Connect with us

Articles

സെക്രേട്ടറിയറ്റും പിന്നെ ചില ചാണക്യന്മാരും

Published

|

Last Updated

നമ്മുടെ ഭരണസിരാ കേന്ദ്രത്തിലെ ലിഫ്റ്റിന്റെ ഇരുമ്പുകയര്‍ പൊട്ടി ഏതാനും മന്ത്രിമാരും അവരുടെ ചില സ്റ്റാഫംഗങ്ങളും താഴത്തെ നിലക്കു താഴെയുള്ള ഭൂഗര്‍ഭ തറയില്‍ പതിച്ചു എന്നു വാര്‍ത്ത. സാക്ഷാല്‍ ശ്രീപത്മനാഭന്റെ കൃപകൊണ്ട് ആര്‍ക്കും കാര്യമായ ശാരീരികക്ഷതം ഒന്നും സംഭവിച്ചില്ല. മന്തിമാരും അവരുടെ സ്റ്റാഫംഗങ്ങളും മാത്രമല്ല ജനങ്ങളുടെ താത്പര്യം മുന്‍നിറുത്തിയുള്ള ആയിരക്കണക്കിനു ഫയലുകളും ഇങ്ങനെ മേലോട്ടും താഴോട്ടും സഞ്ചരിക്കുന്നുണ്ട്. ഈ ഫയലുകളില്‍ കുടുങ്ങിക്കിടക്കുന്ന ഏതോ സാധു മനുഷ്യരുടെ ശാപമായിരിക്കും ഈ ലിഫ്റ്റിന്റെ ഇരുമ്പുകയര്‍ പൊട്ടാന്‍ കാരണമായതെന്ന് അനുമാനിക്കുന്നതില്‍ തെറ്റില്ല. നമ്മുടെ ഭരണസംവിധാനത്തിന്റെ കയറുകള്‍ ഇങ്ങനെ ഒന്നൊന്നായി പൊട്ടി നിലംപതിക്കുന്നത് ഭരണസംവിധാനത്തിന്റെ ഭാഗമല്ലാത്ത സാധാരണ മനുഷ്യര്‍ക്കു കൗതുകകരമായ കാഴ്ചയാണ്.
ടി ഒ സൂരജ് എന്ന ഗവണ്‍മെന്റ് സെക്രട്ടറി വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്ന ആരോപണം ഉയര്‍ന്നു വന്നപ്പോള്‍ മുന്‍മന്ത്രി ഗണേഷ്‌കുമാര്‍ അദ്ദേഹത്തെ പ്രതിരോധിക്കാനെത്തി. ഈ സൂരജ് ഒക്കെ വെറും കൊക്കുകള്‍ മാത്രം. നമ്മുടെ ഭരണസംവിധാനത്തിലെ ചില കാട്ടുപോത്തുകള്‍ കുത്തിയിളക്കിയിട്ട മണ്ണില്‍ നിന്ന് പൊങ്ങിവരുന്ന ചില പുഴുക്കളെ മാത്രം കൊത്തിയെടുക്കുന്ന ഒരു കൊക്കുമാത്രമാണത്രേ സൂരജ്. താന്‍ നിയമസഭാ സമ്മേളനത്തില്‍ ചില കാട്ടുപോത്തുകളുടെ പേര് വെളിപ്പെടുത്താന്‍ പോകുകയാണ് എന്ന് അദ്ദേഹം പറഞ്ഞപ്പോള്‍, ഗണേഷ്‌കുമാറിനെയും അദ്ദേഹത്തിന്റെ പിതാവ് ബാലകൃഷ്ണപിള്ളയേയും അറിയാവുന്നവര്‍ അത്രക്കങ്ങ് വിശ്വസിച്ചില്ല.
