Connect with us

Kerala

ന്യൂനപക്ഷ കേന്ദ്രീകൃത വികസനം: കൂടുതല്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് കേരളം

Published

|

Last Updated

തിരുവനന്തപുരം: ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങള്‍ക്കായി നടപ്പാക്കുന്ന ബഹുമുഖ വികസന പദ്ധതികളില്‍ സംസ്ഥാനത്തെ കൂടുതല്‍ പ്രദേശങ്ങളെ ഉള്‍പ്പെടുത്തണമെന്ന് കേരളം.
നിലവില്‍ വയനാട് ജില്ലയില്‍ മാത്രമാണ് പദ്ധതിയുടെ പ്രയോജനമുള്ളത്. സംസ്ഥാനത്തെ മറ്റിടങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കണം. കേന്ദ്ര ന്യൂനപക്ഷ ക്ഷേമ സഹമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയുമായി സംസ്ഥാന ന്യൂനപക്ഷ മന്ത്രി മഞ്ഞളാംകുഴി അലി കൊച്ചിയില്‍ നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ഈ ആവശ്യം ഉന്നയിച്ചത്.
ന്യൂനപക്ഷങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ പുരോഗതിക്ക് പദ്ധതികള്‍ നടപ്പാക്കുന്നതിനായി ക്ലസ്റ്റര്‍ വില്ലേജുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ കേരളത്തില്‍നിന്ന് കൂടുതല്‍ വില്ലേജുകള്‍ പരിഗണിക്കണം. ആദ്യഘട്ടത്തില്‍ സമര്‍പ്പിച്ച 42 വില്ലേജുകളുടെ പട്ടിക അംഗീകരിക്കണം. പ്രീ മെട്രിക്, പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പുകള്‍ അപേക്ഷിക്കുന്ന പകുതി പേര്‍ക്കുപോലും നല്‍കാന്‍ സാധിക്കുന്നില്ല. അര്‍ഹരായ എല്ലാവര്‍ക്കും ലഭ്യമാകുന്ന വിധം സ്‌കോളര്‍ഷിപ്പ് തുകയില്‍ വര്‍ധന വേണമെന്ന ആവശ്യവും ഉന്നയിച്ചു. കേരളത്തിന്റെ ആവശ്യങ്ങളെല്ലാം അനുഭാവപൂര്‍വം പരിഗണിക്കുമെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി.
സംസ്ഥാനത്ത് നടപ്പാക്കുന്ന ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ മാതൃകാപരമാണെന്നും അടുത്ത ബജറ്റില്‍ കേരളത്തിന് കൂടുതല്‍ തുക അനുവദിക്കുമെന്നും കേന്ദ്ര ന്യൂനപക്ഷ ക്ഷേമവകുപ്പ് സഹമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു. ന്യൂനപക്ഷ ക്ഷേമത്തിനായി കൊണ്ടുവരുന്ന പദ്ധതികള്‍ ജാഗ്രതയോടെ നടപ്പാക്കാന്‍ കേരളം ശ്രദ്ധിക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷം മികച്ച പ്രകടനം കാഴ്ചവെക്കാനും സംസ്ഥാനത്തിന് കഴിഞ്ഞു. അതിനുള്ള ബോണസ്സായി കൂടുതല്‍ തുക ബജറ്റില്‍ നീക്കിവെക്കും. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ക്ക് കൂടുതല്‍ നേട്ടം കൈവരിക്കാനായിട്ടുണ്ട്. അതുകൊണ്ട് കേന്ദ്ര പദ്ധതികള്‍ കുറക്കുകയെന്ന ഉദ്ദേശ്യമില്ല. ഈ നേട്ടത്തിനൊപ്പം സഞ്ചരിക്കാനുള്ള കൂടുതല്‍ ഫണ്ട് അനുവദിക്കുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.
പ്രായോഗികമായി നടപ്പാക്കാവുന്ന പദ്ധതികള്‍ സംബന്ധിച്ച് വിശദമായ പദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കേന്ദ്രമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. ന്യൂനപക്ഷ ക്ഷേമവകുപ്പ് സെക്രട്ടറി ജ്യോതിലാല്‍, ഡയറക്ടര്‍ ഡോ. നസീര്‍ മന്ത്രിയോടൊപ്പം ചര്‍ച്ചകളില്‍ സംബന്ധിച്ചു.