കുവൈത്തില്‍ ജയിലില്‍ അകപ്പെട്ടവരുടെ മോചനം: ആശ്വാസംകൊണ്ട് മൂന്ന് കുടുംബങ്ങള്‍

Posted on: December 29, 2014 11:17 am | Last updated: December 29, 2014 at 11:17 am

താമരശ്ശേരി: കുടുംബം പുലര്‍ത്താന്‍ കടല്‍കടന്ന് കാരാഗൃഹത്തിലകപ്പെട്ടവരുടെ മോചനത്തില്‍ ആഹ്ലാദം കൊള്ളുകയാണ് മൂന്ന് കുടുംബങ്ങള്‍. ഫിലിപ്പൈന്‍സ് യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് കുവൈത്തില്‍ ജയിലിലായവരുടെ മോചനമാണ് നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ആശ്വാസം നല്‍കുന്നത്. ഫര്‍വാനിയ പാക്കിസ്ഥാന്‍ സ്‌കൂളിന് സമീപത്തെ ഫഌറ്റില്‍ താമസിച്ചിരുന്ന ജമീല ഗോണ്‍സാലസിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് പുതുപ്പാടി മൈലള്ളാംപാറ ഐക്കരകുന്നേല്‍ അജിത് അഗസ്റ്റിന്‍, പുതുപ്പാടി ചെമ്മരംപറ്റ ടിജോ തോമസ്, എകരൂല്‍ വള്ളിയോത്ത് കുഞ്ഞിയാക്കല്‍ തുഫൈല്‍ എന്നിവരെ കുവൈത്ത് പോലീസ് അറസ്റ്റ് ചെയ്തത്. തീപ്പിടിത്തത്തെ തുടര്‍ന്നാണ് മരണമെന്നായിരുന്നു നിഗമനമെങ്കിലും ഫോറന്‍സിക് പരിശോധനയില്‍ തീപ്പിടിത്തത്തിന് മുമ്പ് മരണം സംഭവിച്ചതായി കണ്ടെത്തി. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഫഌറ്റിന് തീക്കൊടുക്കുകയായിരുന്നുവെന്നാണ് കേസ്. കഴിഞ്ഞ ഫെബ്രുവരി 11 നായിരുന്നു സംഭവം. പിറ്റേ ദിവസം അജിത്തിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുകയും മൊഴിയുടെ അടിസ്ഥാനത്തില്‍ മറ്റു രണ്ട് പേരെകൂടി അറസ്റ്റ് ചെയ്യുകയുമായിരുന്നു.
കുടുംബത്തിന്റെ അത്താണിയായിരുന്നവര്‍ ജയിലില്‍ അകപ്പെട്ടതോടെ ഇവര്‍ക്ക് കിടപ്പാടം വില്‍ക്കേണ്ടിവന്നു. വര്‍ഷങ്ങളായി കുവൈത്തിലുള്ള മാതാവ് ലീലാമ്മയാണ് അജിത്തിനെ കുവൈത്തിലെത്തിച്ചത്. പത്ത് വര്‍ഷത്തെ കുവൈത്ത് ജീവിതംകൊണ്ട് കുപ്പായക്കോട് 15 സെന്റ് ഭൂമി വാങ്ങി വീടുവെച്ചു. മാര്‍ച്ചില്‍ നാട്ടില്‍ വന്ന് വീടുകൂടാനിരിക്കെയാണ് അജിത്ത് ജയിലിലായത്. കേസ് നടത്താനായി വീടും സ്ഥലവും വില്‍പ്പന നടത്തിയതിനാല്‍ ഭാര്യ ജില്‍ഷയും മൂന്ന് മക്കളും മരഞ്ചാട്ടിയിലെ കുടുംബ വീട്ടിലാണ്. കുവൈത്തിലുള്ള ലീലാമ്മയുടെ പ്രയത്‌നമാണ് മോചനം എളുപ്പമാക്കിയത്. സമ്പാദ്യം മുഴുവന്‍ നഷ്ടമായെങ്കിലും അജിത്തിന്റെ ജീവന്‍ തിരിച്ചുകിട്ടിയതില്‍ സന്തോഷമുണ്ടെന്ന് ഭാര്യ ജില്‍ഷ പറഞ്ഞു.
ടിജോ തോമസിന്റെ കുടുംബവും കേസ് നടത്തിപ്പിനായി വീടും സ്ഥലവും വിറ്റു. ഇവരിപ്പോള്‍ കണ്ണോത്ത് വാടകക്കു താമസിക്കുകയാണ്. തുഫൈലിന്റെ കുടുംബം ബേങ്കില്‍ നിന്നും ലോണെടുത്തും ബന്ധുക്കളുടെ സ്വര്‍ണാഭരണങ്ങള്‍ വിറ്റുമാണ് കേസ് നടത്തിയത്. മൂവരും ജയില്‍ മോചിതരായെങ്കിലും നാട്ടിലെത്തുന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.