Connect with us

Business

വര്‍ഷാന്ത്യം രൂപയുടെ മൂല്യത്തില്‍ ഇടിവ്; ക്രൂഡ് ഓയില്‍ ബാരലിന് 54.75 ഡോളര്‍

Published

|

Last Updated

ഓഹരി നിക്ഷേപകരെ ആവേശം കൊള്ളിച്ച വര്‍ഷമാണ് കടന്നുപോകുന്നത്. സെന്‍സെക്‌സ് പുതിയ റെക്കോര്‍ഡായ 28,822 പോയിന്റ് വരെ കുതിച്ചും 2014 ല്‍ തന്നെ. വര്‍ഷാരംഭത്തിലെ 19,963 പോയിന്റില്‍ നിന്നുള്ള കുതിപ്പില്‍ വാരാവസാനം 27,851 ല്‍ എത്തി നില്‍ക്കുകയാണ്. 6,000 പോയിന്റിന്റെ അതിശക്തമായ റാലിയാണ് സെന്‍സെക്‌സില്‍ അനുഭവപ്പെട്ടത്. അഞ്ച് വര്‍ഷങ്ങളിലെ ഏറ്റവും വേഗതയേറിയ ബുള്‍ റാലിയാണിത്.
ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 30 ശതമാനം ഉയര്‍ന്നു. നിഫ്റ്റി സൂചിക ഫെബുവരിയിലെ താഴ്ന്ന നിലവാരമായ 5,993 ല്‍ നിന്ന് റെക്കോര്‍ഡായ 8,463 വരെ കുതിച്ചു. വാരാന്ത്യം സൂചിക 8,200 ലാണ്.
മുന്‍ നിരയിലെ 30 ഓഹരികളില്‍ എസ് ബി ഐ, ഐ സി എ സി ഐ ബേങ്ക്, ആക്‌സിസ് ബേങ്ക്, എച്ച് ഡി എഫ് സി, ഭെല്‍, സിപ്ല, സണ്‍ ഫാര്‍മ, ഡോ. റെഡീസ്, എല്‍ ആന്‍ഡ് റ്റി, എം ആന്‍ഡ് എം, ടാറ്റാ മോട്ടേഴ്‌സ്, ബജാജ് ഓട്ടോ, മാരുതി, ഹിന്‍ഡാല്‍ക്കോ തുടങ്ങിയവക്ക് പിന്നിടുന്ന വര്‍ഷം നേട്ടത്തിന്റെതായിരുന്നു.
നിക്ഷേപം തിരിച്ചു പിടിക്കാന്‍ വിദേശ ഫണ്ടുകള്‍ നടത്തിയ തിരക്കിട്ട നീക്കം രൂപയുടെ കരുത്തു ചോര്‍ത്തി. കഴിഞ്ഞ 12 ദിവസങ്ങളില്‍ വിദേശ ഫണ്ടുകള്‍ 8,595 കോടി രൂപയുടെ വില്‍പന നടത്തി. പിന്നിട്ടവാരത്തിലെ വില്‍പന 3,548 കോടി രൂപയാണ്.
ഫോറെക്‌സ് മാര്‍ക്കറ്റില്‍ ഡോളറിനു മുന്നില്‍ രൂപയുടെ മൂല്യം വര്‍ഷാന്ത്യം തളര്‍ന്നു. നാല് മാസം മുമ്പ് ഡോളറിനു മുന്നില്‍ 60 രൂപയില്‍ ഇന്ത്യന്‍ നാണയം പിടിച്ചു നിന്നെങ്കിലും ഡിസംബറില്‍ രൂപ 64 ലേക്ക് ഇടിഞ്ഞു.
വിദേശ മൂലധന പ്രവാഹവും വര്‍ഷത്തിന്റെ അവസാന പാദത്തില്‍ പണപ്പെരുപ്പം കുറഞ്ഞതും വിപണിക്ക് അനുകൂലമായി. ഒപ്പം സാമ്പത്തിക പരിഷ്‌കരണങ്ങളുമായി പുതിയ സര്‍ക്കാര്‍ വിപണിക്ക് ശക്തമായ പിന്തുണയും നല്‍കി. അടുത്ത സാമ്പത്തിക വര്‍ഷം ജി ഡി പി വളര്‍ച്ച ആറ് ശതമാനത്തില്‍ എത്തുമെന്നാണ് ധനമന്ത്രിയുടെ വിലയിരുത്തല്‍.
ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഇടിഞ്ഞത് ഓഹരി വിപണികളിലും വര്‍ഷാന്ത്യം ആശങ്ക പരത്തി. ക്രൂഡ് ഓയില്‍ ബാരലിന് 54.75 ഡോളറിലാണ്. ഡോളറിന്റെ മികവ് കണക്കിലെടുത്താല്‍ ഫണ്ടുകള്‍ ഇന്ത്യ അടക്കമുള്ള വിപണികളിലെ നിക്ഷേപം ചുരുക്കാന്‍ അടുത്ത വര്‍ഷം നീക്കം നടത്താം.
അതേ സമയം ക്രൂഡ് ഓയിലില്‍ വഴുതി റഷ്യന്‍ നാണയമായ റൂബിള്‍ നിലം പതിച്ചതും വര്‍ഷാന്ത്യത്തിലാണ്. റൂബിളിന്റെ മൂല്യത്തകര്‍ച്ചക്ക് റഷ്യന്‍ കേന്ദ്ര ബേങ്ക് പലിശ വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതമായി. അമേരിക്കന്‍ ഓഹരി വിപണികള്‍ റെക്കോര്‍ഡ് പ്രകടനത്തിന്റെ തിളക്കത്തിലാണ് വാരാന്ത്യം.

 

---- facebook comment plugin here -----

Latest