രണ്ടാം അന്താരാഷ്ട്ര ദഅ്‌വഃ കോണ്‍ഫറന്‍സ് അടുത്ത മാസം 21 മുതല്‍

Posted on: December 29, 2014 12:30 am | Last updated: December 29, 2014 at 6:01 pm

കോഴിക്കോട്: മദീനതുന്നൂര്‍ രണ്ടാം അന്താരാഷ്ട്ര ദഅ്‌വഃ സമ്മേളനം 2016 ജനുവരി 21, 22, 23 തീയതികളില്‍ പൂനൂര്‍ മര്‍കസ് ഗാര്‍ഡനില്‍ നടക്കും. ഇസ്‌ലാമിക പ്രബോധനത്തിന്റെ വര്‍ത്തമാന സങ്കേതങ്ങളും സംവിധാനങ്ങളും നൂതന ആഗോളശൈലികളിലെ സംവിധാനങ്ങളുടെ സാധ്യതകളും ചര്‍ച്ച ചെയ്യുന്ന സമ്മേളനം ഏഷ്യ, ആഫ്രിക്ക, അമേരിക്ക, യൂറോപ്പ് തുടങ്ങിയ ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള പ്രബോധന നേതൃത്വത്തിന്റെ സംഗമ വേദിയാകും. രാജ്യാന്തര പ്രബോധക സംഗമം, അക്കാദമിക് സെമിനാറുകള്‍, ഗവേഷണ ശില്‍പ്പശാലകള്‍, ചരിത്രസംവാദം, ദേശീയ അന്തര്‍ദേശീയ തല മത്സരങ്ങള്‍ തുടങ്ങിയവ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കും.
ഇസ്‌ലാമിക മൂല്യങ്ങളും, മുസ്‌ലിം സാംസ്‌കാരിക പ്രഭാവവും, അധ്യാത്മിക പാഠങ്ങളും ഉള്‍പ്പെടുത്തിയ പുസ്തകങ്ങളും പ്രബോധക മാര്‍ഗരേഖയും ദൃശ്യാവിഷ്‌കാരവും പുറത്തിറക്കും. സമ്മേളനത്തിന്റെ ലോഗോയുടെ പ്രകാശനം മര്‍കസ് സമ്മേളന നഗരിയില്‍ നടന്ന ചടങ്ങില്‍ വെച്ച് നടന്നു.