Connect with us

Articles

പ്രവാസി നേരിടുന്ന പുതിയ ചോദ്യങ്ങള്‍

Published

|

Last Updated

പല രീതിയിലുള്ള ചോദ്യങ്ങളെ കാലാകാലങ്ങളില്‍ നേരിടേണ്ടിവന്ന വിഭാഗമാണ് പ്രവാസി മലയാളികള്‍. മലയാളിയെ വേറിട്ട ഒരു ജനതയായി വിലയിരുത്തുന്നതില്‍ ഏറ്റവും വലിയ പങ്ക് വഹിക്കുന്നത് പ്രവാസമാണല്ലോ. ഇംഗ്ലണ്ടിനെ ഇംഗ്ലണ്ടാക്കുന്നതെന്തെന്ന് ചോദിച്ചപ്പോള്‍ ബ്രിട്ടീഷുകാരനായ സുഹൃത്ത് നമ്മുടെ ശശി തരൂരിനോട് പറഞ്ഞത് ക്രിക്കറ്റ്, ഷെയ്ക്‌സ്പിയര്‍, ബി ബി സി എന്നായിരുന്നത്രേ. (ബാഗ്ദാദിലെ പുസ്തകത്തെരുവുകള്‍). മലയാളിയെ മലയാളിയാക്കുന്നതെന്തെന്ന് ചോദിക്കുകയാണെങ്കില്‍ ഒറ്റവാക്കില്‍ പറയാവുന്ന ഒരുത്തരം പ്രവാസാഭിനിവേശം എന്നായിരിക്കും.
ഗള്‍ഫ് നാടുകളിലേക്ക് മലയാളികളുടെ പ്രവാസ പ്രവാഹം വ്യാപകമാകുന്നത് എഴുപതുകളുടെ പകുതി പിന്നിട്ടപ്പോഴാണല്ലോ. അന്ന് മുതല്‍ പ്രവാസി മലയാളി ചോദ്യങ്ങളെ നേരിട്ടുകൊണ്ടിരിക്കുന്നു. “മഞ്ഞ ലോഹം വിളയുന്ന മണ്ണിലേക്കെ”ന്നാണ് ഗള്‍ഫില്‍ പോകുന്നവരെക്കുറിച്ച് അക്കാലത്ത് ഉണ്ടായിരുന്ന ധാരണ. അതുകൊണ്ട് ആദ്യ കാലത്ത് പോയവര്‍ ആദ്യമായി നാട്ടില്‍ തിരിച്ചെത്തിയിരുന്ന കാലത്ത് നേരിട്ടിരുന്ന ചോദ്യങ്ങളിലൊന്ന് മരുഭൂമിയിലെ സ്വര്‍ണപ്പാടങ്ങളെക്കുറിച്ചായിരുന്നു. പക്ഷേ, എണ്ണപ്പാടങ്ങള്‍ നല്‍കിയ സാമ്പത്തിക ഉണര്‍വില്‍ മരുഭൂമിയില്‍ രൂപം കൊണ്ട കോണ്‍ക്രീറ്റ് മന്ദിരങ്ങളുടെയും വീതിയേറിയ റോഡുകളുടെയുമൊക്കെ നിര്‍മിതിയില്‍ ഏര്‍പ്പെട്ടിരുന്ന പ്രവാസി പ്രതീക്ഷിച്ചതല്ലായിരുന്നു സ്വര്‍ണഖനികളെക്കുറിച്ചുള്ള ആദ്യ ചോദ്യം.
വില കൂടിയ പെര്‍ഫ്യൂമും അമേരിക്കന്‍ ടീ ഷര്‍ട്ടുമായി കേരളത്തിന്റെ ഊടുവഴികളെപോലും സുഗന്ധപൂരിതമാക്കി നടന്നിരുന്ന പ്രവാസികളില്‍ പലരോടും അന്ന് നാട്ടുകാരില്‍ ചിലര്‍ ചോദിച്ചിരുന്നു പോലും “നിന്റെ അറബിക്ക് എത്ര കപ്പലുണ്ട്” എന്ന്. ഇത് കേട്ടിരുന്ന പ്രവാസികളില്‍ പലരും അന്ന് ആത്മഗതം കൊണ്ടിരുന്നത് “എന്റെ അറബിക്ക് എത്ര ഒട്ടകങ്ങളും ആടുകളും ഉണ്ടെന്ന് ചോദിക്കാത്തത് ഭാഗ്യം” എന്നായിരുന്നു. ഇത്തരം ചോദ്യങ്ങള്‍ നേരിടേണ്ടിവന്ന പ്രവാസികളുടെ പിന്‍മുറക്കാര്‍ക്കിടയില്‍ നിന്നാണ് “ആടുജീവിതം” പോലൊരു നോവല്‍ രൂപപ്പെട്ടത് എന്നത് ചരിത്രത്തിന്റെ ഒരു അനിവാര്യതയായി കരുതിയാല്‍ മതി.
