Connect with us

Malappuram

പൂര്‍ത്തിയായത് ഏഴ് സ്‌കൂളുകളില്‍ മാത്രം സമഗ്ര വിദ്യാഭ്യാസ പദ്ധതി പാതി വഴിയില്‍

Published

|

Last Updated

തിരൂര്‍: സര്‍ക്കാര്‍ സ്‌കൂളുകളുടെ ഭൗതിക നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ ആദ്യ സംരംഭമായ സമഗ്ര വിദ്യാഭ്യാസ പദ്ധതി പാതിവഴിയില്‍.
വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരത്തോടെ തിരൂര്‍ എം എല്‍ എ സി മമ്മൂട്ടിയുടെ വികസന ഫണ്ടില്‍ നിന്നുമാണ് നിയോജക മണ്ഡലത്തില്‍ സമഗ്ര വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കമിട്ടത്. എന്നാല്‍ പദ്ധതി സമയ ബന്ധിതമായി പൂര്‍ത്തിയാക്കാനാവാതെ ഇഴയുകയാണ്. മണ്ഡലത്തിലെ 32 സര്‍ക്കാര്‍ വിദ്യാലയങ്ങളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി പൂര്‍ത്തിയാക്കേണ്ടത്.
കരാര്‍ നല്‍കി എട്ട് മാസം പിന്നിട്ടിട്ടും ഏഴ് സ്‌കൂളുകളില്‍ മാത്രമാണ് പണി പൂര്‍ത്തീകരിക്കാന്‍ സാധിച്ചത്. ആറ് മാസത്തിനകം പദ്ധതി പൂര്‍ത്തിയാക്കണമെന്നിരിക്കെയാണ് ഫണ്ട് വകയിരുത്തിയ 25 വിദ്യാലയങ്ങളില്‍ പദ്ധതി എങ്ങുമെത്താതെ കിടക്കുന്നത്. വര്‍ഷാവസാനം പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് മുമ്പ് പ്രഖ്യാപിച്ചിരുന്നെങ്കിലും പണി പൂര്‍ത്തിയാക്കുന്നതില്‍ വന്ന കാല താമസം ഉദ്ഘാടനം മാറ്റിവെക്കുകയായിരുന്നു.
പദ്ധതിയുടെ ഭാഗമായി സ്മാര്‍ട്ട് ക്ലാസ് മുറി, ഡിജിറ്റല്‍ ലൈബ്രറി, ലാംഗേജ് ലാബ്, ഗാര്‍ഡന്‍, ഗ്രീന്‍ ബോര്‍ഡ്, കെട്ടിട നവീകരണം, ടൈല്‍ വിരിക്കല്‍, പെയ്ന്റിംഗ്, ശുചിമുറി തുടങ്ങിയവ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പൂര്‍ത്തിയായ സ്‌കൂളുകളില്‍ ടൈല്‍ വിരിക്കലും ചായം പൂശലും മാത്രമാണ് നടന്നത്. ചിലയിടങ്ങളില്‍ മാത്രമാണ് സ്മാര്‍ട്ട് ക്ലാസ്മുറിയും ലാബും നിര്‍മിച്ചിട്ടുള്ളത്.
നാലേകാല്‍ കോടി രൂപയാണ് 32 സ്‌കൂളുകള്‍ക്കായി വകയിരുത്തിയത്. അതേസമയം മണ്ഡലത്തിലെ വിദ്യാലയങ്ങള്‍ക്കിടയിലെ ദൂരവും അവധി ദിവസങ്ങളില്‍ സ്‌കൂള്‍ അധികൃതരുടെ ഭാഗത്തു നിന്നും പദ്ധതിയുടെ പൂര്‍ത്തീകരണ പ്രവര്‍ത്തികള്‍ക്കായി സഹകരണമില്ലാത്തതുമാണ് നിര്‍മാണത്തില്‍ കാല താമസം സംഭവിച്ചതെന്ന് തിരൂര്‍ എ ഇ ഒ പറഞ്ഞു. ജി എം യു പി സ്‌കൂള്‍ തിരൂര്‍, ജി എല്‍ പി എസ് മാങ്ങാട്ടിരി, ജി എല്‍ പി എസ് അന്നാര, ജി എം എല്‍ പി എസ് പച്ചാട്ടിരി, ജി എല്‍ പി എസ് ചോറ്റൂര്‍, ജി എം യു പി എസ് ആദവനാട്, ജി എം യു പി എസ് കരിപ്പോള്‍ എന്നിവിടങ്ങളിലാണ് പദ്ധതി പൂര്‍ത്തീകരിച്ചത്.