തദ്ദേശ സ്ഥാപനങ്ങളില്‍ വികസന പ്രവര്‍ത്തനം അവതാളത്തില്‍

Posted on: December 29, 2014 12:37 am | Last updated: December 29, 2014 at 12:37 am

പാലക്കാട്: തദ്ദേശസ്വയഭരണസ്ഥാപനങ്ങളില്‍ ഒഴിഞ്ഞ് കിടക്കുന്ന തസ്തികകളില്‍ നിയമനം നടക്കാത്തത് മൂലം വികസന പ്രവര്‍ത്തനം അവതാളത്തില്‍. അഞ്ഞൂറില്‍പ്പരം തസ്തികളിലാണ് നിയമനം നടക്കാതെ കിടക്കുന്നത്. പഞ്ചായത്ത് സെക്രട്ടറി 95 അസി സെക്രട്ടറി 30, ജൂനിയര്‍ സൂപ്രന്‍ഡ് 35, ഹെഡ് ക്ലര്‍ക്ക് 102. യു ഡി ക്ലര്‍ക്ക് 75, എല്‍ ഡി ക്ലര്‍ക്ക് 185, ഓഫീസ് അസിസ്റ്റന്റ് ഇങ്ങനെയയാണ് ഒഴിവുകളുടെ എണ്ണം. ഒഴിഞ്ഞ് കിടക്കുന്ന തസ്തികയില്‍ നിയമനം നടക്കാത്തതിന്റെ പിന്നില്‍ സീനിയോറിറ്റി ലിസ്റ്റ് സംബന്ധിച്ച തര്‍ക്കമാണെന്നാണ് പറയുന്നത്. പഞ്ചായത്ത് വകുപ്പിന്റെ ഉദ്യോഗസ്ഥര്‍ക്ക് മുന്‍തൂക്കം നല്‍കി തയാറാക്കിയ ലിസ്റ്റ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ റദ്ദാക്കിയിരുന്നു.
ശരിയായ സീനിയോറിറ്റി ലിസ്റ്റ് പ്രകാരം സ്ഥാനക്കയറ്റം നല്‍കാത്ത വകുപ്പിന്റെ നിലപാടാണ് പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍. പഞ്ചായത്ത് വകുപ്പ് കോമണ്‍ സര്‍വീസ്, എക്‌സിക്യൂട്ടീവ് ഓഫീസര്‍മാര്‍ എന്നിങ്ങനെ മൂന്ന് വിഭാഗമാണ് പഞ്ചായത്ത് വകുപ്പിലെ ജീവനക്കാര്‍.
1990 ല്‍ വകുപ്പ് സംയോജനത്തിന് ശേഷം മുഴുവന്‍ ജീവനക്കാരെയും പരിഗണിച്ച് സീനിയോറിറ്റി ലിസ്റ്റ് തയാറാക്കി. സ്ഥാനയക്കയറ്റം സംബന്ധിച്ച സുപ്രീം കോടതി നിര്‍ദേശങ്ങള്‍ പാലിച്ചതായിരുന്നു ലിസ്റ്റ്. എന്നാല്‍ ഇതിനെതിരെ ഒരു ജീവനക്കാരന്‍ തന്നെക്കൂടി ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് കോടതിയില്‍ പോയി. നിബന്ധനകള്‍ക്ക് വിധേയമാണെങ്കില്‍ ഉള്‍പ്പെടുത്താമെന്ന വിധി സമ്പാദിച്ചു.
പക്ഷേ രാജന്റെ അപേക്ഷ പരിഗണിക്കേണ്ടതില്ലെണ് നിയമ സെക്രട്ടറി നിയമോപദേശം നല്‍കി. എന്നാല്‍, ഇത് മറികടന്ന് സീനിയോറിറ്റി ലിസ്റ്റ് അട്ടിമറിച്ച് വകുപ്പ് ജീവനക്കാര്‍ക്ക് അമിത പ്രാധാന്യം നല്‍കി ഈ വര്‍ഷം ആഗസ്റ്റില്‍ പുതിയ ലിസ്റ്റ് തയാറാക്കുകയാണ് വകുപ്പ് ചെയ്തത്. ഇതിനെതിരെ ജീവനക്കാര്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ പോയി.
ക്രമക്കേടുള്ള ലിസ്റ്റ് ട്രൈബ്യൂണല്‍ സ്റ്റേ ചെയ്തു. എന്നാല്‍ പഴയ ലിസ്റ്റ് നടപ്പാക്കുന്നതിന് തടസങ്ങളില്ല. എന്നാല്‍ ഇതിന്റെ പേരില്‍ മുഴുവന്‍ സ്ഥാനക്കയറ്റങ്ങളും തടഞ്ഞിരിക്കുകയാണ് പഞ്ചായത്ത് വകുപ്പ്, സര്‍വീസില്‍ കയറി 25 ഉം 30 ഉം വര്‍ഷമായവര്‍ പഞ്ചായത്ത് സെക്രട്ടറി തസ്തികയില്‍ നില്‍കമ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം സര്‍വീസില്‍ കയറി ജോയിന്റ് ഡയറക്ടറായി പ്രവര്‍ത്തിക്കുന്നവരും വകുപ്പിലുണ്ട്. സ്ഥാനക്കയറ്റം നടന്നാല്‍ മാത്രമേ ഒഴിവുള്ള 500ല്‍പ്പരം പോസ്റ്റിലേക്ക് നിയമനം സാധ്യമാകൂ.
തര്‍ക്കത്തെ തുടര്‍ന്ന് നിയമനം നീളുന്നതോടെ പഞ്ചായത്തില്‍ ദൈനദിന പ്രവര്‍ത്തനങ്ങള്‍ സുഗമായി നടത്തുന്നതിന് തടസ്സമാകുകയും അത് വികസനപ്രവര്‍ത്തനത്തെയും ബാധിക്കുകയുമാണെന്ന് ജീവനക്കാര്‍ തന്നെ പറയുന്നത്. നിയനം നീളുകയാണെങ്കില്‍ തദ്ദേശസ്വയംഭരണ തിരെഞ്ഞടുപ്പിനേയും ബാധിക്കുമെന്നും ഒരു വിഭാഗം ജീവനക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നു.