മാവോയിസ്റ്റുകളുടെ നീക്കത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് സി പിഎം

Posted on: December 30, 2014 12:51 am | Last updated: December 29, 2014 at 10:52 pm

കല്‍പ്പറ്റ: ആദിവാസി മേഖലകള്‍ കേന്ദ്രീകരിച്ച് സ്വാധീനമുറപ്പിക്കാനുള്ള മാവോയിസ്റ്റുകളുടെ നീക്കത്തിനെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി സി.കെ ശശീന്ദ്രന്‍, സംസ്ഥാന കമ്മറ്റി അംഗം പി എ മുഹമ്മദ്, ജില്ല സെക്രട്ടറിയറ്റംഗം എം വേലായുധന്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
ജനാധിപത്യ മാര്‍ഗങ്ങള്‍ നിഷേധിച്ച് സായുധ കലാപത്തിലൂടെ ജനകീയ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവില്ല. ഇടതുപക്ഷ നേതൃത്വത്തിലുള്ള വിപ്ലവ ബഹുജന പ്രസ്ഥാനത്തെ ശിഥിലമാക്കാനും അടിച്ചമര്‍ത്താനും ഭരണകൂടങ്ങള്‍ക്ക് സൗകര്യമൊരുക്കുന്ന വഴിതെറ്റിയ നടപടിയാണ് മാവോയിസ്റ്റുകളുടേത്. മാവോയിസ്റ്റ് ഭീകരപ്രസ്ഥാനം ആത്യന്തികമായി ഇടതുപക്ഷ ബഹുജന പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള രാഷ്ട്രീയ പദ്ധതിയുടെ ഭാഗമാണിത്. സി.കെ ശശീന്ദ്രനെതിരെയുള്ള മാവോയിസ്റ്റ് വധഭീഷണി ആദിവാസികളോടുള്ള പ്രതിബദ്ധതയല്ല മാവോയിസ്റ്റ് നീക്കത്തിന് പിന്നിലെന്നത് തുറന്നുകാട്ടുന്നതെന്നും ഇവര്‍ അവകാശപ്പെട്ടു. മാവോയിസ്റ്റുകള്‍ വയനാട്ടില്‍ സ്വാധീനമുറപ്പിക്കാന്‍ നടത്തുന്ന നീക്കത്തിനെതിരെ ആദിവാസികളും ദരിദ്ര കര്‍ഷക-കര്‍ഷകതൊഴിലാളി ജനവിഭാഗങ്ങളും അവരുടെ സംഘടിത പ്രസ്ഥാനങ്ങളും വ്യാപകമായി അണിനിരക്കണം. ബഹുജനങ്ങളെയാകെ അണിനിരത്തിയും ശക്തമായ കാമ്പയിന്‍ ഏറ്റെടുത്തും മാത്രമെ ജനങ്ങളില്‍ ഭീതിപടര്‍ത്തിയും ഭീഷണിപ്പെടുത്തിയും സ്വാധീനമുറപ്പിക്കാനുള്ള തീവ്രവാദ പ്രവര്‍ത്തന ശൈലിയെ മറികടക്കാന്‍ സാധിക്കുകയുള്ളൂ. മാവോയിസ്റ്റ് തീവ്രവാദ നീക്കങ്ങളെ കേവലം ക്രമസമാധാന പ്രശ്‌നമായി കണ്ട് പരിഹരിക്കാനാവില്ല. ആദിവാസികളുടേയും ദരിദ്ര കര്‍ഷക-കര്‍ഷകതൊഴിലാളി വിഭാഗങ്ങളുടേയും പിന്നോക്കാവസ്ഥയും ജീവിത ദുരിതങ്ങളും പരിഹരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സത്വര നടപടികള്‍ സ്വീകരിക്കണം. ഭീകരവാദികളെന്ന പേരില്‍ നിരപരാധികളെ പീഡിപ്പിക്കാനും മനുഷ്യാവകാശ ലംഘനം നടത്തുന്നതിനും പൊലീസ് തയ്യാറാവരുത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ജാഗ്രത പാലിക്കണം. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുകയെന്ന ചുമതല നിര്‍വഹിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തയ്യാറാവണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ആദിവാസി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സാമൂഹ്യ സാംസ്‌ക്കാരിക വികസനത്തിനുമായി ബഹുജനങ്ങളെയാകെ പങ്കാളികളാക്കുന്ന ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ സി പി എം നേതൃത്വത്തില്‍ ആവിഷ്‌ക്കരിക്കും. ഇതു സംബന്ധിച്ചുള്ള ചര്‍ച്ചകളും ഉചിതമായ തീരുമാനങ്ങളും ജനുവരി ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ ചേരുന്ന ജില്ലാ സമ്മേളനത്തില്‍ ഉണ്ടാകുമെന്നും വാര്‍ത്താസമ്മേളനത്തില്‍ നേതാക്കള്‍ അറിയിച്ചു.