കെ എം മാണിക്കു മുമ്പില്‍ ബിജു രമേശ് പകര്‍ന്നുവെച്ച അഴിമതി ആരോപണത്തിന്റെ പാനപാത്രം മാണി കുടിച്ചുവറ്റിക്കാന്‍ തത്രപ്പെടുന്നതിനിടയിലാണ് മറ്റൊരു സഖ്യകക്ഷിയായ മുസ്‌ലിം ലീഗിനെ വെട്ടിലാക്കി ഭരണകക്ഷിയുടെതന്നെ ഭാഗമായ ഗണേഷ്‌കുമാര്‍ ആരോപണശരങ്ങള്‍ എയ്തുവിട്ടത്. അത് ലക്ഷ്യത്തില്‍ കൊള്ളട്ടെ കൊള്ളാതിരിക്കട്ടെ, ഒരു കാര്യം വ്യക്തം. ഗണേഷ് കുമാര്‍ പറഞ്ഞ കൊക്കുകളും കാട്ടുപോത്തുകളും ചേര്‍ന്ന് നമ്മുടെ ആവാസ വ്യവസ്ഥകളെയാകെ ഉഴുതു മറിക്കുകയാണ്. ഈ കൊക്കുകളും കാട്ടുപോത്തുകളും ആരൊക്കെയാണ്? ഇവര്‍ തമ്മിലുള്ള ചങ്ങാത്തത്തിനും പരസ്പരാശ്രയത്തിനും നമ്മുടെ ഈ വ്യവസ്ഥിതിയോളം തന്നെ പഴക്കമുണ്ട്. കാര്യവിശകലനശേഷിയുള്ള നമ്മുടെ പല എഴുത്തുകാരും വളരെപ്പണ്ടേ തന്നെ ഇതേക്കുറിച്ച് ചിന്തിക്കുകയും ഇതിഹാസമാനങ്ങളുള്ള കൃതികള്‍ രചിക്കുകയും ചെയ്തിട്ടുണ്ട്.
തകഴി ശിവശരങ്കപ്പിള്ളയുടെ “ഏണിപ്പടികള്‍”, ചെറുകാടിന്റെ “ദേവലോകം”, മലയാറ്റൂര്‍ രാമകൃഷ്ണന്റെ “യന്ത്രം” എന്നീ നോവലുകള്‍ വായിച്ചവര്‍ക്ക് നമ്മുടെ ഭരണസിരാ കേന്ദ്രങ്ങളിലെ കൊക്കുകളെയും കാട്ടുപോത്തുകളെയും ഒന്നും പ്രത്യേകം ആരും പരിചയപ്പെടുത്തേണ്ടതില്ല. ഏണിപ്പടികളിലെയും ദേവലോകത്തിലെയും യന്ത്രത്തിലെയും കഥാപാത്രങ്ങളില്‍ നിന്നും ഏറെയൊന്നും വ്യത്യസ്തരല്ല സൂരജും രാഹുല്‍ ആര്‍ നായരും ജോപ്പനും സലിംരാജും ഇപ്പോള്‍ ഗണേഷ്‌കുമാര്‍ പേരു വെളിപ്പെടുത്തിയവരും ഒന്നും.
നാറാണത്തുഭ്രാന്തന്റെ കല്ലുരുട്ടി കയറ്റലും താഴേക്കു തള്ളിയിടലും പോലെ മേലോട്ടും താഴോട്ടും ഫയലുകള്‍ ഇട്ട് തട്ടിക്കളിക്കുന്നതിന്റെയും എവിടെ എന്ത് തെറ്റുകള്‍ പറ്റിയാലും ബന്ധപ്പെട്ട സകലര്‍ക്കും തെറ്റിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാനും കഴിയുന്ന ഇപ്പോഴത്തെ ഈ ഭരണസംവിധാനത്തില്‍ അടിയന്തരമായ പൊളിച്ചെഴുത്ത് വേണമെന്നു വാദിച്ച ഒരു മുഖ്യമന്ത്രി നമുക്കുണ്ടായിരുന്നു. അദ്ദേഹമായിരുന്നു സാക്ഷാല്‍ ഇ എം എസ്. അതിനായി അദ്ദേഹം ഇ കെ നായനാര്‍ അധ്യക്ഷനായി ഒരു ഭരണ പരിഷ്‌കാര കമ്മീഷനെയും നിയമിക്കുകയുണ്ടായി. എല്ലാ കമ്മീഷന്‍ റിപ്പോര്‍ട്ടുകളും