Connect with us

Wayanad

ആഭ്യന്തര മന്ത്രി നാളെ ജില്ലയില്‍; സുരക്ഷ ശക്തമാക്കി

Published

|

Last Updated

കല്‍പ്പറ്റ: ആഭ്യന്തര മന്ത്രിയുടെ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന്റെ ഭാഗമായി ജില്ലയില്‍ സുരക്ഷ ശക്തമാക്കി. മാവോയിസ്റ്റ് ആക്രമണമുണ്ടായ കോളനികള്‍ ഉള്‍പ്പെടെ മന്ത്രി സന്ദര്‍ശിക്കുമെന്ന വിവരത്തെത്തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് സുരക്ഷ നടപടികള്‍.

രണ്ട് ദിവസം രമേശ് ചെന്നിത്തല ജില്ലയില്‍ സന്ദര്‍ശനം നടത്തുമെങ്കിലും സന്ദര്‍ശന സ്ഥലങ്ങള്‍ രഹസ്യമാക്കിവെച്ചിരിക്കുകയാണ്. പുല്‍പ്പള്ളിയിലെ രണ്ട് കോളനികളിലും തിരുനെല്ലിയിലെ മാന്താനം കോളനിയിലും തൊണ്ടര്‍നാട് പഞ്ചായത്തിലെ കോമ്പാറ കോളനിയിലുമായിരിക്കും മന്ത്രി സന്ദര്‍ശനം നടത്തുക എന്നായിരുന്നു നേരത്തെ ലഭിച്ച വിവരം. കോമ്പാറ നിവാസികളോടൊപ്പം പുതുവത്സരാഘോഷത്തില്‍ പങ്കെടുക്കുമെന്നും വാര്‍ത്തകളുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നത പോലീസ് യോഗത്തിലും ഇത് സംബന്ധിച്ച തീരുമാനങ്ങള്‍ രഹസ്യമാക്കി വെക്കുകയായിരുന്നു. എ.ഡി.ജി. പി ശങ്കര്‍ റെഡ്ഡി, ഡി.ഐ.ജി വീരേന്ദ്ര കശ്യപ് എന്നിവരുടെ നേതൃത്വത്തിലാണ് സുരക്ഷാ തയ്യാറെടുപ്പുകള്‍.
മന്ത്രിയുടെ യാത്ര സംബന്ധിച്ച് കഴിഞ്ഞ ദിവസം ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്റര്‍ ജയപ്രസാദ് വനം വകുപ്പിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു. സുരക്ഷയുടെ ഭാഗമായി നിലവുള്ള ആന്റി നക്‌സല്‍ സ്‌കോഡ്, തണ്ടര്‍ ബോള്‍ട്ട് എന്നിവയ്ക്ക് പുറമെ ഫോറസ്റ്റ് റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിന്റെ സംഘവും ജില്ലയിലെത്തിയിട്ടുണ്ട്.
മാവോയിസ്റ്റ് ഭീഷണിയെ തുടര്‍ന്ന് നിരവില്‍പ്പുഴ-കുറ്റിയാടി റോഡില്‍ വാളാംതോട് പ്രവര്‍ത്തിച്ചുവന്ന ചെക്‌പോസ്റ്റ് കഴിഞ്ഞദിവസം അടച്ചുപൂട്ടിയത്. ചെക്‌പോസ്റ്റിനു നേരെ മാവോവാദി ആക്രമണമുണ്ടായേക്കാമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപോര്‍ട്ടിനെത്തുടര്‍ന്നാണ് നടപടി.
ജില്ലാ അതിര്‍ത്തിയായ വാളാംതോട് കഴിഞ്ഞ പത്തുവര്‍ഷമായി പ്രവര്‍ത്തിച്ചുവന്ന ഫോറസ്റ്റ് ചെക്‌പോസ്റ്റാണ് മാവോവാദി ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അടച്ചുപൂട്ടിയിരിക്കുന്നത്. പേര്യ ഫോറസ്റ്റ് റേഞ്ചിലെ കുഞ്ഞോം സ്‌റ്റേഷന് കീഴിലാണ് ചെക്‌പോസ്റ്റ് പ്രവര്‍ത്തിച്ചിരുന്നത്. മൂന്നു ജീവനക്കാര്‍ ഇവിടെയുണ്ട്. മാവോവാദി-തണ്ടര്‍ബോള്‍ട്ട് ഏറ്റുമുട്ടല്‍ നടന്ന വനത്തോട് ചേര്‍ന്നാണ് ഫോറസ്റ്റ് ചെക്‌പോസ്റ്റ്.
തൊട്ടടുത്ത് ജനവാസവും കുറവാണ്. വൈദ്യുതി തടസ്സവും പതിവ്. ഈ സാഹചര്യത്തിലാണ് മാവോവാദികള്‍ ചെക്‌പോസ്റ്റ് ആക്രണത്തിനു മുതിര്‍ന്നേക്കാമെന്നു പോലിസ് ഇന്റലിജന്‍സ് വിഭാഗം റിപോര്‍ട്ട് നല്‍കിയത്. നിരവില്‍പ്പുഴ ടൗണിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കുഞ്ഞോം സ്‌റ്റേഷനോടനുബന്ധിച്ച് ചെക്‌പോസ്റ്റ് തുറക്കാനാണ് വനംവകുപ്പിന്റെ നീക്കം. മാവോവാദി-തണ്ടര്‍ബോള്‍ട്ട് ഏറ്റുമുട്ടലിനും കഴിഞ്ഞ ആഴ്ചയുണ്ടായ ഫോറസ്റ്റ് ഔട്ട്‌പോസ്റ്റ് ആക്രമണത്തിനും ശേഷം മാവോവാദികളെ പിടികൂടാന്‍ കഴിയാത്തതിനാല്‍ കൂടുതല്‍ ശക്തമായ ആക്രമണം ഇനിയുമുണ്ടായേക്കാണെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തല്‍.
കുഞ്ഞോം ഫോറസ്റ്റ് സ്‌റ്റേഷന് കീഴിലുള്ള ഔട്ട്‌പോസ്റ്റിലാണ് കഴിഞ്ഞദിവസം ആക്രമണമുണ്ടായത്. ഇവിടെ രണ്ട് ആദിവാസി വാച്ചര്‍മാരായിരുന്നു ഡ്യൂട്ടിയില്‍. ഇവര്‍ സ്ഥലത്തില്ലാത്ത രാത്രിയിലായിരുന്നു ആക്രമണം. എന്നാല്‍, ജീവനക്കാരെ ലക്ഷ്യമിട്ട് ആക്രമണമുണ്ടായേക്കുമെന്നാണ് പുതിയ കണ്ടെത്തല്‍.

Latest