കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസുകാര്‍ക്കേ കഴിയൂ: ഉമ്മന്‍ചാണ്ടി

Posted on: January 1, 2015 12:17 am | Last updated: January 1, 2015 at 12:17 am

തിരുവനന്തപുരം: ഇതുവരെ കിട്ടിയതൊന്നും മതിയായില്ലെങ്കില്‍ എല്‍ ഡി എഫിന് തനിക്കെതിരായ സമരം തുടരാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നടത്തിയ സമരമെല്ലാം പരാജയപ്പെട്ടു. തനിക്കെതിരെ എന്ത് വേണമെങ്കിലും ആകാം. സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരായ സമരം പുനരാരംഭിക്കാനുള്ള എല്‍ ഡി എഫ് തീരുമാനത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി. കോണ്‍ഗ്രസിനെ ക്ഷീണിപ്പിക്കാന്‍ കോണ്‍ഗ്രസുകാര്‍ക്ക് അല്ലാതെ മാറ്റാര്‍ക്കും കഴിയില്ലെന്നും മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.
എല്‍ ഡി എഫ് നടത്തിയ സെക്രട്ടേറിയറ്റ് ഉപരോധം അവസാനിപ്പിക്കാന്‍ ആധാരമാക്കിയത് സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതായിരുന്നു. എന്നാല്‍, ഈ കമ്മീഷനുമായി സഹകരിക്കാന്‍ തയ്യാറായില്ല. മുഖ്യമന്ത്രിയും ഓഫീസും അന്വേഷണ പരിധിയില്‍ വരില്ലെന്നതാണ് കാരണമായി പറഞ്ഞത്. നിയമസഭയില്‍ ഉന്നയിക്കപ്പെട്ട എല്ലാ പ്രശ്‌നങ്ങളും അന്വേഷണ പരിധിയില്‍ വരുമെന്ന് അന്ന് തന്നെ താന്‍ വ്യക്തമാക്കിയതാണ്. ഇപ്പോള്‍, കമ്മീഷന്‍ എന്നെ കൂടി സാക്ഷിപ്പട്ടികയില്‍പ്പെടുത്തിയപ്പോള്‍ അന്വേഷണവുമായി സഹകരിച്ചിരിക്കയാണ്. ടേംസ് ഓഫ് റഫറന്‍സില്‍ തന്നെ ഉള്ള കാര്യമാണിത്. മുഖ്യമന്ത്രിയുടെ ഓഫീസിനെ ഉള്‍പ്പെടുത്തിയാല്‍ ഇവര്‍ പറയും ഓഫീസിന്റെ വരാന്ത വന്നിട്ടില്ല, ലിഫ്റ്റ് വന്നിട്ടില്ല എന്ന്. ഇതെല്ലാം ഉള്‍പ്പെടുത്തിയുള്ള അന്വേഷണമാണ് പ്രഖ്യാപിച്ചത്. ഇപ്പോള്‍ അന്വേഷണ കമ്മിഷന്‍ മുഖ്യമന്ത്രിയെ സാക്ഷിയായി ഉള്‍പ്പെടുത്തുന്നുണ്ടെന്ന് പറഞ്ഞാണ് അവര്‍ സമരം നടത്തുന്നത്. കോണ്‍ഗ്രസുകാരെല്ലാം യോജിച്ച് പ്രവര്‍ത്തിച്ചാല്‍ കോണ്‍ഗ്രസിനെയും യു ഡി എഫിനെയും വെല്ലാന്‍ ഒരാള്‍ക്കും കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്താര്‍ അബ്ബാസ് നഖ്‌വിയുടെ നേതൃത്വത്തില്‍ ബി ജെ പി ന്യൂനപക്ഷങ്ങളെ ആകര്‍ഷിക്കാന്‍ പദ്ധതി ആവിഷ്‌കരിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
ഇത്തരം പ്രചാരണങ്ങള്‍ക്കൊണ്ട് കോണ്‍ഗ്രസിനൊന്നും നഷ്ടപെടാന്‍ പോകുന്നില്ല. കോണ്‍ഗ്രസ് വ്യക്തമായ നയവും കാഴ്ച്ചപാടുമായാണ് പ്രവര്‍ത്തിക്കുന്നത്. ജയവും തോല്‍വിയും ഉണ്ടാകും. ദയനീയമായി തോറ്റശേഷവും ശക്തമായി തിരിച്ചുവന്നതാണ് പാരമ്പര്യം. എല്ലാകാലത്തും കോണ്‍ഗ്രസ് അവസരത്തിനൊത്ത് ഉയരും. സര്‍ക്കാര്‍ രണ്ട് പേരുടെ ഭൂരിപക്ഷത്തില്‍ നിന്നാണ് ഇതുവരെ എത്തിയത്. പല ആക്ഷേപങ്ങളും കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. പ്രതിപക്ഷം തെറ്റായ പ്രചാരണവും നടത്തി. ഒന്നും വിജയിച്ചില്ലെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.