ചീഫ് സെക്രട്ടറിക്ക് എതിരെ വിജിലന്‍സ് അന്വേഷണം

Posted on: January 1, 2015 12:19 am | Last updated: January 1, 2015 at 12:19 am

തിരുവനന്തപുരം: ചീഫ് സെക്രട്ടറി ഇ കെ ഭരത്ഭൂഷണെതിരെ വിജിലന്‍സ് അന്വേഷണം. അനധികൃത സ്വത്ത് സമ്പാദനം, സ്വത്തുവിവരങ്ങള്‍ സര്‍ക്കാറില്‍ നിന്ന് മറച്ചുവെക്കല്‍, അഴിമതി തുടങ്ങിയ ആരോപണങ്ങളിലാണ് ക്വിക്ക് വെരിഫിക്കേഷന്‍ നടത്താന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് വിന്‍സന്‍ എം പോള്‍ ഉത്തരവിട്ടത്. ജോയ് കൈതാരം നല്‍കിയ പരാതിയിലാണ് നടപടി. ഭരത്ഭൂഷണ്‍ 2011-14 കാലത്ത് കേന്ദ്രസര്‍ക്കാറിന് സമര്‍പ്പിച്ച വാര്‍ഷിക സ്വത്തുവിവര രേഖ അപൂര്‍ണവും മനഃപൂര്‍വം തെറ്റിദ്ധരിപ്പിക്കാന്‍ ലക്ഷ്യമിട്ടതുമാണെന്നും പരാതിയിലുണ്ട്. ആര്‍ജിത സ്വത്തുക്കളുടെ മൂല്യവും കുടുംബങ്ങളുടെ സ്വത്തുവിവരവും രേഖപ്പെടുത്താത്തത് അനധികൃത സമ്പാദ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്. വ്യോമയാന ഡയറക്ടര്‍ ജനറല്‍ ആയിരിക്കെ ഡല്‍ഹിക്ക് അടുത്ത് നോയിഡയിലും കൊച്ചി വില്ലിംഗ്ടണിലും കോടികള്‍ വിലമതിക്കുന്ന ഫഌറ്റ് ഭാര്യ രഞ്ജനാ ഭൂഷന്റെ പേരിലും സ്വന്തം പേരിലും സമ്പാദിച്ചിട്ടുണ്ട്.
കൊച്ചിയിലെ മൂന്ന് കോടി രൂപ വിലമതിക്കുന്ന ഫഌറ്റിന് എണ്‍പത് ലക്ഷം രൂപമാത്രമാണ് കാണിച്ചിരിക്കുന്നത്. 2011ല്‍ വാങ്ങിയ ഈ വസ്തുവിന്റെ വിവരം 2012ല്‍ കാണിച്ചിട്ടില്ല. തൃശൂര്‍ പാട്ടുരായ്ക്കലില്‍ രഞ്ജനാഭൂഷന്റെ പേരിലുള്ള 40 സെന്റ് സ്ഥലത്ത് കല്ല്യാണ്‍ ഗ്രൂപ്പുമായി ചേര്‍ന്ന് ഫാള്റ്റ് ബിസിനസ് നടത്തിയിരുന്നു. ഇതിലെ 40 ഫഌറ്റുകളില്‍ 13 എണ്ണം ഭാര്യയുടെ പേരിലാണെന്നും ഇത് ഭരത് ഭൂഷന്റെ ബിനാമി ഇടപാടാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
കവടിയാറില്‍ സ്വന്തംപേരിലുള്ള കെട്ടിടത്തിന്റെ വാങ്ങലും വില്‍പ്പനയും സംബന്ധിച്ച ദുരൂഹതകള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഭരത് ഭൂഷ ണ്‍ സമര്‍പ്പിച്ച രേഖകള്‍ പ്രകാരം അദ്ദേഹത്തിന്റെ വാര്‍ഷിക നീക്കിയിരിപ്പ് വരുമാനം എട്ടുലക്ഷം രൂപയില്‍ താഴെയാണ്. മകള്‍ പാര്‍വതി ഭൂഷണ്‍ അമേരിക്കയില്‍ പഠിക്കുന്നത് പ്രതിവര്‍ഷം 43 ലക്ഷം രൂപ ചെലവഴിച്ചാണ്. ഇവരുടെ പഠനച്ചെലവും ഭരത് ഭൂഷന്റെ വരുമാനവും ഒത്തുപോകുന്നതല്ലെന്നും പരാതിയിലുണ്ട്.