യുവത്വത്തിന്റെ സാഹസികതയുമായി ടീം നോക്കൗട്ട്‌

Posted on: December 30, 2014 12:58 am | Last updated: December 29, 2014 at 10:59 pm

പാലക്കാട്: ശ്വാസം അടക്കിപിടിച്ച് കാണേണ്ട സാഹസിക പ്രകടനവുമായി ഒരു കൂട്ടം യൂവാക്കള്‍. ന്യൂജനറേഷന്‍ തരംഗമായി ബൈക്ക് സ്റ്റന്റുമായാണ് പാലക്കാട് ടീം നോക്കൗട്ട് ആസ്വാദക മനസില്‍ കൊള്ളിയാന്‍ മിന്നിക്കുന്നത്.
ഒരു നിമിഷത്തെ അശ്രദ്ധ ജീവന്‍ തന്നെ കവര്‍ന്നെടുത്തുന്ന തരത്തിലുള്ള അതിസാഹസിക പ്രകടനങ്ങളാണ് കാണികളെ മുല്‍മുനയില്‍ നിര്‍ത്തി ബൈക്കിന് മുകളില്‍ ഇവര്‍ പ്രകടിപ്പിക്കുന്നത്. നിരന്തരം പരിശീലനത്തിന്റെ ഫലമായി മാത്രം സ്വായത്തമാകുന്ന അഭ്യാസ പ്രകടനത്തിന് നേതൃത്വം നല്‍കുന്നത് ടീം നോക്കൗട്ടിലെ ഷബീര്‍, അദീബ്, കിഷോര്‍, സഞ്ചു, കൃഷ്ണഗിരി, ഫാരിസ്, വിഷ്ണു എന്നിവരാണ്. കഴിഞ്ഞദിവസം കണ്ണനൂര്‍ എന്‍ എച്ച് ജംഗ്ഷനില്‍ കണ്ണാടികൂട്ടം സാംസ്‌കാരിക സൗഹൃദ വേദിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ടീമിന്റെ പ്രകടനം കാണാന്‍ നൂറ്് കണക്കിന് ആളുകളാണ് തടിച്ചു കൂടിയത്. ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി വി എസ് മുഹമ്മദ് കാസിം ഉദ്ഘാടനം ചെയ്തു. നേരത്തെ കണ്ണനൂരില്‍ നിന്ന് കണ്ണാടിയിലേക്ക് ബൈക്ക് റാലിയും നടന്നു. പ്രസിഡന്റ് കെ ആര്‍ സജു, സെക്രട്ടറി സി പ്രസാദ് നേതൃത്വം നല്‍കി.