Connect with us

National

ജമ്മു കാശ്മീരില്‍ ബിജെപിയെ ഒഴിവാക്കി പിഡിപി വിശാല സഖ്യത്തിന് ഒരുങ്ങുന്നു

Published

|

Last Updated

ശ്രീനഗര്‍: ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതില്‍ പാര്‍ട്ടിക്കകത്ത് ഭിന്നിപ്പുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ബിജെപിയെ ഒഴിവാക്കി പിഡിപി വിശാലസഖ്യത്തിനൊരുങ്ങുന്നു. കോണ്‍ഗ്രസ്, നാഷനല്‍ കോണ്‍ഫറന്‍സ് എന്നീ പാര്‍ട്ടകളുമായ സഖ്യമുണ്ടാക്കാനാണ് പിഡിപിയുടെ തീരുമാനം. വിശാല സഖ്യസാധ്യതകളുടെ വാര്‍ത്തകള്‍ വന്നതോടെ ബിജെപി ഇതിനെതിരെ രംഗത്തെത്തി.
സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്കായി നാളെ പിഡിപി നേതാക്കള്‍ ഗവര്‍ണറെ കാണാനിരിക്കുകയാണ്. ഇതിനുമുമ്പ് വിശാല സഖ്യത്തിന് അന്തിമരൂപം നല്‍കാന്‍ കഴിയുമെന്നാണ് പിഡിപി പ്രതീക്ഷിക്കുന്നത്. പുതിയ സഖ്യത്തിനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി പിഡിപി വക്താവ് നയിം അക്തറാണ് വെളിപ്പെടുത്തിയത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ പിഡിപിക്ക് നേരത്തേ നാഷനല്‍ കോണ്‍ഫറന്‍സ് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് തള്ളി ബിജെപിയുമായി ചേര്‍ന്ന് പിഡിപി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
വിശാലസഖ്യ സാധ്യതയെ കുറിച്ച് മുന്‍മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയും ട്വിറ്ററില്‍ പ്രതികരിച്ചു. പിഡിപിയും എന്‍സിയും കോണ്‍ഗ്രസും ചേര്‍ന്നുള്ള വിശാല സഖ്യ ചര്‍ച്ചകള്‍ നടക്കുന്നെന്നും ഇത് ബിജെപി നേതാക്കള്‍ക്ക് ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. എന്നാല്‍ വിശാല സഖ്യം ജനവികാരത്തിനെതിരാണെന്ന വാദമുയര്‍ത്തിയാണ് ബിജെപി രംഗത്തെത്തിയിരിക്കുന്നത്.
87 അംഗ നിയമസഭയില്‍ 28 സീറ്റുമായി പിഡിപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. ബിജെപിക്ക് 25 സീറ്റും എന്‍സിക്ക് 15ഉം കോണ്‍ഗ്രസിന് 12ഉം സീറ്റാണ് ഉള്ളത്.

Latest