എഴുപതുകളിലും എണ്‍പതുകളിലും വരെ ഗള്‍ഫ് നാട്ടില്‍ നിന്ന് ഒരാള്‍ ലീവിനെത്തിയാല്‍ അയാളുടെ സുഹൃത്തുക്കളും വീട്ടുകാരും ഒക്കെ ചോദിക്കുക “നമ്മുടെ ജാഫര്‍ തടി നന്നായിട്ടുണ്ടോ, അവന്‍ നിറം വെച്ചിട്ടുണ്ടോ” എന്നൊക്കെയായിരുന്നു. അന്ന് വിവാഹക്കമ്പോളത്തില്‍ പോലും ഗള്‍ഫുകാരന്റെ തുടുത്ത കവിളിനും എ സി റൂമില്‍ കിടന്നുറങ്ങിക്കിട്ടിയ വിളര്‍ത്ത വെള്ള നിറത്തിനും നല്ല ഡിമാന്റായിരുന്നു. ഇപ്പോള്‍ തടിയും കുടവയറുമുള്ള പ്രവാസിയോട് ഷുഗറും കൊളസ്‌ട്രോളും എത്ര കൂടിയിരിക്കുന്നു എന്നതായി ചോദ്യം. പൊണ്ണത്തടിയന്മാരായി തിരിച്ചെത്തുന്ന പ്രവാസിക്ക് വിവാഹമാര്‍ക്കറ്റില്‍ വല്ലാതെ വിലയിടിഞ്ഞ കാലവുമാണിത്.
ഈ കാലയളവില്‍ എത്തിയ പ്രവാസിയോട് കൈയില്‍ എത്ര വിസയുണ്ട് എന്ന ചോദ്യം ധാരാളമുണ്ടായിരുന്നു. അഞ്ച് വിസയുള്ളവന്‍ ഒരു പൂജ്യം കൂടി ചേര്‍ത്ത് അമ്പതെന്ന മട്ടില്‍ ഒരു മറുപടിയും പറയാന്‍ മടിച്ചിരുന്നില്ല. ഇപ്പോള്‍ ഒന്നോ രണ്ടോ വിശ്വാസത്തിലെടുക്കാവുന്ന വിസയുമായി നാട്ടിലെത്തുന്നവര്‍ക്കുപോലും വിസക്കച്ചവടക്കാരന്‍ എന്ന ലേബല്‍ വരുന്നതില്‍ പേടിയാണ്. ഏതെങ്കിലും കമ്പനിയിലേക്കുള്ള ഡ്രൈവര്‍ വിസയാണെന്ന് പറഞ്ഞാല്‍ പോലും ചോദ്യം വരും, കമ്പനി മസ്‌റയും(കൃഷിയിടം) വണ്ടി ഒട്ടകവും ആയിരിക്കുമോ എന്ന്. എന്നിട്ടും ആടുജീവിതങ്ങളിലേക്ക് എടുത്തെറിയപ്പെടുന്ന നജീബുമാര്‍ വീണ്ടുമുണ്ടാകുന്നു എന്നത് മറ്റൊരു വിരോധാഭാസം. ദുരന്തങ്ങളുടെ ദുരിതപര്‍വം താണ്ടിയ നജീബുമാര്‍ പോലും ഇപ്പോഴും പ്രവാസിയായി ഏതോ ഗള്‍ഫ് രാജ്യത്തുണ്ടെന്നത് അതിലേറെ വിചിത്രവും.
ചോദ്യങ്ങളുടെ രീതികള്‍ വീണ്ടും മാറി തുടങ്ങിയ കാലം. പ്രവാസികളില്‍ ചിലരുടെ പൊങ്ങച്ച നാട്യവും പ്രവാസം തങ്ങളൂഹിക്കും പോലെ വെറും സുഖജീവിതമല്ലെന്ന തിരിച്ചറിവും നാട്ടുകാര്‍ക്ക് ബോധ്യമായിത്തുടങ്ങിയതോടെ പ്രവാസികളോടുള്ള ക്ഷേമാന്വേഷണം വെറും ഔപചാരികതയില്‍ ഒതുങ്ങുന്നതാണ് കണ്ടത്. അത് പിന്നീട് “എന്നാ വന്നത്, എന്നാ തിരിച്ചുപോക്ക്” എന്നതില്‍ ഒതുങ്ങി. ഇതില്‍ നിന്നും വളരെ പെട്ടെന്ന് സംഭവിച്ച ചോദ്യത്തിലെ മാറ്റമാണ് “വന്നത് റീ എന്‍ട്രിയിലോ എക്‌സിറ്റിലോ” എന്നത്. തിരിച്ചുപോകാനുള്ള ഉത്സാഹം പ്രവാസികളില്‍ കുറഞ്ഞതുകൊണ്ടല്ല, ഈ ചോദ്യം നേരിടേണ്ടിവരുന്നത്. ഗള്‍ഫ് നാടുകളില്‍ നിയമത്തിന്റെ നൂലാമാലകള്‍ മുറുകി വരികയും പ്രവാസികളുടെ അനിയന്ത്രിതമായ വര്‍ധന നിയന്ത്രണ വിധേയമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അവിടുത്തെ ഭരണാധികാരികള്‍ ചിന്തിക്കുകയും കൂടി ചെയ്തതിന്റെ ഫലമാണീ അവസ്ഥ. “നാട്ടിലെന്തെടുക്കാനാ?” എന്ന് ചോദിച്ചിരുന്ന