പോലെ ആ റിപ്പോര്‍ട്ടും സെക്രട്ടേറിയറ്റിന്റെ ഏതോ മൂലയില്‍ പൊടിപിടിച്ച് കിടപ്പുണ്ടാകും. ഇ എം എസ് വിഭാവന ചെയ്ത ഭരണ പരിഷ്‌കാരങ്ങള്‍ നടപ്പിലായിരുന്നെങ്കില്‍ ഈ സെക്രേട്ടറിയറ്റ് എന്ന കൂറ്റന്‍ സ്ഥാപനം തന്നെ പൊളിച്ചടുക്കാമായിരുന്നു. അല്ലെങ്കില്‍ ഇന്നത്തേതിന്റെ മൂന്നിലൊന്നു വലുപ്പത്തില്‍ അതിനെ വെട്ടിയൊതുക്കി കാര്യക്ഷമത കൂട്ടാമായിരുന്നു. ആഭ്യന്തരം, ധനം, നിയമം, റവന്യു പൊതുഭരണം എന്നീ വകുപ്പുകള്‍ക്കു മാത്രമേ വകുപ്പുകള്‍ ആവശ്യമുള്ളു. ബാക്കി കാക്കത്തൊള്ളായിരം വകുപ്പുകള്‍ക്കും പ്രത്യേകം ഭരണത്തലവന്മാരുടെ കീഴില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ഡിപ്പാര്‍ട്ട്‌മെന്റുകളുണ്ട്. ഇപ്പോഴത്തെ നിലയില്‍ സകലമാന വികസന വകുപ്പുകള്‍ക്കും മുകളില്‍ സമാന്തരമായി പ്രവര്‍ത്തിക്കുന്ന ഓരോ അഡീഷനല്‍ ഡിപ്പാര്‍ട്ടുമെന്റുകള്‍ സെക്രേട്ടറിയറ്റ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.
ഉദാഹരണത്തിന് കോളജിയറ്റ് എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ടുമെന്റിനു ജില്ലാതല, മേഖലാതല ഡയറക്ടറേറ്റുകള്‍ക്കു പുറമെ ഒരു കേന്ദ്ര ഡയരക്ടറേറ്റും ഉണ്ട്. ഇതിനു മുകളില്‍ ആണ് സെക്രേട്ടറിയറ്റില്‍ ഒരു സെക്രട്ടറിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹയര്‍ എജ്യുക്കേഷന്‍ വിഭാഗം. ഇതു തന്നെയാണ് പൊതുമരാമത്തിന്റെയും എക്‌സൈസിന്റെയും നികുതിവകുപ്പിന്റെയും ഒക്കെ കാര്യം. അധികാര വികേന്ദ്രീകരണത്തെപ്പറ്റി സദാ സംസാരിക്കുകയും പഞ്ചായത്ത് മുനിസിപ്പല്‍ സംവിധാനങ്ങള്‍ ശക്തിപ്പെടുകയും ചെയ്തപ്പോള്‍ സ്വാഭാവികമായും ചെറുതാകേണ്ടിയിരുന്ന സര്‍ക്കാര്‍ സെക്രട്ടേറിയറ്റ് ആനുപാതികമായി വളരുകയായിരുന്നു ഇനിയും വളരാന്‍ വേണ്ട പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതായും കേള്‍ക്കുന്നു. ഇ എം എസ് നിര്‍ദേശിച്ച അഞ്ച് വകുപ്പുകള്‍ മാത്രം നിലനിറുത്തിക്കൊണ്ട് ബാക്കിയെല്ലാം പിരിച്ചുവിട്ട് അധികം വരുന്ന ഉദ്യോഗസ്ഥരെ നിലവിലുള്ള ബന്ധപ്പെട്ട വകുപ്പുകളില്‍ വിന്യസിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ പണിയുന്ന അനക്‌സറുകള്‍ ഉള്‍പ്പെട്ട പലതും വല്ല മെഡിക്കല്‍ കോളജുകളോ ആശുപത്രിയോ പോലെ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന ഏതെങ്കിലും നല്ല കാര്യങ്ങള്‍ക്കു പ്രയോജനപ്പെടുത്താമായിരുന്നു. സെക്രേട്ടറിയറ്റിനു പകരം ഡയരക്ടറേറ്റ് എന്ന ഭരണപരിഷ്‌കാരം അട്ടിമറിക്കപ്പെട്ടതിനു പിന്നില്‍ സെക്രട്ടേറിയറ്റ് ജീവനക്കാരുടെ സംഘടനാശേഷിയും പ്രൊമോഷന്‍ താത്പര്യവും മാത്രമായിരുന്നു. ഈ വിഷയത്തില്‍ ഇടതു വലതു ഭേദമൊന്നും ഇല്ല. ജീവനക്കാരുടെ തൊഴില്‍ ഭാരം കുറയ്ക്കല്‍, ശമ്പള വര്‍ധന, പ്രമോഷന്‍ സാധ്യതകള്‍ വര്‍ധിപ്പിക്കല്‍ ഇതിലൊക്കെ എല്ലാ യൂനിയന്‍കാരും ഏകാഭിപ്രായക്കാരാണ്. മാത്രമല്ല, മാറിമാറി വരുന്ന ഭരണത്തിനു കീഴില്‍ ഭരണകക്ഷിയനുകൂല സംഘടനയുടെ നേതാക്കളുടെ സ്ഥാനം മന്ത്രിമാര്‍ക്കും മീതെയാണ്. മന്ത്രിമാര്‍ ഇതു വകവെച്ചു കൊടുത്തില്ലെങ്കില്‍ സെക്രേട്ടറിയറ്റിനുള്ളില്‍ ഒറ്റ കംപ്യൂട്ടര്‍ കീ പോലും ചലിക്കില്ല. കേരളത്തിലെ സകല രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അവരുടെ കൊടിയുടെ നിറം അനുസരിച്ച് വെവ്വേറെ സംഘടനകള്‍ സെക്രേട്ടറിയറ്റിനുള്ളിലുണ്ട്. ഈ ചെറു സംഘടനകള്‍ പോലും ഇന്നു മുഖ്യധാരാ ട്രേഡ് യൂനിയന്‍ സംഘടനകളുമായി തുല്യനിലയില്‍ പരിഗണിക്കപ്പെടുന്നു എന്നതാണ് വസ്തുത. ഒരേ തൊഴിലിന് ഒരേ സംഘടനതത്വം ദീര്‍ഘകാലമായി ഇടതുപക്ഷ രാഷ്ട്രീയ ട്രേഡ് യൂനിയനുകള്‍ പറഞ്ഞുപോരുന്ന ഒരു തത്വമാണ്. സര്‍ക്കാര്‍ ശമ്പളം പറ്റുന്നവരെന്ന അടിസ്ഥാനത്തില്‍ പ്രവര്‍ത്തിപരമായ വ്യത്യാസം പോലും പരിഗണിക്കാതെ കേരളത്തിലെ അധ്യാപകരേയും എന്‍ ജി ഒമാരേയും ഫെസ്റ്റോ (ഫെഡറേഷന്‍ ഓഫ് സ്റ്റെയിറ്റ് എംപ്ലോയ്‌സ് ആന്‍ഡ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍) എന്ന പേരില്‍ ഒറ്റ സംഘടനയ്ക്കു കീഴില്‍ കൊണ്ടുവരാന്‍ ഇടതുപക്ഷ ട്രേഡ് യൂനിയന്‍ നേതൃത്വത്തിനു കഴിഞ്ഞു. എന്നാല്‍ സെക്രട്ടേറിയറ്റിലെ കേവലം മൂവായിരം പേര്‍ മാത്രമുള്ള ഈ ഗുമസ്ഥന്മാരുടെ സംഘടനയെ സംസ്ഥാന ജീവനക്കാരുടെ സംഘടനയുമായി ഐക്യപ്പെടുത്താന്‍ ഇടതുപക്ഷമസ്തിഷ്‌കങ്ങള്‍ക്കിനിയും കഴിഞ്ഞിട്ടില്ല.
