അജ്മാനില്‍ പെയ്ഡ് പാര്‍ക്കിംഗ് മേഖല വര്‍ധിപ്പിച്ചു

Posted on: December 29, 2014 5:20 pm | Last updated: December 29, 2014 at 5:20 pm

അജ്മാന്‍: പെയ്ഡ് പാര്‍ക്കിംഗ് മേഖല നഗരത്തിന്റെ പുതിയ മേഖലകളിലേക്ക് വ്യാപിപ്പിച്ചതായി അധികൃതര്‍ വ്യക്തമാക്കി. ആംബുലന്‍സ്, പോലീസ്, പ്രത്യേക പരിചരണം ആവശ്യമുള്ളവര്‍ എന്നിവര്‍ക്ക് പാര്‍ക്കിംഗ് സൗജന്യമായിരിക്കും. കഴിഞ്ഞ ഞായറാഴ്ച മുതലാണ് പാര്‍ക്കിംഗ് മേഖല വ്യാപിപ്പിച്ചത്. ഇതോടെ നഗരത്തിന്റെ കൂടുതല്‍ ഭാഗങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നവര്‍ പാര്‍ക്കിംഗ് ഫീസ് നല്‍കേണ്ടി വരും. രാവിലെ മണിക്കൂറിന് രണ്ടു ദിര്‍ഹം വീതവും വൈകുന്നേരം ഒരു ദിര്‍ഹവുമാണ് നിരക്ക്. പുതിയ പാര്‍ക്കിംഗ് മേഖലക്കായി 45 ലക്ഷം ദിര്‍ഹമാണ് ചെലവഴിച്ചിരിക്കുന്നതെന്ന് അജ്മാന്‍ നഗരസഭ ഡയറക്ടര്‍ ജനറല്‍ യഹ്‌യ അല്‍ റെയ്‌സ വെളിപ്പെടുത്തി. നഗരസഭക്കും പോലീസിനും നഗരത്തിലെ പാര്‍ക്കിംഗ് സംവിധാനം കാര്യക്ഷമമായി നടത്താന്‍ പുതുതായി പെയ്ഡ് പാര്‍ക്കിംഗ് മേഖല സൃഷ്ടിച്ചത് ഏറെ പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തിരക്കുപിടിച്ച മേഖലയില്‍ തോന്നിയ രീതിയില്‍ വാഹനം നിര്‍ത്തിയിടുന്നതിനും ഇതിലൂടെ പരിഹാരമുണ്ടാക്കാന്‍ സാധിക്കും. സംഘടിതമായ പാര്‍ക്കിംഗിനായി സമൂഹത്തിലെ വിവിധ തുറകളില്‍ നിന്നു കാലങ്ങളായി ആവശ്യം ഉയരുന്നത് മാനിച്ചാണ് പെയ്ഡ് പാര്‍ക്കിംഗ് മേഖല വികസിപ്പിച്ചത്. പല മേഖലകളിലും സ്വകാര്യ പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍ അമിതമായ തുക പാര്‍ക്കിംഗ് ഫീസായി വാങ്ങുന്നതായും പരാതി ഉയര്‍ന്നിരുന്നു. അജ്മാന്‍ നഗരസഭയുടെയും ആസൂത്രണ വിഭാഗത്തിന്റെയും ചെയര്‍മാന്‍ ശൈഖ് റാശിദ് ബിന്‍ ഹുമൈദ് അല്‍ നുഐമിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പാര്‍ക്കിംഗ് മേഖല വികസിപ്പിച്ചത്. ഇത് മേഖലയില്‍ സുഗമമായ ഗതാഗതത്തിനും വഴിയൊരുക്കും. ശൈഖ് ഹുമൈദ് റോഡ്, ശൈഖ് റാശിദ് ബിന്‍ ഹുമൈദ് റോഡ്, മസ്ഫൂത്ത്, അല്‍ ഇത്തിഹാദ്, ഖലീഫ റോഡുകള്‍, അല്‍ കറാമ റോഡ് തുടങ്ങിയ മേഖലകൡ കൂടുതല്‍ പാര്‍ക്കിംഗ് മെഷിനുകള്‍ സ്ഥാപിക്കാനാണ് പരിപാടിയെന്നും അല്‍ റെയ്‌സ് പറഞ്ഞു.