Connect with us

National

സ്ത്രീ സുരക്ഷക്ക് തലസ്ഥാനത്ത് ഇനി ഹിമ്മത് ആപ്

Published

|

Last Updated

ന്യൂഡല്‍ഹി: സ്ത്രീ സുരക്ഷക്ക് തലസ്ഥാന നഗരിയില്‍ ഇനി ഹിമ്മത് ആപ്പ്. സ്ത്രീകള്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള ബുദ്ധിമുട്ട് നേരിട്ടാല്‍ ഈ മൊബൈല്‍ ആപ് ഉപയോഗിച്ച് പോലീസ് കണ്‍ട്രോള്‍ റൂമുമായോ ബന്ധുക്കളുമായോ ബന്ധപ്പെടാന്‍ സാധിക്കും. ഉദ്യോഗസ്ഥകളെ ഉദ്ദേശിച്ചാണ് പ്രധാനമായും ഈ ആപ്പ് ആവിഷ്‌കരിച്ചിട്ടുള്ളത്. വൈകി ജോലി സ്ഥലത്ത് നിന്ന് പോകുന്ന വനിതകള്‍ക്ക് ഇത് വലിയ സുരക്ഷിതത്വ ബോധം നല്‍കുമെന്ന് സര്‍ക്കാര്‍ വിലയിരുത്തുന്നു.ഹിമ്മത് ആപ്പ് കേന്ദ്ര ആഭ്യന്തര മന്ത്രി ഉദ്ഘാടനം ചെയ്തു. ഡല്‍ഹി പോലീസ് സ്വയം പ്രതിരോധ പരിശീലന പരിപാടി വിജയകരമായി പൂര്‍ത്തിയാക്കിയ പെണ്‍കുട്ടികള്‍ക്ക് രാജ്‌നാഥ് സിംഗ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിന് അദ്ദേഹം ഡല്‍ഹി പോലീസിനെ അഭിനന്ദിച്ചു.
ആപ് ഡൗണ്‍ലോഡ് ചെയ്ത ശേഷം പുതിയ ഉപയോക്താവിന് ഡല്‍ഹി പോലീസിന്റെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. ഉപയോക്താവിന്റെ പേരും അഞ്ച് ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ പേരും ഇതോടൊപ്പം നല്‍കണം. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായാല്‍ ഉപയോക്താവിന് എസ് എം എസ് ലഭിക്കും. എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാല്‍ ഫോണ്‍ ശക്തമായി ഇളക്കിയോ പവര്‍/സോഫ്റ്റ് ബട്ടണുകള്‍ അമര്‍ത്തിയോ അലര്‍ട്ട് നല്‍കാം. ഇതോടെ മുപ്പത് സെക്കന്‍ഡ് നേരത്തെ ഓഡിയോയും വീഡിയോയും റെക്കോര്‍ഡ് ചെയ്യും. ഇത് നേരെ കണ്‍ട്രോള്‍ റൂമില്‍ എത്തുന്നതോടെ ഇരക്ക് അവിടെ നിന്ന് കോള്‍ വരികയും ചെയ്യുമെന്ന് ഡല്‍ഹി പോലീസ് കമ്മീഷര്‍ ബി എസ് ബാസ്സി വിശദീകരിച്ചു. ഇതോടൊപ്പം അഞ്ച് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും എസ് എം എസ് പോകും. ഇതോടൊപ്പം ഉപയോക്താവിന്റെ ഫേസ്ബുക്ക് പേജിലും ഇതു സംബന്ധിച്ച സ്റ്റാറ്റസ് പ്രത്യക്ഷപ്പെടും. ആപ്പ് ദുരുപയോഗം ചെയ്യരുതെന്ന് പോലീസ് കര്‍ശന നിര്‍ദേശം നല്‍കുന്നുണ്ട്. അപകട ഘട്ടങ്ങളില്‍ മാത്രമേ ഉപയോഗിക്കാവൂ. മൂന്ന് തവണ തെറ്റായ സന്ദേശം നല്‍കിയാല്‍ രജിസ്‌ട്രേഷന്‍ അവസാനിക്കുമെന്നും പോലീസ് നിര്‍ദേശം നല്‍കുന്നു. ആദ്യ ഘട്ടത്തില്‍ ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ മാത്രമേ ഇപ്പോള്‍ ഈ ആപ് ലഭ്യമാകുകയുള്ളൂ.
നിര്‍ഭയ സംഭവത്തിന് ഒരു വര്‍ഷം തികയുന്നതിനിടെ യുബര്‍ ടാക്‌സിയില്‍ ഉദ്യോഗസ്ഥ പീഡിപ്പിക്കപ്പെട്ടത് നഗരത്തെ ഞെട്ടിച്ചിരുന്നു. ഡല്‍ഹി പോലീസിനെതിരെ കടുത്ത വിമര്‍ശമുയര്‍ന്ന സാഹചര്യത്തിലാണ് ഹിമ്മത് ആവിഷ്‌കരിക്കുന്നത്. ഡല്‍ഹിയിലെ ക്രമസമാധാന ചുമതല കേന്ദ്ര സര്‍ക്കാറിനാണ്.