പല പ്രവാസികളും നാട്ടില്‍ പിടിച്ചുനില്‍ക്കാന്‍ പറ്റിയ ബിസിനസ്സിനെക്കുറിച്ചും തൊഴിലിനെക്കുറിച്ചും സംസാരിച്ചു തുടങ്ങിയിരിക്കുന്നു. വര്‍ഷത്തിലും രണ്ട് വര്‍ഷ ഇടവേളകളിലും വന്നും പോയുമിരുന്ന പല പ്രവാസികളെയും കണ്ടുമുട്ടുമ്പോള്‍ “നീ പോക്ക് നിര്‍ത്തി അല്ലേ” എന്നും “ചോപ്പില്‍ പെട്ടോ” എന്നും “വിരല്‍ കുടുങ്ങിയോ” എന്നുമൊക്കെ വ്യാപകമായി ചോദ്യങ്ങള്‍ ഉയര്‍ന്നുതുടങ്ങി. ഗള്‍ഫില്‍ ജോലി ചെയ്യാനുള്ള വര്‍ക്കിംഗ് പെര്‍മിറ്റിന് ചോപ്പും പച്ചയും കാറ്റഗറി തിരിച്ചതും ചോപ്പില്‍ പെട്ടവരെ നാട്ടിലേക്ക് തിരിച്ചയക്കുന്നതുമൊക്കെ നാട്ടിലും പാട്ടായിത്തുടങ്ങി എന്നര്‍ഥം.
വര്‍ക്കിംഗ് കാര്‍ഡ് പുതുക്കാനും റീ എന്‍ട്രി വിസയടിക്കാനും ഫിംഗര്‍ പ്രിന്റ് എടുക്കല്‍ നിര്‍ബന്ധമാക്കിയതോടെ സൗഊദിയില്‍ ജോലി ചെയ്യുന്ന പലര്‍ക്കും വിരല്‍ വലിയ വിനയായി മാറിയിരിക്കുകയാണ്. മുന്‍ കാലങ്ങളില്‍(30 വര്‍ഷം മുമ്പ് വരെയുള്ള കാലത്ത് പോലും) എന്തെങ്കിലും ചെറുതും വലുതുമായ പ്രശ്‌നങ്ങില്‍ പെട്ട് വിരലടയാളം എവിടെയെങ്കിലും ചാര്‍ത്തിക്കൊടുത്തിരുന്നുവെങ്കില്‍ അത് വലിയ വില്ലനായി സ്‌ക്രീനില്‍ തെളിഞ്ഞു തുടങ്ങി. അധികൃതരുടെ മുമ്പില്‍ വിരലടയാളം തെളിയുന്നതോടെ പിന്നെ അവന് നാട് പിടിക്കുകയേ രക്ഷയുള്ളൂ.
ഇതൊക്കെ പ്രവാസിക്ക് അറിയുന്നത് പോലെ നാട്ടിലുള്ളവര്‍ക്കും പരിചയമായപ്പോള്‍ ചോദ്യത്തിന് “വിരല്‍ കുടുങ്ങിയ” എന്ന രീതിയും വന്നു. ഇങ്ങനെ നാനാതരത്തിലുള്ള ചോദ്യങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന സമൂഹമാണ് പ്രവാസികള്‍. ഏറ്റവും അവസാനമായി തിരിച്ചുപോകാന്‍ ഒരുങ്ങി സുഹൃത്തുക്കളോട് യാത്ര പറയാന്‍ ചെല്ലുമ്പോള്‍ നേരിടുന്ന പ്രസക്തമായൊരു ചോദ്യമുണ്ട്. “ടിക്കറ്റ് എയര്‍ ഇന്ത്യക്കാണോ? എങ്കില്‍ സൂക്ഷിക്കണം” റീ എന്‍ട്രിയുടെ അവസാന ദിവസങ്ങളിലൊക്കെ യാത്രക്കൊരുങ്ങുന്ന പ്രവാസികള്‍ക്കറിയാം, ഈ ചോദ്യത്തിലെ ധ്വനി. ഒരുപക്ഷേ, തന്റെ ദീര്‍ഘകാല പ്രവാസത്തിന് അറുതിയാകാന്‍ വരെ ചിലപ്പോള്‍ ഈ എയര്‍ ഇന്ത്യാ യാത്ര നിമിത്തമായേക്കുമെന്നും അവര്‍ ഭയപ്പെടുന്നു.
ഏതായാലും ഗള്‍ഫ് പ്രവാസികള്‍ നേരിടുന്ന പുതിയ ചോദ്യങ്ങള്‍ ദീര്‍ഘകാല പ്രവാസത്തിന്റെ പരിസമാപ്തിയിലേക്കുള്ള ഉത്തരങ്ങളെ സൃഷ്ടിക്കുമോ എന്ന ധാരണ പ്രവാസികള്‍ തന്നെ തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. അവരുടെ പ്രതികരണങ്ങളില്‍ ചില സൂചനകളുണ്ട്.

Latest