പ്രാദേശികാടിസ്ഥാനത്തില്‍ ഡിപ്പാര്‍ട്ടുമെന്റ് തലവന്മാര്‍ ഭരിക്കുന്ന ഓരോ വിഷയത്തിനുമുള്ള പ്രത്യേക ഡിപ്പാര്‍ട്ടുമെന്റുകള്‍, അതിനും മുകളില്‍ ഗവണ്‍മെന്റ് സെക്രട്ടറിമാര്‍ നയിക്കുന്ന സെക്രേട്ടറിയറ്റ് സെക്ഷനുകള്‍, അതിനുമുകളില്‍ വകുപ്പു മന്ത്രിമാരും അവരുടെ ഓഫീസും, അവിടെ കുടിയിരുത്തിയിരിക്കുന്ന മുപ്പതോളം വരുന്ന സ്വകാര്യ സ്റ്റാഫും- ഇത്തരം ഒരു ത്രിതല സംവിധാനമാണ് നമുക്കുള്ളത്. നിയമാനുസൃതം നമ്മുടെ ഒരു വില്ലേജ് ഓഫീസറുടെ മേശപ്പുറത്തു നിന്ന് യാത്രതുടങ്ങുന്ന ഒരു സങ്കടപരിഹാര ഹര്‍ജി, ഉള്ളടക്കത്തിന്റെ ഗൗരവം അനുസരിച്ച് 20 മുതല്‍ 30 വരെ മേശപ്പുറങ്ങളിലൂടെ സഞ്ചരിച്ചിട്ടു വേണം അതു സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകാന്‍. ചൊവ്വ ഗ്രഹത്തിലേക്കയക്കപ്പെട്ട ഒരു ഉപഗ്രഹം അവിടെ നിന്ന് വിവരശേഖരണം നടത്തി തിരികെ ഭൂമിയിലെത്താന്‍ ഒരുപക്ഷേ ഇതിലും കുറച്ചു സമയമേ എടുക്കൂ. സര്‍ക്കാര്‍ തീരുമാനത്തില്‍ യാതൊരു ക്രമക്കേടുകളും സംഭവിക്കരുത്. നിയമം നിയമത്തിന്റെ വഴിയില്‍ നിന്ന് അല്‍പം ഇടത്തോട്ടോ വലത്തോട്ടോ ചാഞ്ഞുപോകരുത്. എന്നൊക്കെയുള്ള നിര്‍ബന്ധം കൊണ്ടാണ് ഇത്രയേറെ സങ്കീര്‍ണമായ ഒരു ഭരണയന്ത്രം വിദേശ സായിപ്പുകള്‍ എടുത്ത് ഇവിടെ ഉപേക്ഷിച്ചിട്ട് പോയത്. എത്ര തുരുമ്പ് പിടിച്ചാലും ആ യന്ത്രത്തില്‍ നിന്ന് ഒരു നട്ടോ ബോള്‍ട്ടോ അഴിച്ചുമാറ്റാന്‍ ഇപ്പോഴും നമുക്കു ധൈര്യം വന്നിട്ടില്ല.
