇല്ലാത്തതും സഞ്ചാരികളുടെ ദുരിതമേറ്റുന്നു. പൂക്കോട് തടാകത്തിന്റെ സംരക്ഷണത്തിനായി നിയമസഭാ പരിസ്ഥിതി സമിതി നല്‍കിയ നിര്‍ദേശങ്ങള്‍ ഒന്നുപോലും ഇതുവരെ നടപ്പായിട്ടില്ല. പശ്ചിമഘട്ട താഴ്‌വാരങ്ങളിലെ ശുദ്ധജലതടാകങ്ങളില്‍ പ്രധാനപ്പെട്ട പൂക്കോട് നാശത്തിന്റെ വക്കിലാണ്. ലക്ഷങ്ങള്‍ വരുമാനം ലഭിക്കുമ്പോഴാണ് തടാകസംരക്ഷത്തിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഫിഷറീസ് വകുപ്പും ഡി.ടി.പി.സിയും തയ്യാറാകാത്തത്.