രാജ്യാന്തര വിമാന ഹബ്ബുകളില്‍ നിന്ന് കേരളം പുറത്ത്‌

Posted on: December 31, 2014 12:10 am | Last updated: December 30, 2014 at 11:10 pm

തിരുവനന്തപുരം: രാജ്യാന്തര വിമാന ഹബ്ബുകളുടെ പട്ടികയില്‍ നിന്ന് കേരളം പുറത്ത്. കൊച്ചിയെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്ന് വ്യോമയാന മന്ത്രാലയം വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ കേരളം പ്രതിഷേധം അറിയിച്ചു. കേന്ദ്ര സര്‍ക്കാറിന്റെ കരട് വ്യോമയാന നയത്തിലാണ് ആറ് വിമാനത്താവളങ്ങള്‍ ഉള്‍പ്പെടുത്തി രാജ്യാന്തര വിമാന ഹബ്ബ് നിര്‍ദേശിക്കുന്നത്. ഡല്‍ഹി, ചെന്നൈ, മുംബൈ, കൊല്‍ക്കത്ത, ബെംഗളൂരു, ഹൈദരാബാദ് വിമാനത്താവളങ്ങളാണ് ഈ പട്ടികയില്‍. കരട് നയം കഴിഞ്ഞ മാസമാണ് വിദഗ്ധ സമിതി കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് സമര്‍പ്പിച്ചത്. കൊച്ചിയെ കൂടി ഈ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഈ ആവശ്യം ഉന്നയിച്ച് കേന്ദ്രത്തിന് കത്തും നല്‍കിയിരുന്നു. ഇത് അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് ഇന്നലെ ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ കേരളം പ്രതിഷേധം അറിയിച്ചത്.

അന്തരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തില്‍ രാജ്യത്ത് തന്നെ കൊച്ചി നാലാം സ്ഥാനത്താണ്. എന്നാല്‍, അഞ്ചും ആറും സ്ഥാനങ്ങളുള്ള ബെംഗളൂരുവിനെയും ഹൈദരാബാദിനെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയപ്പോഴാണ് കേരളത്തെ അവഗണിച്ചത്. എയര്‍ കണക്ടിവിറ്റിയുടെ വിപുലീകരണവും വിമാനത്താവളങ്ങളുമായുള്ള മറ്റു യാത്ര സംവിധാനങ്ങളെയും സംയോജിപ്പിക്കുന്ന സമഗ്ര വികസനമാണ് രാജ്യാന്തര വിമാന ഹബ്ബിലൂടെ ലക്ഷ്യമിടുന്നത്.
ഈ വിമാനത്താവളങ്ങളിലെ സര്‍വീസ് സംബന്ധിച്ച് അന്താരാഷ്ട്ര വിമാന കമ്പനികളുമായി ഉഭയകക്ഷി കരാര്‍ ഒപ്പ് വെക്കും. പ്രധാന രാജ്യങ്ങളിലേക്കെല്ലാം ഈ വിമാനത്താവളങ്ങളില്‍ നിന്ന് സര്‍വീസ് ഉറപ്പാക്കും.
വ്യാപാരം, വാണിജ്യം, ടൂറിസം, തീര്‍ഥാടനം, നിര്‍മാണ മേഖല തുടങ്ങിയവ എല്ലാം ഉള്‍പ്പെടുത്തിയാകും വിമാനത്താവളങ്ങളുടെ വികസനം. റെയില്‍, മെട്രോ, ട്രക്ക്, ബസ് കണക്ടിവിറ്റികളും ഏര്‍പ്പെടുത്തും. വിമാന ഇന്ധനത്തിന്റെ നികുതി ഏകീകരിക്കണമെന്ന നിര്‍ദേശവും കരട് നയത്തിലുണ്ട്. അന്താരാഷ്ട്ര വിപണി വിലയേക്കാള്‍ നാല്‍പ്പത് മുതല്‍ 45 വരെ ശതമാനം അധിക വില ഈടാക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.