പട്ടിക ജാതി പ്രമോട്ടര്‍മാരെ തിരഞ്ഞെടുക്കല്‍; മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചു

Posted on: December 31, 2014 12:41 am | Last updated: December 30, 2014 at 11:41 pm

തേഞ്ഞിപ്പലം: പട്ടിക ജാതി പ്രമോട്ടര്‍മാരെ തിരഞ്ഞെടുക്കുന്നതിനുളള മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചു. നിലവില്‍ സേവനം ചെയ്യുന്ന പ്രമോട്ടര്‍മാരുടെ സേവന കാലാവധി ഇന്ന് അവസാനിക്കുന്നതോടെ പുതിയ പ്രമോട്ടര്‍മാരെ നിയമിക്കുന്നതിനും പട്ടിക ജാതി വികസന വകുപ്പ് അനുമതി നല്‍കിയിട്ടുണ്ട്.
പ്രമോട്ടര്‍മാരുടെ കുറഞ്ഞ യോഗ്യത പ്ലസ്ടുവാക്കി ഉയര്‍ത്തികയും അപേക്ഷകരില്‍ കൂടുതല്‍ യോഗ്യതയുളളവര്‍ക്കാണ് മുന്‍ഗണന നല്‍കുക. അതേസമയം പ്രീമെട്രിക് ഹോസ്റ്റലുകളിലെ ട്യൂട്ടര്‍മാരുടെ ചുമതല വഹിക്കുന്ന പട്ടിക ജാതി പ്രമോട്ടര്‍മാരുടെ യോഗ്യത ബിരുദമായിരിക്കും. എന്നാല്‍, ബിഎഡ് യോഗ്യതയുളളവര്‍ക്ക് മുന്‍ഗണന നല്‍കും. അപേക്ഷരുടെ പ്രായ പരിധി 18 നും 40 ഇടയിലായിരിക്കണം. ഒരോ ജില്ലയിലേയും പ്രമോട്ടര്‍മാരില്‍ നിന്നും 10 ശതമാനം പേരെ പട്ടിക ജാതി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രവര്‍ത്തകരില്‍ നിന്ന് നിയമിക്കാകുന്നതാണ്.
ഇവരുടെ പ്രായപരിധി 50 വയസ്സും വിദ്യാഭ്യാസ യോഗ്യത എസ് എസ് എല്‍ സിയുമായിരിക്കും. ഈവിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന പരിചയം തെളിയിക്കുന്ന റവന്യൂ അധികാരികളില്‍ നിന്നുളള സാക്ഷ്യപത്രവും വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും സ്‌കൂള്‍ രേഖയും ഹാജരാക്കണം. എട്ടു വര്‍ഷത്തില്‍ കൂടുതല്‍ പ്രമോട്ടറായി പ്രവര്‍ത്തിച്ചവരെ തുടരാന്‍ അനുവദിക്കുന്നതല്ല.ഒരു തദ്ദേശ സ്വയം ഭരണ സ്ഥാപന പരിധിയില്‍ നിര്‍ദിഷ്ട യോഗ്യതയുളളവരില്ലെങ്കില്‍ തൊട്ടടുത്ത തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ യോഗ്യതയുളളവരുടെ ലിസ്റ്റില്‍ നിന്നും പരിഗണിക്കാവുന്നതാണ്. പ്രമോട്ടര്‍മാരായി നിയമിക്കുന്നവര്‍ക്ക് സ്ഥിരം നിയമനം അനുവദിക്കുന്നതല്ല. മുന്‍കാലത്ത് പ്രമോട്ടറായി സേവനം ചെയ്യുമ്പോള്‍ അച്ചടക്ക നടപടിക്ക് വിധേയരായിട്ടുണ്ടെങ്കില്‍ അവരുടെ അപേക്ഷ പരിഗണിക്കേണ്ടതില്ല.
35 ശതമാനം പ്രമോട്ടറുടെ തസ്തിക വനിതകള്‍ക്കായി മാറ്റി വെക്കേണ്ടതാണ്. ഗ്രാമ പഞ്ചായത്തില്‍ ഒരു പ്രമോട്ടറും മുനിസിപ്പാലിറ്റിയില്‍ മൂന്നു പ്രമോട്ടറും കോര്‍പറേഷനില്‍ അഞ്ചു പ്രമോട്ടറുമാണ് നിയമിക്കേണ്ടത്. പട്ടികജാതി വികസന വകുപ്പ് വഴി നടപ്പിലാക്കുന്ന വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഉപഭോക്താക്കളില്‍ സമയ ബന്ധിതമായി എത്തിക്കുന്നതിനും പട്ടിക ജാതിക്കാരുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും തിരഞ്ഞെടുക്കപ്പെട്ട പ്രമോട്ടര്‍മാര്‍ക്ക് 5 ദിവസം കിലയിലോ മറ്റോ ട്രെയ്‌നിംഗിന് പങ്കെടുപ്പിക്കണം.
പ്രമോട്ടരുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് പട്ടിക ജാതി വികസന ഒഫീസര്‍ മാസത്തിലൊരിക്കലും ജില്ലാ പട്ടിക ജാതി വികസന ഓഫീസര്‍ മൂന്ന് മാസത്തിലൊരിക്കലും അവലോകനം നടത്തേണ്ടതും പദ്ധതി നിര്‍വഹണം സംബന്ധിച്ച് ആവശ്യമായ നിര്‍ദേശം ജില്ലാ ഓഫീസര്‍ നല്‍കേണ്ടതുമാണ്.എന്നാല്‍ പലപ്പോഴും സംസ്ഥാനത്തെ ഭൂരിഭാഗം പട്ടികജാതി പ്രമോട്ടര്‍മാരും തങ്ങളുടെ സേവനത്തില്‍ കൃത്യത പാലിക്കാറില്ലെന്ന ആക്ഷേപം നേരത്തെ നിലവിലുണ്ടായിരുന്നു.