നിശാഗന്ധി ഉത്സവം 20 മുതല്‍

Posted on: January 1, 2015 12:16 am | Last updated: January 2, 2015 at 12:18 am

തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന നിശാഗന്ധി മേള ഈ മാസം 20 മുതല്‍ 28 വരെയായി നടക്കും. ഗായകന്‍ കൈലാഷ് ഖേറും സരോദ് വാദകന്‍ ഉസ്താദ് അംജത് അലീ ഖാനും പത്മശ്രീ സുധാ രഘുനാഥനും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഇത്തവണ മേളയില്‍ പങ്കെടുക്കുന്നുണ്ട്. സുഹാസിനി മണിരത്‌നം, ഗോപിക വര്‍മ, മേതില്‍ ദേവിക, കൃതിക സുബ്രഹ്മണ്യം, യാമിനി റെഡ്ഡി തുടങ്ങിയ പ്രശസ്ത നര്‍ത്തകര്‍ക്കൊപ്പം ചലച്ചിത്രതാരം മഞ്ജു വാര്യരും അരങ്ങിലെത്തും. ടൂറിസം മന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ മന്ത്രി എ പി അനില്‍കുമാര്‍ മേളയുടെ ബ്രോഷര്‍ പ്രകാശനം ചെയ്തു. ഉദ്ഘാടന ദിവസം പ്രശസ്ത സംഗീതജ്ഞന്‍ കൈലാഷ് ഖേര്‍ ‘കൈലാസ’ എന്ന സൂഫി ഫ്യൂഷന്‍ സംഗീത പരിപാടി അവതിരിപ്പിക്കും. രണ്ടാം ദിവസം ചലച്ചിത്രതാരം മഞ്ജു വാര്യരുടെ കുച്ചിപ്പുടിയും നിമിതാ ദേവി നൃത്ത ആശ്രമത്തിന്റെ മണിപ്പൂരി നൃത്തവും അരങ്ങേറും. ആരുഷി മുഗ്ദളിന്റെ ഒഡീസിയും സുധാ രഘുനാഥന്റെ സംഗീത കച്ചേരിയുമാണ് 22ലെ പ്രധാന പരിപാടികള്‍. 23 ന് പായല്‍ രാംചന്ദാനിയുടെ കുച്ചുപ്പുടിയെ തുടര്‍ന്ന് സരോദ് വാദകനായ അംജത് അലീഖാന്‍ മക്കളായ അമാന്‍ അലീഖാന്‍, അയാന്‍ അലീഖാന്‍ എന്നിവരുമായി ചേര്‍ന്നു നടത്തുന്ന സംഗീത വിരുന്ന് അരങ്ങേറും. മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലൂടെ മലയാളിക്കു സുപരിചിതനായ കന്നട നടന്‍ ശ്രീധറും ഭാര്യ അനുരാധയും അവതരിപ്പിക്കുന്ന ഭരതനാട്യമാണ് 24നു നടക്കുന്ന പ്രധാന പരിപാടി.