Connect with us

Malappuram

കരുത്ത് തെളിയിച്ച് സ്വഫ്‌വ റാലി

Published

|

Last Updated

മഞ്ചേരി: എസ് വൈ എസ് അറുപതാം വാര്‍ഷിക സ്വഗതസംഘം പ്രഖ്യാപന സമ്മേളനത്തിന് മുന്നോടിയായി നടന്ന ആയിരങ്ങള്‍ ആണിനിരന്ന സ്വഫ്‌വ റാലി സംഘശക്തിയുടെ കരുത്ത് തെളിയിച്ചു. സമ്മേളനത്തിന്റെ സന്നദ്ധ സംഘമായ സ്വഫ്‌വ അലകടലായി ഒഴുകിയെത്തിയപ്പോള്‍ ഏറനാടിന്റെ ആസ്ഥാന നഗരി അക്ഷരാര്‍ഥത്തില്‍ ആവേശത്തിലായി.

അസര്‍ നിസ്‌കാരത്തിന് മുമ്പായി തന്നെ സ്വഫ്‌വ അംഗങ്ങള്‍ കച്ചേരിപ്പടി ബസ് സ്റ്റാന്‍ഡ് പരിസരത്ത് എത്തിയിരുന്നു. ജില്ലാ സ്വഫ്‌വ ചീഫ് ഹസൈനാര്‍ സഖാഫി കുട്ടശ്ശേരിയുടെ നേതൃത്വത്തില്‍ ജില്ലയിലെ 20 സോണുകളില്‍ നിന്നുള്ള ചീഫുമാര്‍ നയിച്ച റാലി മലപ്പുറം റോഡിലൂടെ സെന്‍ട്രല്‍ ജംഗ്ഷന്‍ വഴി ചുള്ളക്കാട് സ്‌കൂള്‍ ഗ്രൗണ്ടില്‍ സംഗമിച്ചു. അഹ്‌ലുസ്സുന്നയുടെ ധീര പോരാളികളുടെ റാലി വീക്ഷിക്കാനും ആശിര്‍വദിക്കാനും സംസ്ഥാന സാരഥികളടക്കമുള്ള പ്രസ്ഥാന നേതാക്കള്‍ സെന്‍ട്രല്‍ ജംഗ്ഷനില്‍ എത്തിയിരുന്നു. സമ്മേളന നടപടികള്‍ ആരംഭിച്ചപ്പോഴും സ്വഫ്‌വ പ്രയാണം തുടരുകയായിരുന്നു.
വിവിധ ജില്ലകളില്‍ നിന്നെത്തിയ ഇ സി ഭാരവാഹികളും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പ്രവര്‍ത്തകരും അനുഭാവികളും ഉള്‍പ്പെടെ ആയിരങ്ങള്‍ റാലി കടന്നു പോയ റോഡിന്റെ ഇരുവശങ്ങളിലും തടിച്ചുകൂടിയിരുന്നു. സ്വഫ്‌വ റാലിയെയും പ്രഖ്യാപന സമ്മേളനത്തെയും വരവേല്‍ക്കാന്‍ വിപുലമായ സൗകര്യങ്ങളാണ് സംഘാടകസമിതി സംവിധാനിച്ചിരുന്നത്. റാലി ആരംഭിക്കുന്നിടത്തും സമ്മേളന നഗരിയിലും അംഗശുദ്ധി വരുത്താനും നിസ്‌കരിക്കാനും പ്രത്യേക സൗകര്യമേര്‍പ്പെടുത്തിയിരുന്നു.
അയ്യായിരത്തോളം സ്വഫ്‌വ അംഗങ്ങള്‍ പങ്കെടുത്ത റാലി നഗര ഹൃദയത്തിലൂടെ കടന്നു പോയപ്പോഴും റോഡിന്റെ ഒരു വശം വാഹനങ്ങള്‍ക്ക് പോകാന്‍ സൗകര്യപ്പെടുത്തിയത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയില്ല. നഗരത്തിലെത്തിയ മുഴുവന്‍ സ്വഫ്‌വ അംഗങ്ങള്‍ക്കും ഭക്ഷണ കിറ്റും കുടിവെള്ള ബോട്ടിലുകളും വിതരണം ചെയ്തു. മഞ്ചേരി സോണിലെ വിവിധ യൂനിറ്റുകളില്‍ നിന്നും പ്രവര്‍ത്തകരുടെ വീടുകളില്‍ നിന്നുമാണ് ഭക്ഷണ കിറ്റുകള്‍ക്കാവശ്യമായ വിഭവങ്ങള്‍ ശേഖരിച്ചത്. സമസ്തയുടെ നേതൃത്വത്തില്‍ സുന്നി സംഘകുടുംബത്തിന്റെ സംസ്ഥാന ജില്ലാ നേതാക്കള്‍ സംഗമിച്ച പ്രൗഢമായ വേദി കാണാനും പ്രഭാഷണങ്ങള്‍ ശ്രവിക്കാനും ആയിരങ്ങള്‍ എത്തിയിരുന്നു. ആദര്‍ശ വൈരികള്‍ക്ക് ശക്തമായ താക്കീത് നല്‍കിയും സാന്ത്വന പ്രവര്‍ത്തനങ്ങളുള്‍പ്പെടെയുള്ള പ്രസ്ഥാന പദ്ധതികള്‍ വിശദീകരിച്ചും നേതാക്കള്‍ നടത്തിയ പ്രഭാഷണങ്ങള്‍ തകബീര്‍ ധ്വനികളോടെയാണ് സദസ് സ്വീകരിച്ചത്. അഹ്‌ലുസ്സുന്നയുടെ മഹാ സംഗമം എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിന് 60 ദിനങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇനിയുള്ള മണിക്കൂറുകള്‍ വിശ്രമമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിജ്ഞയെടുത്താണ് സ്വഫ്‌വ അംഗങ്ങള്‍ പിരിഞ്ഞുപോയത്.

Latest