കാശ്മീരില്‍ തിരക്കിട്ട് സര്‍ക്കാര്‍ രൂപീകരിക്കില്ലെന്ന് പിഡിപി

Posted on: December 31, 2014 1:02 pm | Last updated: December 31, 2014 at 10:42 pm

mehbooba-muftiശ്രീനഗര്‍: ജമ്മു കാശ്മീരില്‍ തിരക്കിട്ട് സര്‍ക്കാര്‍ രൂപീകരിക്കില്ലെന്ന് പിഡിപി. കാശ്മീര്‍ വികസനവും സ്ഥിരതയും മുന്നില്‍കണ്ടാവും മറ്റുപാര്‍ട്ടികളുമായി സഖ്യ ഉണ്ടാക്കുകയെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തി പറഞ്ഞു. ജമ്മു കാശ്മീര്‍ ഗവര്‍ണര്‍ എന്‍ എന്‍ വോഹ്‌റയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു മെഹബൂബ.
സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് അറിയിക്കാന്‍ നാളെവരെയാണ് ഗവര്‍ണര്‍ സമയം അനുവദിച്ചിട്ടുള്ളത്.
പിഡിപി കോണ്‍ഗ്രസുമായും നാഷനല്‍ കോണ്‍ഫറന്‍സുമായും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മൂന്ന് പാര്‍ട്ടികളും ചേര്‍ന്നുള്ള വിശാല സഖ്യം സര്‍ക്കാര്‍ രൂപീകരിക്കാന്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. എന്നാല്‍ വിശാല സഖ്യം രൂപീകരിക്കുന്നതിനെതിരെ ബിജെപി രംഗത്തെത്തി. ജനങ്ങളോടുള്ള വഞ്ചനയാണ് വിശാല സഖ്യം രൂപീകരിക്കലെന്ന് ബിജെപി നേതാവ് ജുഗല്‍ കിഷോര്‍ ഇന്നലെ പറഞ്ഞിരുന്നു.
പിഡിപിയും ബിജെപിയും ചേര്‍ന്നുള്ള സര്‍ക്കാര്‍ രൂപീകരിക്കും എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. പിഡിപിക്ക് പിന്തുണ നല്‍കുന്നതിന് ബിജെപി ഉപമുഖ്യമന്ത്രിസ്ഥാനം ചോദിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്. 87 അംഗ നിയമസഭയില്‍ 28 സീറ്റുമായി പിഡിപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി.

ALSO READ  കശ്മീരില്‍ ബി ജെ പി നേതാവ് ശൈഖ് വസീമിനെയും പിതാവിനെയും തീവ്രവാദികള്‍ വെടിവെച്ചു കൊന്നു