Connect with us

Kozhikode

ചീയ്യൂരില്‍ നബിദിനാഘോഷത്തിനിടെ സംഘര്‍ഷം: ആറ് പേര്‍ക്ക് പരുക്ക്

Published

|

Last Updated

നാദാപുരം: ചീയ്യൂര്‍ ജുമുഅ മസ്ജിദില്‍ നബിദിനാഘോഷത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ആറ് പേര്‍ക്ക് പരുക്കേറ്റു. പള്ളി ഭരണം നടത്തുന്ന മുതവല്ലി അനുകൂലികളും മഹല്ല് സംരക്ഷണ സമിതിയും തമ്മില്‍ തര്‍ക്കം നടക്കുന്നതിനിടയിലാണ് ശനിയാഴ്ച രാവിലെ നബിദിനാഘോഷത്തോടനുബന്ധിച്ച് ഭക്ഷണം പാചകം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സംഘര്‍ഷ മുണ്ടായത്.
മഹല്ല് സംരക്ഷണ പ്രവര്‍ത്തകരായ തയ്യുള്ളതില്‍ അന്‍സാര്‍(30), വലിയപറമ്പത്ത് ഷംസു(20) എന്നിവരെ തലക്ക് ഗുരുതര പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശിപത്രിയിലും തയ്യുള്ളതില്‍ ഹാരിസി(35) നെ നാദാപുരം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. .മുതവല്ലി അനുകൂലികളായ പഴയ പീടികയില്‍ ബഷീറിന്റെ നേതൃത്വത്തിലുള്ളവരാണ് മര്‍ദിച്ചെന്നാണ് പരാതി.
മഹല്ല് സംരക്ഷണ സമിതിക്കാര്‍ മര്‍ദിച്ചെന്ന പരാതിയില്‍ പഴയപീടികയില്‍ അബ്ദുല്ല(58), പഴയപീടികയില്‍ ഹമീദ്(49),ഹര്‍ഷാദ്(24) എന്നിവരെ വടകര ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു. നബിദിനത്തോടനുബന്ധിച്ച് പള്ളിയോട് ചേര്‍ന്ന ഖബര്‍സ്ഥാനില്‍ ഭക്ഷണം പാചകം ചെയ്യുന്നതിനെ ചൊല്ലിയാണ് സംഘര്‍ഷം. ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ പള്ളി പരിസരത്ത് ഭക്ഷണം പാചകം ചെയ്യരുതെന്ന് തീരുമാനമെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം സംരക്ഷണ സമിതി നടത്തിയ നബിദിനാഘോഷത്തില്‍ ഭക്ഷണം പുറത്തുനിന്ന് പാചകം ചെയ്താണ് കൊണ്ടുവന്നത്. ഇതിനിടയിലാണ് ശനിയാഴ്ച മുതവലി അനുകൂലികള്‍ നടത്തിയ നബിദിനാഘോഷത്തില്‍ പള്ളിപരിസരത്ത് വെച്ച് ഭക്ഷണം പാചകം ചെയ്തത്. “ഭക്ഷണം പാചകം ചെയ്യുന്നത് പോലീസുകാര്‍ക്ക് കാണിച്ച് കൊടുക്കുന്നതിനിടയിലാണ് സംഘര്‍ഷമുണ്ടായത്. പിന്നീട് പോലീസുകാരുടെ സാന്നിധ്യത്തിലാണ് ഭക്ഷണം വിതരണം ചെയ്തത്. .പള്ളി “ഭരണം ജനകീയമാക്കണമെന്നാവശ്യപ്പെട്ടാണ് നാട്ടുകാര്‍ മഹല്ല് സംരക്ഷണ സമിതി രൂപീകരിച്ചത്. പളളിയുടെ ചുറ്റുമതില്‍ നിര്‍മ്മാണത്തിന് വേണ്ടി പിരിച്ച തുകയുടെ കണക്കവതരിപ്പിക്കാന്‍ പോലും മുതവലി തയ്യാറായിട്ടില്ലെന്ന് സംരക്ഷണ സമിതിക്കാര്‍ ആരോപിക്കുന്നു. 1942 ല്‍ മുതല്‍ വഖഫ് സ്വത്തായി പള്ളിയും അനുബന്ധ സ്ഥലങ്ങളും രജിസ്റ്റര്‍ ചെയ്തതായി സംരക്ഷണ സമിതിക്കാര്‍ പറയുന്നു.