കണ്ണടയാളം; 3.8 ലക്ഷം പേരെ പിടികൂടി

Posted on: December 29, 2014 7:55 pm | Last updated: December 29, 2014 at 7:55 pm

kannuഅബുദാബി: കണ്ണടയാള പരിശോധനാ സംവിധാനം നിലവില്‍ വന്ന ശേഷം 3.88 ലക്ഷം നിയമലംഘകരെ പിടികൂടിയതായി അധികൃതര്‍. നാടുകടത്തിയ ശേഷം വീണ്ടും രാജ്യത്തേക്കു കടക്കാന്‍ ശ്രമിച്ചവരാണിവരെന്ന് അബുദാബി പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് സെന്‍ട്രല്‍ ഓപ്പറേഷന്‍ ഡയറക്ടര്‍ മേജര്‍ ഡോ. അഹ്മദ് നാസിര്‍ അല്‍ റയ്‌സി അറിയിച്ചു. അതിര്‍ത്തി കവാടങ്ങളില്‍, രാജ്യം വിടുന്നവരുടെ നേത്രാടയാള പരിശോധന 2003ലാണു തുടങ്ങിയത്.
നേത്രാടയാളം രേഖപ്പെടുത്തി ഇതുവരെ 14.21 ലക്ഷം പേരെയാണു സ്വദേശങ്ങളിലേക്കു തിരിച്ചയച്ചത്. വിമാനത്താവളങ്ങളിലെ ഇ-ഗേറ്റ് സംവിധാനങ്ങളിലും നവീന സാങ്കേതികതകളോടു കൂടിയ നേത്രാടയാള പരിശോധന നിലവില്‍ വരും. പല യൂറോപ്യന്‍ രാജ്യങ്ങളും ഈ നേത്രാടയാള പരിശോധന സംവിധാനം മാതൃകയാക്കിയതായി മേജര്‍ അഹ്മദ് പറഞ്ഞു.
ആഭ്യന്തര മന്ത്രാലയത്തിന്റെ ഈ സംവിധാനത്തില്‍ എട്ടു ലക്ഷം പേര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അബുദാബി വിമാനത്താവള ടെര്‍മിനല്‍ ഒന്നിലെ ആഗമന കവാടത്തിലും ദുബൈ വിമാനത്താവളത്തില്‍ ടെര്‍മിനല്‍ മൂന്നിലുമാണ് ഇ ഗേറ്റുകള്‍ ഉള്ളത്. വൈകാതെ, ഇതു രാജ്യത്തിന്റെ എല്ലാ കര, നാവിക, വ്യോമകവാടങ്ങളിലേക്കും വ്യാപിപ്പിക്കും. 2011 മുതല്‍ സ്വദേശികള്‍ക്ക് ഇലക്‌ട്രോണിക് പാസ്‌പോര്‍ട്ടുകള്‍ നല്‍കാന്‍ ആരംഭിച്ചിട്ടുണ്ട്.
ഇതു കൂടുതല്‍ സുരക്ഷിതവും വ്യാജമായി നിര്‍മിക്കാന്‍ കഴിയാത്തതുമാണ്. 5.94 ലക്ഷത്തിലേറെ അപേക്ഷകരാണ് ഇ- പാസ്‌പോര്‍ട്ട് കൈപ്പറ്റിയതെന്നും അദ്ദേഹം പറഞ്ഞു. എമിറേറ്റിലെ റോഡുകള്‍ നിരീക്ഷിക്കുന്നതിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നതിലും എയര്‍വിങ്ങിന്റെ പങ്ക് വലുതാണ്. പല നിയമലംഘനങ്ങളും പിടികൂടുന്നതും ആവശ്യമായ രക്ഷാപ്രവര്‍ത്തനങ്ങള്‍ അതിവേഗം സാധ്യമാക്കുന്നതും ആകാശ നിരീക്ഷണത്തിലൂടെയാണ്.
അപകടങ്ങളില്‍ പരുക്കേല്‍ക്കുന്നവരെ ദ്രുതഗതിയില്‍ ആശുപത്രിയിലേക്ക് എത്തിക്കുന്നതും വൈമാനിക വിഭാഗത്തിന്റെ സഹായത്തിലാണ്. ആവശ്യമായ മെഡിക്കല്‍ സംവിധാനങ്ങളുള്ള ഹെലികോപ്റ്ററിലാണു പരുക്കേറ്റവരെ കൊണ്ടുപോകുന്നത്. രാത്രികാലങ്ങളിലും രക്ഷാപ്രവര്‍ത്തനത്തിനു സാധിക്കുന്ന തരത്തിലുള്ള സംവിധാനം ആകാശ ആംബുലന്‍സുകളില്‍ ഉണ്ടെന്നും അല്‍റയ്‌സി പറഞ്ഞു.