സി പി എം ജില്ലാ കമ്മിറ്റിക്കെതിരെ സംസ്ഥാന കമ്മിറ്റിക്കു പരാതിയുമായി നെന്മാറ മണ്ഡലം

Posted on: December 30, 2014 12:56 am | Last updated: December 29, 2014 at 10:57 pm

ആലത്തൂര്‍: സി പി എം ജില്ലാ കമ്മിറ്റിക്കെതിരെ സംസ്ഥാന കമ്മിറ്റിക്കു നെന്മാറ മണ്ഡലം കമ്മിറ്റി പരാതി നല്‍കി.
ജില്ലാ സെക്രട്ടറിയുടെയും ജില്ലാ കമ്മിറ്റിയിലെ അംഗങ്ങളുടെയും ഏകപക്ഷീയ നിലപാടില്‍ പ്രതിഷേധിച്ചാണ് സമ്മേളനം പൂര്‍ത്തിയാക്കിയ ശേഷം നെന്മാറ മണ്ഡലം കമ്മിറ്റി അംഗങ്ങള്‍ പരാതി നല്‍കിയത്. നെന്മാറ മണ്ഡലം കമ്മിറ്റി സെക്രട്ടറിയായി തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ജനാധിപത്യ വിരുദ്ധ നിലപാടാണ് ജില്ലാ സെക്രട്ടറി സ്വീകരിച്ചതെന്നാണ് പരാതിയിലെ പ്രധാന വിഷയം.
ജനുവരി, ഫെബ്രുവരി മാസങ്ങളിലായി നടക്കുന്ന ജില്ലാ സമ്മേളനത്തിനു ആദിത്യമരുളുന്ന നെന്മാറയില്‍ പൊട്ടിത്തെറിയും വിഭാഗയീതയും ജില്ലാ നേതൃത്വത്തിനു തലവേദനയായി മാറിയിരിക്കുകയാണ്. സമ്മേളനത്തില്‍ മണ്ഡലം കമ്മിറ്റിയുടെ നിര്‍ദേങ്ങളോ സെക്രട്ടറി നോമിനിയേയോ ജില്ലാ കമ്മിറ്റി അംഗീകരിച്ചില്ല. കോണ്‍ഗ്രസില്‍ നിന്നും സി പി ഐലേക്ക് ചേക്കേറി ജനകീയ മുഖമായി മാറിയ എം ആര്‍ നാരായണനെയാണ് 17 അംഗ കമ്മിറ്റിയില്‍ ഭൂരിഭാഗം അംഗങ്ങളും സെക്രട്ടറിയായി നിര്‍ദേശിച്ചത്. എന്നാല്‍, മൂന്നുതവണ പിന്നിട്ട നിലവിലെ സെക്രട്ടറി വി കൃഷ്ണന്‍കുട്ടി തന്നെ തുടരണമെന്ന നിലപാടാണ് ജില്ലാ നേതൃത്വം സ്വീകരിച്ചത്.
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജോസ് ബേബി, വിജയന്‍ കുനിശ്ശേരി എന്നിവരുടെ നിയന്ത്രണത്തിലായിരുന്നു സമ്മേളനം നടന്നത്. എം ആര്‍ നാരായണനെയാണ് ഇവര്‍ ആദ്യം ആനുകൂലിച്ചെതെങ്കിലും ജില്ലാ സെക്രട്ടറിയുമായി ഫോണില്‍ സംസാരിച്ചതിനെ തുടര്‍ന്ന് ഇവരും വി കൃഷ്ണന്‍കുട്ടിക്കായി വാദിക്കുകയായിരുന്നെന്ന് പ്രതിനിധികള്‍ പറയുന്നു.
സി പി ഐ പ്രവര്‍ത്തകനായിരിക്കെ കോണ്‍ഗ്രസിലേക്ക് പോവുകയും ഏതാനും വര്‍ഷം മുമ്പ് തിരിച്ചെത്തുകയും ചെയ്തയാളാണ് എം ആര്‍ നാരായണനെന്നും ഇതുകൊണ്ടാണ് സെക്രട്ടറി സ്ഥാനത്തേക്കു ഈ സമ്മേളനത്തില്‍ പരിഗണിക്കാനിരുന്നതെന്നും ജില്ലാ നേതൃത്വത്തില്‍ വാദം. മണ്ഡലം സമ്മേളനം വിവാദമുണ്ടാക്കി അവസാനിച്ചപ്പോള്‍ ജില്ലാ സമ്മേളനത്തിന്‍രെ ഇത് വലിയതോതില്‍ പ്രതിഫലിക്കുമെന്നാണ് നേതാക്കള്‍ വിലയിരുത്തുന്നത്. ജില്ലയിലെ 13 മണ്ഡലം കമ്മിറ്റികളില്‍ 10 സമ്മേളനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഒന്നുമാത്രമാണ് വിവാദത്തിലേക്ക് നയിച്ചത്.
പട്ടാമ്പി, തൃത്താല സമ്മേളനങ്ങള്‍ ഇന്ന് സമാപിക്കും. ആലത്തൂര്‍ മണ്ഡലം സമ്മേളനം ഇന്നും നാളെയുമായി പുതുക്കോട് വെച്ച് നടക്കും. സി പി ഐ വടക്കഞ്ചേരി ലോക്കല്‍ സമ്മേളനത്തില്‍ വലിയതോതില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായതിനാല്‍ മണ്ഡലം സമ്മേളനത്തിലും ഇതുപ്രതിഫലിക്കുമെന്നാണ് സൂചന.
ജനുവരി 4, 5 തീയതികളിലായി നടക്കുന്ന മണ്ണാര്‍ക്കാട് സമ്മേളനത്തോടെയാണ് 13 മണ്ഡലം സമ്മേളനങ്ങള്‍ പൂര്‍ത്തിയാവുക. ജനുവരി 29 മുതല്‍ ഫെബ്രുവരി ഒന്നു വരെ നെന്മാറയില്‍ നടക്കുന്ന ജില്ലാ സമ്മേളനത്തില്‍ സംസ്ഥാന ദേശീയ നേതാക്കള്‍ പങ്കെടുക്കും.