Connect with us

International

വിമാനത്തിന്റെ അവസാന നിമിഷങ്ങളെ കുറിച്ച് പുതിയ ചോദ്യങ്ങള്‍

Published

|

Last Updated

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള യാത്രാമധ്യേ ജാവ കടലില്‍ തകര്‍ന്നുവീണ വിമാനത്തിന് വേണ്ടിയുള്ള തിരച്ചിലിനിടെ ലൈഫ്ജാക്കറ്റ് ധരിച്ച മൃതദേഹം കണ്ടെത്തിയത് വിമാനത്തിന്റെ തകര്‍ച്ചയെ സംബന്ധിച്ച് കൂടുതല്‍ ചോദ്യങ്ങള്‍ ബാക്കിയാക്കുന്നു. ഇന്തോനേഷ്യന്‍ തിരച്ചില്‍ സംഘമാണ് ഇന്നലെ ലൈഫ്ജാക്കറ്റ് ധരിച്ച നിലയില്‍ ഒരു മൃതദേഹം കടലില്‍ നിന്ന് കണ്ടെടുത്തത്. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കിടന്ന ഭാഗത്തിനടുത്തായി കറുത്ത വലിയ ഒരു വസ്തു കടലിനടിയില്‍ കണ്ടെത്തി. തകര്‍ന്ന വിമാനത്തിന്റെ ഭാഗമാണ് ഇതെന്ന് തിരച്ചില്‍ സംഘം സംശയം പ്രകടിപ്പിക്കുന്നുണ്ട്. തിരച്ചിലിനിടെ കണ്ടെത്തിയ മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന് പുറമെ 130 ആംബുലന്‍സുകളും പ്രദേശത്ത് സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ടെന്ന് തിരച്ചിലിന് നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കഴിഞ്ഞ ഞായറാഴ്ച മുതല്‍ നിരവധി കപ്പലുകളും വിമാനങ്ങളും കാണാതായ എയര്‍ ഏഷ്യ വിമാനത്തിന് വേണ്ടിയുള്ള തിരച്ചിലില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഏഴ് മൃതശരീരങ്ങള്‍ കൂടി കടലില്‍ നിന്ന് കഴിഞ്ഞ ദിവസം കണ്ടെത്തി. ഇവരില്‍ ഏഴ് പേരും പൂര്‍ണമായ രൂപത്തില്‍ വസ്ത്രം ധരിച്ചവരാണ്. വെള്ളത്തില്‍ പതിക്കുമ്പോള്‍ വിമാനത്തിന് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് ഇത് വ്യക്തമാക്കുന്നതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. വിമാനം കടലില്‍ പതിക്കുന്നതിന് മുമ്പ് എയര്‍ജാക്കറ്റ് ധരിക്കാന്‍ യാത്രക്കാര്‍ക്ക് സമയം ലഭിച്ചിട്ടുണ്ടാകാമെന്നാണ് സൂചന. അതേസമയം, പൈലറ്റ് എന്തെങ്കിലും തരത്തിലുള്ള അപകട സൂചനകള്‍ നല്‍കിയിരുന്നില്ല. മോശം കാലാവസ്ഥയില്‍ നിന്ന് രക്ഷപ്രാപിക്കാനായി ഉയര്‍ന്നുപറക്കാന്‍ പൈലറ്റ് അനുവദി വാങ്ങിയതിന് ശേഷമാണ് വിമാനം കാണാതാകുന്നത്. ലൈഫ് ജാക്കറ്റ് ധരിച്ച മൃതദേഹം കണ്ടെത്തിയത് മൂലം എന്താണ് വിമാനത്തിന് സംഭവിച്ചതെന്ന് പറയാന്‍ കഴിയില്ലെന്നാണ് തിരച്ചിലില്‍ ഏര്‍പ്പെട്ടവരുടെ അഭിപ്രായം. മോശം കാലാവസ്ഥയെ തുടര്‍ന്ന് തിരച്ചില്‍ താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.
വിമാനം ഒറ്റയടിക്ക് കടലില്‍ പതിച്ചതല്ലെന്ന് ലൈഫ് ജാക്കറ്റ് ധരിച്ച മൃതദേഹം കണ്ടെത്തിയതിലൂടെ മനസ്സിലാക്കാമെന്ന് പേര് വെളിപ്പെടുത്താത്ത ഒരു പൈലറ്റ് അഭിപ്രായപ്പെട്ടു. ലൈഫ് ജാക്കറ്റ് ധരിക്കാന്‍ ഉള്ള സമയം യാത്രക്കാര്‍ക്ക് ലഭിച്ചിരുന്നതായും 30,000 അടി മുകളിലൂടെ യാത്ര ചെയ്യുന്ന ഒരു വിമാനത്തിന് താഴെയെത്താന്‍ ഒരു മിനിറ്റ് മതിയാകുമെന്നും ഈ സമയത്ത് പൈലറ്റ് ഒരു അപായ സന്ദേശം നല്‍കാന്‍ കഴിയാത്ത സാഹചര്യത്തിലായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കടലില്‍ നിന്ന് കണ്ടെത്തിയതിന്റെ ടി വി ചിത്രങ്ങള്‍ കണ്ട് കഴിഞ്ഞ ദിവസം നിരവധി ആളുകള്‍ കുഴഞ്ഞുവീണിരുന്നു. അതിനിടെ, മൃതദേഹങ്ങള്‍ വീണ്ടെടുക്കുന്നതിനായിരിക്കും പ്രാഥമിക പരിഗണനയെന്ന് ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോകോ വിദോദോ പറഞ്ഞു.

Latest