Connect with us

Kozhikode

അബ്ദുസ്സലാമിന്റെ വിയോഗം നാടിന്റെ നൊമ്പരമായി

Published

|

Last Updated

താമരശ്ശേരി: പോലീസ് സേവനത്തോടൊപ്പം പൊതുരംഗത്തും നിറസാന്നിധ്യമായിരുന്ന താമരശ്ശേരി പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എ എസ് ഐ പന്നൂര്‍ വട്ടപ്പാറപൊയില്‍ വട്ടപ്പാറക്കല്‍ പരേതനായ അബൂബക്കറിന്റെ മകന്‍ കായക്കല്‍ അബ്ദുസ്സലാമിന്റെ വിയോഗം നാടിന്റെ നൊമ്പരമായി. ഒഴിവു സമയങ്ങളില്‍ നാട്ടിലെ സാമൂഹിക മേഖലകളില്‍ സജീവമായിരുന്ന അബ്ദുസ്സലാം ഒരു വര്‍ഷത്തിലേറെയായി വൃക്കരോഗത്തിന്റെ പിടിയിലായിരുന്നു.
പോലീസ് കണ്‍ട്രോള്‍ റൂമിലും മുക്കം, കോടഞ്ചേരി സ്റ്റേഷനുകളിലും സേവനമനുഷ്ഠിച്ചിട്ടുള്ള അബ്ദുസ്സലാം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേകം സമയം കെണ്ടത്തിയിരുന്നു. വട്ടപ്പാറപൊയില്‍ പ്രദേശത്തെ നിര്‍ധന കുടുംബത്തിലെ അംഗത്തിന് ക്യാന്‍സര്‍ പിടിപെട്ടതിനെ തുടര്‍ന്ന് ചികിത്സക്കായി പണം സ്വരൂപിക്കാന്‍ മുന്നിട്ടിറങ്ങിയത് അബ്ദുസ്സലാമായിരുന്നു. ഇതിനിടെയാണ് വൃക്കരോഗം അബ്ദുസ്സലാമിനെ കീഴ്‌പ്പെടുത്തിയത്. ഏക സഹോദരി ഫാത്വിമ വൃക്ക നല്‍കാന്‍ തയ്യാറായതിനെ തുടര്‍ന്ന് കഴിഞ്ഞ സെപ്തംബര്‍ രണ്ടിനാണ് ശസ്ത്രക്രിയക്ക് വിധേയനായത്. മാതാവ് ഉമ്മയ്യ കഴിഞ്ഞ വര്‍ഷം ഹജ്ജിന് പോകാന്‍ തയ്യാറെടുത്തിരുന്നെങ്കിലും രണ്ട് മക്കള്‍ക്കും ശസ്ത്രക്രിയ നടക്കുന്നതിനാല്‍ യാത്ര ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ സഹോദരിയുടെ വൃക്കക്കോ നാടിന്റെ പ്രാര്‍ഥനകള്‍ക്കോ അബ്ദുസ്സലാമിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
വിയോഗ വാര്‍ത്തയറിഞ്ഞ് റൂറല്‍ എസ് പി. പി എച്ച് അശ്‌റഫ് ഉള്‍പ്പെടെ നിരവധി പേരാണ് വസതിയിലെത്തി അന്തിമോപചാരമര്‍പ്പിച്ചത്. താമരശ്ശേരി ഡി വൈ എസ് പി ജെയ്‌സണ്‍ കെ അബ്രഹാമിന്റെ നേതൃത്വത്തില്‍ ഔദ്യോഗിക ബഹുമതികളോടെ പന്നൂര്‍ ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു. താമരശ്ശേരി സി ഐ. എം ഡി സുനില്‍, എസ് ഐ രാജേഷ് കുമാര്‍, കൊടുവള്ളി എസ് ഐ ഒ ജെ ജോസഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.