ലഖ്‌വിയുടെ കരുതല്‍ തടങ്കല്‍ പാക് ഹൈക്കോടതി റദ്ദാക്കി

Posted on: December 29, 2014 4:18 pm | Last updated: December 30, 2014 at 10:04 am

LAQVI.ഇസ്‌ലാമാബാദ്: മുംബൈ ഭീകരാക്രമണ കേസിലെ പ്രതിയും ലശ്കറെ ത്വയ്യിബ കമാന്‍ഡറുമായ സകിയുര്‍റഹ്മാന്‍ ലഖ്‌വി ജയില്‍ മോചിതനാകുന്നു. ജാമ്യം ലഭിച്ചതിനു ശേഷവും തടവിലാക്കിയ നടപടി ഇസ്‌ലാമാബാദ് ഹൈക്കോടതി സ്റ്റേ ചെയ്തു. ലഖ്‌വിയെ ഉപാധികളോടെ മോചിപ്പിക്കാനാണ് കോടതി ഉത്തരവ്. പുറത്തിറങ്ങാന്‍ പത്ത് ലക്ഷം രൂപ ജാമ്യത്തുകയായി നല്‍കണം. ഇസ്‌ലാമാബാദിലെ തീവ്രവാദവിരുദ്ധ കോടതി ഡിസംബര്‍ പതിനെട്ടിന് ലഖ്‌വിക്ക് ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും പാക്കിസ്ഥാന്‍ സര്‍ക്കാര്‍ ലഖ്‌വിയുടെ തടങ്കല്‍ തുടരാന്‍ ഉത്തരവിടുകയായിരുന്നു. ഇത് ചോദ്യം ചെയ്ത സമര്‍പ്പിച്ച ഹരജി അനുവദിച്ചാണ് കോടതി ഉത്തരവ്. ആദിയാല ജയിലിലാണ് ലഖ്‌വി ഇപ്പോഴുള്ളത്.
ലഖ്‌വിക്കെതിരെ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എ ടി എസ് കോടതി നേരത്തെ ജാമ്യം അനുവദിച്ചത്. എന്നാല്‍, ഇന്ത്യയുടെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും എതിര്‍പ്പിനെ തുടര്‍ന്ന് ലഖ്‌വിയെ കരുതല്‍ തടങ്കലില്‍ വെക്കാന്‍ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ ഉത്തരവിടുകയായിരുന്നു. ഈ തീരുമാനമാണ് ഇപ്പോള്‍ ഹൈക്കോടതി റദ്ദാക്കിയത്.
ലഖ്‌വിയെ മോചിപ്പിക്കാനുള്ള തീരുമാനത്തില്‍ പാക്കിസ്ഥാനെ ഇന്ത്യ പ്രതിഷേധം അറിയിച്ചു. പാക്കിസ്ഥാന്‍ ഹൈക്കമ്മീഷണര്‍ അബ്ദുല്‍ ബാസിത്തിനെ വിളിച്ചുവരുത്തിയാണ് ഇന്ത്യ പ്രതിഷേധം അറിയിച്ചത്. മുംബൈ ഭീകരാക്രമണ കേസിലെ പ്രതികള്‍ക്കെതിരെ പാക്കിസ്ഥാന്‍ നടപടി തുടരുമെന്നു തന്നെയാണ് ഇന്ത്യയുടെ പ്രതീക്ഷയെന്ന് വിദേശകാര്യ സെക്രട്ടറി സുജാതാ സിംഗ് പാക്കിസ്ഥാനെ അറിയിച്ചു.
2008 നവംബര്‍ 26ന് നടന്ന മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രണം, തീവ്രവാദികള്‍ക്ക് സഹായം നല്‍കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ലഖ്‌വി ഉള്‍പ്പെടെ ഏഴ് പേരെ അറസ്റ്റ് ചെയ്തത്. മറ്റ് ആറ് പേരും ആദിയാല ജയിലില്‍ വിചാരണ നേരിടുകയാണ്.
മുംബൈ ഭീകരാക്രമണം നടത്തിയ പത്ത് പേര്‍ക്ക് പരിശീലനം നല്‍കി എന്നതാണ് ലഖ്‌വിക്കെതിരെ ചുമത്തിയ പ്രധാന കുറ്റം. 166 പേരാണ് മുബൈ ഭീകരാക്രമണത്തിനിടെ കൊല്ലപ്പെട്ടത്.