സുരക്ഷാനിയമം: അധിക ബാധ്യത കേരളം വഹിക്കും

Posted on: January 1, 2015 12:06 am | Last updated: January 1, 2015 at 12:06 am

തിരുവനന്തപുരം: ചില്ലറ റേഷന്‍ വ്യാപാരികളുടെ കമ്മീഷന്‍ ക്വിന്റലിന് 60 രൂപയില്‍ നിന്ന് 100 രൂപയായി വര്‍ധിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
വ്യാപാരികളുടെ സമരം ഒത്തുതീര്‍പ്പാക്കിയതിന്റെ ഭാഗമായി ഭക്ഷ്യമന്ത്രി നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ വര്‍ധിപ്പിച്ചത്. എച്ച് ഐ വി ബാധിതരുടെ പെന്‍ഷന്‍ 500 രൂപയില്‍ നിന്ന് ആയിരം രൂപയാക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
ഭക്ഷ്യ സുരക്ഷാ നിയമം സംസ്ഥാനത്ത് നടപ്പാക്കുന്നതിന്റെ ഭാഗമായി നിലവില്‍ ലഭിക്കുന്ന ഒരാനുകൂല്യവും ഇല്ലാതാവുന്നതിനോട് യോജിപ്പില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കുമ്പോള്‍ കേരളത്തിലെ ജനങ്ങള്‍ക്ക് നിലവില്‍ കിട്ടിക്കൊണ്ടിരിക്കുന്ന ഒരു ആനുകൂല്യവും നഷടപ്പെടില്ല. എല്ലാവര്‍ക്കും ആനുകൂല്യം നല്‍കുമ്പോള്‍ വരുന്ന അധിക ബാധ്യത സംസ്ഥാനം വഹിക്കും.
1.77 കോടി ജനങ്ങള്‍ പരിധിക്ക് പുറത്ത് പോകുമെന്ന് കേന്ദ്രഭക്ഷ്യമന്ത്രി രാംവിലാസ് പസ്വാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ഭൂമി ഏറ്റെടുക്കല്‍ ഓര്‍ഡിനന്‍സിനെ കുറിച്ച് പരിശോധിച്ച ശേഷം പ്രതികരിക്കും. അതേസമയം, വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സുതാര്യമായും വേഗത്തിലും ഭൂമി ഏറ്റെടുക്കാന്‍ കഴിയണമെന്നതാണ് സര്‍ക്കാറിന്റെ പൊതുസമീപനം.
ആറന്മുള വിമാനത്താവളവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന്റെ അനുമതിയുമായി വന്നാല്‍ പിന്തുണക്കുമെന്ന നിലപാട് മുഖ്യമന്ത്രി ആവര്‍ത്തിച്ചു.
സര്‍ക്കാറിന് പത്തു ശതമാനം ഓഹരി പങ്കാളിത്തം ഉള്ളതുകൊണ്ടു മാത്രം കേന്ദ്രാനുമതി ലഭിക്കില്ല. കഴിഞ്ഞ സര്‍ക്കാറും പദ്ധതിയില്‍ ഓഹരി പങ്കാളിത്തം എടുക്കുന്നതിനേ കുറിച്ച് ആലോചിച്ചിരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.