സാധാരണ വകുപ്പുതല പ്രാദേശിക ആഫീസുകളില്‍ മൂന്ന് മുതല്‍ അഞ്ച് വരെ പ്രമോഷന്‍ തസ്തികകളുള്ളപ്പോള്‍ സെക്രട്ടേറിയറ്റു വിഭാഗത്തില്‍ 11 മുതല്‍ 13 വരെ പ്രമോഷന്‍ തസ്തികകളാണുള്ളത്. അഭ്യസ്തവിദ്യരും പൊതുവെ ശുദ്ധാത്മാക്കളും നിരുപദ്രവികളുമായ ഈ സര്‍ക്കാറുദ്യോഗസ്ഥന്മാര്‍ക്കു സ്വതന്ത്രമായ തീരുമാനം എടുക്കാനും നടപ്പില്‍ വരുത്താനും ചട്ടപ്രകാരമുള്ള അനുമതി നല്‍കിയാല്‍ പല തട്ടുകളിലായി പെരുകിവരുന്ന അഴിമതി ഒരു പരിധിവരെ പരിഹരിക്കാകുന്നതേയുള്ളു. ഇന്നത്തെ അവസ്ഥയില്‍ ഭരണസംവിധാനം ഒരു രാവണന്‍ കോട്ടപോലെ സങ്കീര്‍ണമാണ്. അതിനാല്‍ അഴിമതിയുടെ കെട്ടുപിണഞ്ഞ കുരുക്കുകള്‍ ഏത് കോടതി വിചാരിച്ചാലും അഴിക്കാന്‍ കഴിയില്ല. അഴിമതി നടന്നു എന്ന് വ്യക്തമായിരിക്കുമ്പോഴും തെളിവെവിടെ എന്ന ചോദ്യം അധികാരസ്ഥാനങ്ങളില്‍ നിന്ന് മുഴങ്ങിക്കൊണ്ടിരിക്കുന്നത് ഇത്തരം സങ്കീര്‍ണതകള്‍ കൊണ്ടുകൂടിയാണ്.
മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരുടെ ഓഫീസുകളെ കേന്ദ്രീകരിച്ച് ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന ഈ അഴിമതിക്കഥകളിലെ നായകനാര്? വില്ലനാര്? എന്നറിയാനുള്ള ആകാംക്ഷയാണ് സാമാന്യ ജനങ്ങളെ അലട്ടുന്നത്. മന്ത്രിമാര്‍ പൊതുവെ ഒരു വിഭാഗം ജനങ്ങളുടെയെങ്കിലും പ്രീതിക്ക് പാത്രീഭവിച്ചവരും തങ്ങളുടെ രക്ഷാബിംബങ്ങളായി അവര്‍ മനസ്സില്‍ പ്രതിഷ്ഠിച്ചവരും ആയിരിക്കും. തങ്ങളുടെ നായക സങ്കല്‍പ്പങ്ങളില്‍ കളങ്കം ആരോപിക്കപ്പെടുന്നത് അവരെ സംബന്ധിച്ചിടത്തോളം അത്യന്തം അരോചകമായിരിക്കും. അത് ഉമ്മന്‍ ചാണ്ടിയുടെ കാര്യത്തിലായാലും മറ്റാരുടെ കാര്യത്തിലായാലും സമാനമാണ്. ഇത്തരം ഘട്ടങ്ങളില്‍ അവരുടെ രക്ഷക്കെത്താന്‍ നിയോഗിക്കപ്പെട്ട ചാവേര്‍പ്പടകളാണെന്ന് തോന്നുന്നു അവരെ സേവിക്കുന്ന ഈ പേഴ്‌സനല്‍ സ്റ്റാഫ് സംവിധാനം. പേഴ്‌സനല്‍ സ്റ്റാഫ് തെറ്റ് ചെയ്‌തെങ്കില്‍ ഉമ്മന്‍ ചാണ്ടി എന്തു പിഴച്ചു എന്നദ്ദേഹത്തിന്റെ ആരാധകര്‍ ചോദിക്കുന്നത് നമ്മള്‍ കേട്ടതാണ്. ഇതേ ന്യായം മറ്റുള്ളവരുടെ അനുയായികളും ചോദിക്കുന്നു. നിയമം നിയമത്തിന്റെ വഴിയില്‍ പൊയ്‌ക്കോട്ടെ. എത്ര ലാഘവത്തോടെയാണ് നമ്മുടെ ദൃശ്യമാധ്യമങ്ങളുടെ അന്തിച്ചന്തകളില്‍ വന്നിരുന്ന് ഓരോരുത്തര്‍ തങ്ങളുടെ മനസ്സിലെ വികൃതാശയങ്ങള്‍ വിറ്റഴിക്കാന്‍ വായ്ത്താരി മുഴക്കുന്നത്. ഒരു മന്ത്രിയുടെ പേഴ്‌സനല്‍ സ്റ്റാഫ് വിചാരിച്ചാല്‍ എന്താണിവിടെ നടന്നുകൂടാത്തത്.! പൊതുമരാമത്തു മന്ത്രിയുടെ വകുപ്പില്‍ അടി മുതല്‍ മുടിവരെയുള്ള സാങ്കേതികവിദഗ്ധന്മാരൊക്കെ യഥാസ്ഥാനത്ത് യഥാവസരം പരിശോധിച്ച് അംഗീകാരം നല്‍കിയ പ്രൊജക്ട് എസ്റ്റിമേറ്റുകള്‍ 30 മുതല്‍ 50 ശതമാനം വരെ വര്‍ധിപ്പിച്ച് പുതുക്കി നല്‍കാന്‍ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് ശിപാര്‍ ചെയ്യുന്നു. അതനുസരിക്കപ്പെടുന്നു, ജോലികള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. ഇങ്ങനെ പറഞ്ഞു ഫലിപ്പിക്കാനാണ് ചിലര്‍ ശ്രമിച്ചു കാണുന്നത്.
