മസ്ജിദുകള്‍ വിഭാവനം ചെയ്യുന്നത് സ്‌നേഹത്തിന്റെ സന്ദേശം: കാന്തപുരം

Posted on: December 30, 2014 10:18 am | Last updated: December 30, 2014 at 10:18 am

KANTHAPURAM-AT-TAJUL-ULAMA-തിരൂരങ്ങാടി: മസ്ജിദുകള്‍ വിഭാവനം ചെയ്യുന്നത് സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും സന്ദേശമാണെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രസ്താവിച്ചു. മൂന്നിയൂര്‍ കുണ്ടംകടവില്‍ പുതുതായി നിര്‍മിച്ച സുന്നി ജുമാമസ്ജിദ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അല്ലാഹുവിന് മുന്നിലല്ലാതെ ഒരു വിശ്വാസിയും സുജൂദ് ചെയ്യുകയില്ല. സുന്നികള്‍ ഔലിയാക്കള്‍ക്കും പ്രവാചകന്‍മാര്‍ക്കും സുജൂദ് ചെയ്യുന്നവരാണെന്ന നവീനവാദികളുടെ ആരോപണം ലോകമുസ്‌ലിമുകള്‍ പുച്ചിച്ച് തള്ളിയതാണ്. സ്വമേധയാ ആരെങ്കിലും മതം മാറുന്നുവെങ്കില്‍ അത് തടയാന്‍ ആര്‍ക്കും അധികാരമില്ല. നിര്‍ബന്ധിച്ചും മേളകള്‍ നടത്തിയും മതത്തിലേക്ക് ആള്‍ചേര്‍ക്കേണ്ട ആവശ്യം ഇസ്‌ലാമിനില്ലെന്നും കാന്തപുരം പറഞ്ഞു. പൊതുസമ്മേളനത്തില്‍ പി കെ എസ് തങ്ങള്‍ തലപ്പാറ അധ്യക്ഷത വഹിച്ചു. ഒ കെ അബ്ദുല്ലക്കുട്ടി മഖ്ദൂമി ഉദ്ഘാടനം ചെയ്തു.
വഹാബ് സഖാഫി മമ്പാട് പ്രഭാഷണം നടത്തി. മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാര്‍, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, എം എന്‍ കുഞ്ഞിമുഹമ്മദ് ഹാജി, ജഅ്ഫര്‍ അസ്ഹരി കൈപ്പമംഗലം, എം സിദ്ദീഖ്, യു അബ്ദുര്‍റഹ് മാന്‍ മുസ്‌ലിയാര്‍, എടശ്ശേരി അബൂബക്കര്‍ ഹാജി, ജഅ്ഫര്‍ നിസാമി പ്രസംഗിച്ചു.
ഹുബ്ബുറസൂല്‍ സമ്മേളനത്തില്‍ സയ്യിദ് ശറഫുദ്ദീന്‍ സഅദി മുഖ്യപ്രഭാഷണം നടത്തി. പി സി വിഷ്ണുനാഥ് എം എല്‍ എ മുഖ്യാതിഥിയായിരുന്നു. മതസൗഹാര്‍ദ സമ്മേളനം അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍ ഉദ്ഘാടനം ചെയ്തു. ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തി. എം എന്‍ കുഞ്ഞിമുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു.