പാലക്കാട്: ഊര്‍ജ സംരക്ഷണ പദ്ധതിയുടെ പേരില്‍ പൊതുമേഖലാ സ്ഥാപനമായ അനര്‍ട്ടില്‍ കോടികളുടെ അഴിമതി. ലോക്കല്‍ ഫണ്ട് ഓഡിറ്റ് നടത്തിയ പരിശോധനയിലാണ് ഊര്‍ജ സംരക്ഷണ പദ്ധതിക്കായി അനര്‍ട്ട് 32 കോടിയിലധികം രൂപയുടെ നഷ്ടം വരുത്തിയതായി കണ്ടെത്തിയത്. പദ്ധതിയുടെ ഭാഗമായി പത്ത് ലക്ഷം സി എഫ് എല്‍ ബള്‍ബുകള്‍ വിതരണം ചെയ്‌തെങ്കിലും ഇതിന്റെ രേഖകകളോ കണക്കുകളോ അനര്‍ട്ടിന്റെ കൈവശമില്ലെന്ന് ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗം സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.—
കേരളത്തിലെ ഓരോ കുടുംബത്തിനും പ്രതിവര്‍ഷം 365 യൂനിറ്റ് വൈദ്യുതിയും എട്ട് എല്‍ പി ജി സിലിണ്ടറിന് തുല്യമായ പാചകവാതകവും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് 2008ല്‍ ഊര്‍ജ സംരക്ഷണ പദ്ധതി ആവിഷ്‌കരിച്ചത്. അനര്‍ട്ടിനായിരുന്നു പദ്ധതി നടത്തിപ്പിന്റെ ചുമതല. ഊര്‍ജ സംരക്ഷണ പദ്ധതി പരാജയമാണെന്ന് കണ്ടതോടെ 2012 ല്‍ സര്‍ക്കാര്‍ തന്നെ പദ്ധതി അവസാനിപ്പിച്ചുകൊണ്ട് ഉത്തരവിറക്കി. പദ്ധതി അവസാനിപ്പിച്ചെങ്കിലും ഫണ്ട് വിനിയോഗം സംബന്ധിച്ച് നിരവധി പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ധനകാര്യ വകുപ്പിലെ ഇന്‍സ്‌പെക്ഷന്‍ വിഭാഗം അനര്‍ട്ടിലെത്തി പ്രാഥമിക പരിശോധന നടത്തി. ക്രമക്കേടുകള്‍ കണ്ടെത്തിയതിനാല്‍ വിശദമായ അന്വേഷണത്തിന് ലോക്കല്‍ ഫണ്ട് ഓഡിറ്റിനോട് ശുപാര്‍ശ ചെയ്തു. ലോക്കല്‍ ഫണ്ട് ഓഡിറ്റിന്റെ പരിശോധനാ റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന കണ്ടെത്തലുകളാണുള്ളത്. നടപ്പാക്കാനാകാതെ ഉപേക്ഷിച്ച പദ്ധതിക്കായി അനര്‍ട്ട് ചെവാക്കിയത് 45 കോടിയിലധികം രൂപയാണ്. 14 കോടി 50 ലക്ഷം രൂപയുടെ നഷ്ടവും, 72 ലക്ഷം രൂപയുടെ പാഴ്‌ചെലവുകളും ഉണ്ടായതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഊര്‍ജ സംരക്ഷണ പദ്ധതി നടപ്പാക്കാനായി ടെറി എന്ന കമ്പനിക്ക് ടെന്‍ഡര്‍ നല്‍കിയതിലും ക്രമക്കേടുകള്‍ നടന്നതായി ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പത്ത് ലക്ഷം സി എഫ് എല്‍ ലൈറ്റുകള്‍ വിതരണം ചെയ്യാനായി 85 ലക്ഷത്തിലധികം രൂപ ചെലവഴിച്ചെങ്കിലും ഇതിന്റെ വ്യക്തമായ കണക്കുകളും രേഖകളും അനര്‍ട്ട് സൂക്ഷിച്ചിട്ടില്ല. ഊര്‍ജ സംരക്ഷണ പദ്ധതിക്കായി സമാഹരിച്ച തുകയില്‍ നിന്ന് 24 കോടി രൂപ വകമാറ്റി ചെലവഴിച്ചു. ഉപകരണങ്ങള്‍ വാങ്ങാന്‍ കരാറിന് വിരുദ്ധമായി തുക അനുവദിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്.