സെക്രേട്ടറിയറ്റ് തന്നെ വേണ്ടന്നു വെക്കുക, സമര്‍ഥരായ ഐ എ എസുകാരെ കിട്ടാനില്ലാത്തതിനാല്‍ കേരളത്തിനു മാത്രമായി ഒരു സ്റ്റേറ്റ് സിവില്‍ സര്‍വീസ് രൂപവത്കരിക്കുക ഇങ്ങനെ ഒട്ടേറെ നിര്‍ദേശങ്ങള്‍ നമ്മുടെ ഭരണപരിഷ്‌കാര കമ്മീഷന്‍ ശിപാര്‍ശകളുടെ ഭാഗമായി അന്തരീക്ഷത്തിലുണ്ട്. അതിലൊന്നും തന്നെ മന്ത്രിമാരുടെ സ്വകാര്യ സ്റ്റാഫിനെ ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥന്മാരുടെ തലക്കു മുകളില്‍ പ്രതിഷ്ഠിക്കുന്നതിന്റെ ആപത്തിനെക്കുറിച്ച് ഒരു സൂചനപോലും നല്‍കിക്കാണുന്നില്ല. സര്‍വീസ്ചട്ടങ്ങള്‍ എന്ന തോട്ടികൊണ്ട് തളയ്ക്കാവുന്ന ഇനങ്ങളല്ല ഇത്തരം ലാവണങ്ങളില്‍ കടന്നു കൂടുന്നത്. മന്ത്രിമാരുടെ വ്യക്തിപരവും ഭരണപരവുമായ താത്പര്യങ്ങളെക്കാളേറെ മന്ത്രിമാരുടെ പാര്‍ട്ടി താത്പര്യങ്ങളെ ആശ്രയിച്ചാണ് ഇവരുടെ കടന്നുവരവ്. രാഷ്ട്രീയ ഭിക്ഷാംദേഹികളുടെ താത്കാലിക താവളമായി സെക്രേട്ടറിയറ്റിനെ മാറ്റാതിരിക്കുക. കഴിയുന്നതും ഗവണ്‍മെന്റെ സര്‍വീസില്‍ ഉത്തരവാദിത്വമുള്ള തസ്തികകളില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ തന്നെ മന്ത്രിമാരുടെ പേഴ്‌സനല്‍ സ്റ്റാഫില്‍ നിയമിക്കുക. അവരുടെ ചെയ്തികള്‍ക്കെല്ലാം ഉള്ള ഉത്തരവാദിത്വം മന്ത്രിമാര്‍ ഏറ്റെടുക്കുക. ഇത്തരം ചില ഭരണപരിഷ്‌കാരങ്ങളെങ്കിലും നടപ്പിലാക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ തയ്യാറാകുമെങ്കില്‍ അടിക്കടി ഉയരുന്ന അഴിമതി ആരോപണങ്ങളുടെ പുകമറ തെല്ലെങ്കിലും ശമിപ്പിക്കാന്‍ അത് സഹായകമായേക്കും.
(കെ സി വര്‍ഗീസ്- 9446268581)

---- facebook comment plugin here -----

Latest