ഘര്‍വാപസി; ബി ജെ പിക്കും സര്‍ക്കാപങ്കില്ല: വെങ്കയ്യ നായിഡു

Posted on: January 1, 2015 12:18 am | Last updated: January 1, 2015 at 12:18 am

തിരുവനന്തപുരം: കേരളത്തില്‍ നടക്കുന്ന മതപരിവര്‍ത്തനത്തില്‍ ബി ജെ പിക്കോ കേന്ദ്രസര്‍ക്കാരിനോ പങ്കില്ലെന്ന് കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു. തിരുവനന്തപുരം പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതപരിവര്‍ത്തനത്തില്‍ പിന്നില്‍ ബി ജെ പിയല്ലെന്നും കേന്ദ്രസര്‍ക്കാര്‍ യാതൊരുവിധ ഇടപെടലും ഇക്കാര്യത്തില്‍ നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആര്‍ എസ് എസിന് അവരുടെതായ അജണ്ടകളും പരിപാടികളുമുണ്ട്. അത് അവര്‍ നടപ്പിലാക്കുന്നുമുണ്ട്. എന്നാല്‍ ഓരോ പൗരനും ഏത് മതത്തില്‍ വിശ്വസിക്കണമെന്നതെല്ലാം അവരുടെ വ്യക്തിപരമായ ഇഷ്ടമാണ്. നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നതായി കേരളത്തില്‍ നിന്നുള്ള എം പിയാണ് ലോക്‌സഭയില്‍ ഉന്നയിച്ചത്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. വികസനം എന്ന ചിന്ത മാത്രമാണ് ഇപ്പോള്‍ സര്‍ക്കാരിനുള്ളതെന്നും വിവാദങ്ങളുടെ പിന്നാലെ പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.