Connect with us

National

'നീതി ആയോഗ് 'എല്ലാ മേഖലയിലും സ്വകാര്യവത്കരണത്തിന് വഴിവെക്കും: സി പി എം

Published

|

Last Updated

ന്യൂഡല്‍ഹി: ആസൂത്രണ കമ്മീഷന് പകരം “നീതി ആയോഗ്” ഏര്‍പ്പെടുത്താനുള്ള കേന്ദ്ര തീരുമാനം പിന്തിരിപ്പന്‍ നടപടിയാണെന്നും ഇത് വിപണി അധിഷ്ഠിത സമ്പദ്ഘടനയിലേക്ക് ഇന്ത്യയെ കൊണ്ടുപോയി തള്ളുമെന്നും സി പി എം.
സംസ്ഥാനങ്ങള്‍ക്കുള്ള അടങ്കല്‍തുക നിശ്ചയിക്കാന്‍ കേന്ദ്ര ധനമന്ത്രാലയത്തെ അനുവദിക്കുക വഴി സംസ്ഥാനങ്ങളെ കേന്ദ്ര സര്‍ക്കാറിന്റെ ദയാദാക്ഷിണ്യത്തിന് വിടുകയായിരിക്കും ഫലമെന്നും പാര്‍ട്ടി പ്രസ്താവനയില്‍ പറഞ്ഞു. സര്‍വ മേഖലകളിലും സ്വകാര്യവത്കരണമായിക്കും ആത്യന്തികഫലമെന്നും സി പി എം ചൂണ്ടിക്കാട്ടുന്നു.
പൊതുജന ക്ഷേമം ലാക്കാക്കിയുള്ള പദ്ധതികള്‍ ഇപ്പോള്‍ തന്നെ അപര്യാപ്തമാണെന്നിരിക്കെ, അതില്‍ കൂടുതല്‍ വെള്ളം ചേര്‍ക്കുന്നതായിരിക്കും പുതിയ സംവിധാനം.
പൊതുമേഖലക്ക് വിഭവങ്ങള്‍ അനുവദിക്കുന്നതിലും, മേഖലാ പരമായ അസന്തുലിതാവസ്ഥ പരിഹരിക്കാന്‍ പൊതുനിക്ഷേപം ഉപയോഗപ്പെടുത്തുന്നതിലും ആസൂത്രണ കമ്മീഷന്‍ നിര്‍വഹിച്ചിരുന്ന പങ്ക് ഇതോടെ ഇല്ലാതാകുകയാണെന്ന് സി പി എം പറഞ്ഞു. സംസ്ഥാനങ്ങളുടെ സഹകരണ ഫെഡറലിസം അടിസ്ഥാനമായുള്ള ഒരു പുതിയ സംവിധാനമാണ് ആസൂത്രണ കമ്മീഷന് പകരമായി വരുന്നതെന്ന നരേന്ദ്ര മോദി സര്‍ക്കാറിന്റെ അവകാശവാദം വ്യാജമാണെന്നും പാര്‍ട്ടി പ്രസ്താവനയില്‍ പറഞ്ഞു.
ദേശീയ വികസന കൗണ്‍സിലിന് പകരം വരുന്ന ഒരു ഗവേണിംഗ് കൗണ്‍സില്‍ അധികാരങ്ങളില്ലാത്ത സംവിധാനമായിരിക്കും. പ്രധാനമന്ത്രിയുടേയും പ്രധാനമന്ത്രിയുടെ ഓഫീസിന്റേയും കീഴിലായിരിക്കും ഈ സംവിധാനം. ഫെഡറല്‍ സംവിധാനത്തിന് കടകവിരുദ്ധമായ ഈ സംവിധാനം പൂര്‍ണമായും കേന്ദ്രത്തിന്റെ ഇഛക്കനുസരിച്ചുള്ളതാകും. ഇതിനും പുറമെ സംസ്ഥാനങ്ങള്‍ക്കുള്ള അടങ്കല്‍ തുക നിശ്ചയിക്കുക ധനമന്ത്രാലയമായിരിക്കും. ഇത് കേന്ദ്ര സര്‍ക്കാറിന്റെ രാഷ്ട്രീയത്തിനനുസരിച്ച് തുള്ളുന്ന അവസ്ഥയിലേക്ക് സംസ്ഥാനങ്ങളെ കൊണ്ടുചെന്നെത്തിക്കും.
“ഒരു തളപ്പ് എല്ലാറ്റിനും പാകമാകു”മെന്ന് പറയുന്നത് പ്രാവര്‍ത്തികമല്ല. സംസ്ഥാനങ്ങളെ കേന്ദ്രത്തിന്റെ ദയാ ദാക്ഷിണ്യത്തിന് വിട്ടുകൊടുക്കലാകും ഫലം. പൊതുവായ തത്വങ്ങളോ മാനദണ്ഡങ്ങളോ ഇല്ലാത്തവര്‍ ഏകപക്ഷീയമായാകും തീരുമാനങ്ങളെടുക്കുക. ഇത് അങ്ങേയറ്റം അപകടകരമായ രാഷ്ട്രീയ വിലപേശലിനും അവിഹിത ഇടപാടുകള്‍ക്കും വഴിവെക്കും.
പൊതു വിഭവങ്ങള്‍ സ്വകാര്യ മേഖലക്കും വിപണി ശക്തികള്‍ക്കും വിട്ടുകൊടുക്കുകയെന്ന ആശയപരമായ കാഴ്ചപ്പാടുള്ള മോദി സര്‍ക്കാറിന്റെ നിലപാടിന് അനുസൃതമായാണ് ആസൂത്രണ കമ്മീഷന്‍ വേണ്ടെന്ന് വെച്ചതെന്നും സി പി എം ചൂണ്ടിക്കാണിച്ചു.
പൗരന്മാരുടെ മൗലികാവകാശങ്ങളും വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷ്യസുരക്ഷ, ഉപജീവനം തേടല്‍ എന്നിവ സംബന്ധിച്ച് ഭരണഘടന ഉറപ്പ് നല്‍കുന്ന നിര്‍ദേശികാ തത്വങ്ങളും പാലിക്കപ്പെടുന്നുവെന്ന് ഉറപ്പ് വരുത്തുന്നതില്‍ സംസ്ഥാനങ്ങള്‍ക്കുള്ള പങ്ക് ഇതോടെ ഉപേക്ഷിക്കപ്പെടുകയാണെന്നും സി പി എം ചൂണ്ടിക്കാണിക്കുന്നു.