യാത്രക്കാര്‍ക്ക് അപകടഭീഷണി ഉയര്‍ത്തി പോലീസ് സ്‌റ്റേഷന്‍ ചുറ്റുമതില്‍

Posted on: December 29, 2014 10:46 am | Last updated: December 29, 2014 at 10:46 am

വടക്കഞ്ചേരി:കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും അപകടഭീഷണിയായി മാറിയിരിക്കുകയാണ് വടക്കഞ്ചേരി പോലീസ് സ്‌റ്റേഷന്റെ ചുറ്റുമതില്‍. കാലപഴക്കം ചെന്ന മുന്‍വശത്തെ മതില്‍ ഒരു ഭാഗത്ത് നിന്നായി ഇടിഞ്ഞ് തുടങ്ങി. മറ്റുഭാഗങ്ങളെല്ലാം റോഡിലേക്ക് ചെരിഞ്ഞാണ് നില്‍ക്കുന്നത്. മംഗലം -തങ്കം ജംഗ്ഷന്‍ സംസ്ഥാന പാതയിലാണ് പോലീസ് സ്‌റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. ദിനം പ്രതി ആയിരകണക്കിന് ആളുകളും വാഹനങ്ങളും ഇത് വഴി സഞ്ചരിക്കുന്നുണ്ട്. ഇതിന് പുറമെ നഗരത്തില്‍ നടപ്പിലാക്കിയ ട്രാഫിക് പരിഷ്‌ക്കരണത്തിന്റെ ഭാഗമായി പാലക്കാട് മേഖലയിലേക്കും ഗ്രാമീണമേഖലയിലേക്കുള്ള ലോക്കല്‍ ബസുകള്‍ക്കും സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നതും ഈ മതിലിന് മുന്‍വശത്താണ്. ദിനം പ്രതിം വിദ്യാര്‍ഥികളുള്‍പ്പെടെ നിരവധി പേരാണ് മതിലിന് മുമ്പായി ബസ് കാത്ത് നില്‍ക്കുന്നത്. കഴിഞ്ഞ ആഗസ്റ്റ് മുതല്‍ക്കാണ് മതില്‍ ഇടിഞ്ഞ് തുടങ്ങിയത്. സ്വതന്ത്രാദിനാഘോഷത്തിന്റെ ഭാഗമായി തോരണങ്ങള്‍ കെട്ടുന്നതിനിടെ മതില്‍ ഇടിഞ്ഞ് ഒരു സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ക്ക് പരുക്ക് പറ്റിയിരുന്നു. ബാക്കി ഭാഗങ്ങളും താമസിയാതെ ഇടിഞ്ഞ് വീഴും. ജനങ്ങള്‍ക്ക് ഭീഷണിയായി നില്‍ക്കുന്ന മതില്‍ പൊളിച്ച് നിര്‍മിക്കാന്‍ അധികൃതരും നടപടി സ്വീകരിക്കുന്നില്ല