തച്ചങ്കരിക്ക് സ്ഥാനക്കയറ്റം

Posted on: January 1, 2015 12:23 am | Last updated: January 1, 2015 at 12:23 am

Tomin-Thachankari-Malayalam-Newsതിരുവനന്തപുരം: വിവാദങ്ങള്‍ക്കൊടുവില്‍ ഐ ജി ടോമിന്‍ തച്ചങ്കരിക്ക് എ ഡി ജി പിയായി സ്ഥാനക്കയറ്റം. ഇതിന് പുറമെ മറ്റു ആറ് ഐ പി എസ് ഉദ്യോഗസ്ഥര്‍ക്ക് കൂടി ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം സ്ഥാനക്കയറ്റം നല്‍കി. തച്ചങ്കരിയുടെ സ്ഥാനക്കയറ്റം ചീഫ് സെക്രട്ടറിയടക്കം എതിര്‍ത്തിരുന്നെങ്കിലും നിയമവകുപ്പ് സെക്രട്ടറി അനുകൂല നിയമോപദേശം നല്‍കിയതോടെയാണ് തീരുമാനമെടുത്തത്. എ ഡി ജി പിയായെങ്കിലും മാര്‍ക്കറ്റ് ഫണ്ട് മാനേജിംഗ് ഡയരക്ടര്‍ പദവിയില്‍ തുടരും. മൂന്ന് വര്‍ഷമായി തച്ചങ്കരിയുടെ സ്ഥാനക്കയറ്റം തടഞ്ഞുവെച്ചിരിക്കുകയായിരുന്നു. പ്രത്യേക അജന്‍ഡയായാണ് മന്ത്രിസഭ ഇക്കാര്യം പരിഗണിച്ചത്. തച്ചങ്കരിക്ക് പുറമെ, ഐ ജി ഷേക്ക് ദര്‍വേഷ് സാഹിബിനും ഹരിനാഥ് മിശ്രക്കും എ ഡി ജി പി പദവി നല്‍കിയിട്ടുണ്ട്.
ഡി ഐ ജിമാരായ എസ് ശ്രീജിത്, വിജയ് സാക്കറെ, മഹിപാല്‍ യാദവ്, വിജയ് ശ്രീകുമാര്‍ എന്നിവര്‍ക്ക് ഐ ജിമാരായി സ്ഥാനക്കയറ്റം നല്‍കി. ശ്രീജിത്ത് മനുഷ്യാവകാശ കമ്മീഷനില്‍ ഇന്‍വെസ്റ്റിഗേറ്റീവ് ഓഫീസറായി തുടരും. ശ്രീജിത്തിന് സ്ഥാനക്കയറ്റം നല്‍കുന്നതിനെതിരെയും നേരത്തെ പരാതികള്‍ ഉയര്‍ന്നിരുന്നു. മഹിപാല്‍ യാദവിനെ ഇന്റേണല്‍ സെക്യൂരിറ്റിയിലും വിജയ് ശ്രീകുമാറിനെ എ പി ബറ്റാലിയനിലും ഐ ജിമാരായി നിയമിച്ചു. വിജയ് സാക്കറെ ബി എസ ്എഫ് ഡപ്യൂട്ടേഷനിലാണ്.
1987 ബാച്ച് ഐ പി എസ് ഉദ്യോഗസ്ഥനാണ് ടോമിന്‍ തച്ചങ്കരി. ഇദ്ദേഹത്തിന്റെ ബാച്ചിലെ ആര്‍ ശ്രീലേഖ, അരുണ്‍ കുമാര്‍ സിന്‍ഹ എന്നിവര്‍ക്കു 2011 ഡിസംബറില്‍ എ ഡി ജി പിയായി സ്ഥാനക്കയറ്റം ലഭിച്ചിരുന്നു. എന്നാല്‍, മൂന്ന് വകുപ്പുതല അന്വേഷണം നടന്നിരുന്നതിനാല്‍ തച്ചങ്കരിക്ക് അപ്പോള്‍ സ്ഥാനക്കയറ്റം നല്‍കിയില്ല. അതിന് ശേഷമാണ് വിദേശയാത്രാ വിവാദവും സസ്‌പെന്‍ഷനുമുണ്ടായത്. ഇതിന് പിന്നാലെ അവിഹിത സ്വത്ത് സമ്പാദ്യക്കേസില്‍ വിജിലന്‍സ് കോടതിയില്‍ കുറ്റപത്രവും നല്‍കി. വിജിലന്‍സ് കുറ്റപത്രം നല്‍കിയതോടെയാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി സ്ഥാനക്കയറ്റം എതിര്‍ത്തത്. അഡ്വക്കറ്റ് ജനറലില്‍ നിന്ന് അനുകൂല നിയമോപദേശം ലഭിച്ചതിനു പിന്നാലെ നിയമ സെക്രട്ടറിയുടെ അഭിപ്രായം കൂടി തേടിയാണ് ഇന്നലെ സ്ഥാനക്കയറ്റ തീരുമാനമെടുത്തത്.