Connect with us

Kerala

സ്‌കൂള്‍ കലോത്സവം: ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍

Published

|

Last Updated

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍. കലോത്സവത്തിന്റെ വരവറിയിച്ചു കൊണ്ടുള്ള വിളംബര ഘോഷയാത്ര ഈ മാസം ഒന്‍പതിന് വൈകുന്നേരം മൂന്ന് മുതല്‍ അഞ്ച് വരെ നടക്കും. സംഘാടക സമിതി ഓഫീസായ ബി ഇ എം സ്‌കൂളില്‍ നിന്നും തുടങ്ങി മാവൂര്‍ റോഡ് ജംഗ്ഷന്‍ – മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡ് വഴിയാണ് വിളംബര ജാഥ നടക്കുക. ജെ ആര്‍ സി, സ്‌കൗട്ട്‌സ് എന്നിവയുടെ സേവനം ഇതിനായി ഉപയോഗിക്കും. കലോത്സവത്തിന്റെ സ്വര്‍ണക്കപ്പ് വഹിച്ചു ള്ള ജാഥ ഈ മാസം 12ന് 3.30 മുതല്‍ 5.30 വരെ നടക്കും. ബി ഇ എം സ്‌കൂളില്‍ നിന്ന് പാളയം ബസ് സ്റ്റാന്‍ഡ് വഴി ക്രിസ്ത്യന്‍ കോളജിലെത്തുന്ന രീതിയിലാണ് ജാഥ ക്രമീകരിച്ചിരിക്കുന്നത്. അലങ്കരിച്ച വാഹനത്തില്‍ കൊണ്ടുവരുന്ന സ്വര്‍ണക്കപ്പിന് പിന്നാലെ ജനപ്രതിനിധികളും സാംസ്‌കാരിക നായകരും സംഘാടക സമിതി ഭാരവാഹികളും അണിനിരക്കും.

ജനുവരി 15ന് നടക്കുന്ന സാംസ്‌കാരിക ഘോഷയാത്ര ബീച്ച് ഓപണ്‍ സ്റ്റേജില്‍ നിന്ന് ആരംഭിക്കും. വര്‍ണാഭമായ ഘോഷയാത്രയില്‍ നിശ്ചലദൃശ്യങ്ങള്‍, മുത്തുക്കുടകള്‍ എന്നിവയും കോഴിക്കോടിന്റെ പെരുമ വിളിച്ചോതുന്ന കലാരൂപങ്ങളും അണിനിരക്കും. 5000ത്തിലധികം വിദ്യാര്‍ഥികളെ സാംസ്‌കാരിക ഘോഷയാത്രയില്‍ പങ്കെടുപ്പിക്കും. ബീച്ച് ഓപണ്‍ സ്റ്റേജില്‍ നിന്നും സി എച്ച് ഓവര്‍ ബ്രിഡ്ജ് വഴി ക്രിസ്ത്യന്‍ കോളജിലെത്തുന്ന ഘോഷയാത്രയുടെ ഫഌഗ് ഓഫ് എ ഡി ജി പി. ടി പി സെന്‍കുമാര്‍ നിര്‍വഹിക്കും.
കലോത്സവത്തിന് എത്തുന്ന മറ്റു ജില്ലകളിലെ വാഹനങ്ങള്‍ക്ക് പാസ് വിദ്യാഭ്യാസ ഡയറക്ടര്‍മാര്‍ വഴി വിതരണം ചെയ്യും. വിദ്യാഭ്യാസ വകുപ്പിലെ എല്ലാ ജീവനക്കാരുടെയും നേതൃത്വത്തില്‍ കലോത്സവ വേദിക്കടുത്തായി ഇന്‍ഫര്‍മേഷന്‍ ഡസ്‌കുകള്‍ സ്ഥാപിക്കും. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഭക്ഷ്യപരിശോധനയും നടത്തും. കലോത്സവവുമായി ബന്ധപ്പെട്ട് സി സി ടി വി സ്ഥാപിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എ വി ജോര്‍ജ് അറിയിച്ചു. കലോത്സവത്തിന് മുന്നോടിയായി സാമൂതിരി സ്‌കൂളിനു മുമ്പിലുള്ള റോഡ്, നഗരത്തിലെ സ്ട്രീറ്റ് ലൈറ്റുകള്‍ എന്നിവ അടിയന്തരമായി നന്നാക്കുമെന്ന് മേയര്‍ പ്രൊഫ. എ കെ പ്രേമജം പറഞ്ഞു.
സംഘാടക സമിതി ഓഫീസില്‍ നടന്ന വകുപ്പ്തല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ജില്ലാ കലക്ടര്‍ സി എ ലത, എ പ്രദീപ് കുമാര്‍ എം എല്‍ എ, ഡി ഡി ഇ. ഗിരീഷ് ചോലയില്‍, ഡി ഇ ഒ മാരായ ശ്രീലത എന്‍ എസ്, യു കരുണാകരന്‍, ജോസി ചെറിയാന്‍, ഡോ കവിതാ പുരുഷോത്തമന്‍ വിവിധ സംഘാടക സമിതി ഭാരവാഹികള്‍ പങ്കെടുത്തു.